HOME
DETAILS
MAL
ഇതൊന്നും ചികിത്സാ പിഴവല്ല പോലും.. കാല്‍മുട്ടിലെ ശസ്ത്രക്രിയ ശോഭയുടെ ജീവനെടുത്തു
backup
October 09 2020 | 04:10 AM
ചികിത്സാ പിഴവ് മൂലം രോഗികള്‍ക്ക് സംഭവിക്കുന്ന അപകടങ്ങളെ ഒറ്റപ്പെട്ട സംഭവമാക്കി മാറ്റി കുറ്റക്കാരെ സംരക്ഷിക്കാനുള്ള വ്യഗ്രത എക്കാലത്തും ആരോഗ്യവകുപ്പ് കാട്ടാറുണ്ട്. ഇതിന്റെ ഒരു ഉദാഹരണം മാത്രമാണ് കോട്ടയം ജില്ലയിലെ വൈക്കം ടി.വി പുരം ചെമ്മനത്തുകര സ്വദേശിനി ശോഭ(55)യുടെ ജീവനെടുത്ത ശസ്ത്രക്രിയ.
കാല്‍മുട്ടിലെ ചികിത്സയ്‌ക്കെത്തി ആറടി മണ്ണിലേക്ക് മടങ്ങേണ്ടി വന്ന ഹതഭാഗ്യയാണ് ശോഭ. 2019 ഡിസംബറിലായിരുന്നു വൈക്കം താലൂക്ക് ആശുപത്രിയില്‍ കാല്‍മുട്ടിലെ മുഴയ്ക്ക് ചികിത്സി തേടി ഇവര്‍ എത്തിയത്. ഡോ. ലക്ഷ്മിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. തുടര്‍ന്ന് നല്‍കിയ കുത്തിവയ്‌പ്പോടെ ശോഭ അബോധാവസ്ഥയിലായി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും 2019 ഡിസംബര്‍ എട്ടിന് ശോഭ മരണത്തിന് കീഴടങ്ങി.
ചികിത്സാ പിഴവാണ് അമ്മയുടെ മരണത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി മകള്‍ പി.കെ നിഷ മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കി. പരാതിയില്‍ വിശദീകരണം തേടിയ കമ്മിഷനോട് ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് ഡയരക്ടറും വൈക്കം പൊലിസും അറിയിച്ചത്.
നിഷയുടെ പരാതിയില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യവകുപ്പ് ഡയരക്ടര്‍ക്ക് വീണ്ടും കമ്മിഷന്‍ ഉത്തരവ് നല്‍കി. എന്നാല്‍, മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ് തയാറായില്ല. പകരം ജില്ലാ മെഡിക്കല്‍ ഓഫിസറുടെ റിപ്പോര്‍ട്ടാണ് കമ്മിഷന് മുന്നില്‍ ഹാജരാക്കിയത്.
വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട മെഡിക്കല്‍ ബോര്‍ഡിനെ നിയോഗിക്കാനുള്ള മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിനോട് മുഖം തിരിച്ചുനില്‍പ്പാണ് ആരോഗ്യവകുപ്പ്.
ബൈജു യാത്രയായി, ദരിദ്രകുടുംബം പെരുവഴിയില്‍
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സാ പിഴവ് കൊയിലാണ്ടി ചേമഞ്ചേരി സ്വദേശി ബൈജുവിന്റെ ജീവനെടുത്തതോടെ ഭാര്യയും രണ്ട് പിഞ്ചുകുട്ടികളുമടങ്ങുന്ന ദരിദ്രകുടുംബമാണ് പെരുവഴിയിലായത്.
പിത്താശയക്കല്ല് നീക്കുന്ന ശസ്ത്രക്രിയക്കാണ് ബൈജുവിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഏപ്രില്‍ 13നാണ് ശസ്ത്രക്രിയ നടത്തിയത്. താക്കോല്‍ ദ്വാര സര്‍ജറിയിലൂടെയാണ് കല്ല് നീക്കം ചെയ്തത്. രണ്ട് ദിവസം കഴിഞ്ഞാല്‍ ആശുപത്രി വിടാമെന്നും അറിയിച്ചു. എന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ബൈജു ഗുരുതരാവസ്ഥയിലായി. ശസ്ത്രക്രിയയ്ക്ക് ശേഷം പിത്താശയത്തിലെ നീര് പുറത്തുപോകാന്‍ ട്യൂബ് ഇടണം. എന്നാല്‍ ഇത് ഇട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ച ബൈജുവിനെ രണ്ട് തവണ ഡയാലിസിസിന് വിധേയനാക്കിയിരുന്നു. കൂടുതല്‍ പരിശോധന നടത്താന്‍ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോകാനും ഡോക്ടര്‍മാര്‍ എഴുതി നല്‍കി. അതേസമയം, ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ ഭാഷ്യം. ചികിത്സാ പിഴവുണ്ടായതായി ബന്ധുക്കള്‍ നേരത്തേ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും ഒരു നടപടിയുമുണ്ടായില്ല.
ഡാനിഷെത്തിയത് മൂക്കിലെ ദശ നീക്കാന്‍;
ശസ്ത്രക്രിയ നടത്തിയത് വയറിന്
മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൂക്കിലെ ദശ നീക്കാന്‍ എത്തിയ ഏഴുവയസുകാരന് ശസ്ത്രക്രിയ നടത്തിയത് വയറിന്. കരുവാരകുണ്ട് കേരളാ എസ്‌റ്റേറ്റ് തയ്യില്‍ മജീദിന്റെ മകന്‍ മുഹമ്മദ് ഡാനിഷിനാണ് അവയവം മാറി ശസ്ത്രക്രിയ നടത്തിയത്.
കഴിഞ്ഞ മെയിലായിരുന്നു സംഭവം. മണ്ണാര്‍ക്കാട് അമ്പാഴക്കോട് ഉണ്ണികൃഷ്ണന്റെ മകന്‍ ധനുഷിന് ഹെര്‍ണിയക്ക് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ഡാനിഷിനെയും ധനുഷിനെയും ഒരേ സമയത്താണ് ഓപറേഷന്‍ തിയറ്ററില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് ഡാനിഷിനെ പുറത്തേക്കുകൊണ്ടുവന്നപ്പോഴാണ് വയറ്റില്‍ ശസ്ത്രക്രിയ ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടത്. സംഭവം വിവാദമായതോടെ ഡാനിഷിനെ വീണ്ടും തിയറ്ററില്‍ പ്രവേശിപ്പിച്ച് മൂക്കിലെ ദശ മാറ്റുന്ന മറ്റൊരു ശസ്ത്രക്രിയ കൂടി നടത്തി. രോഗികളുടെ കൈയിലെ ടാഗില്‍ എഴുതിയ പേര് തെറ്റായി വായിച്ചതാണ് ശസ്ത്രക്രിയ മാറാന്‍ കാരണമായതെത്രെ.
എന്നാല്‍, കുട്ടിയെ തിയറ്ററില്‍ പ്രവേശിപ്പിച്ചശേഷമാണ് ഹെര്‍ണിയ കണ്ടെത്തിയെതെന്നും അതോടെ ശസ്ത്രക്രിയ ചെയ്യുകയായിരുന്നുവെന്നുമാണ് ഡോക്ടറുടെ വാദം. എന്നാല്‍ രക്ഷിതാവിന്റെ സമ്മതമില്ലാതെ എങ്ങനെയാണ് ഓപ്പറേഷന്‍ നടത്തുക എന്ന ചോദ്യമാണുയരുന്നത്. പേരിലെ അക്ഷരങ്ങളിലെ സാമ്യത കാരണം ഒരു കൊച്ചു കുഞ്ഞിന് അനുഭവിക്കേണ്ടി വന്ന യാതനകള്‍ എന്ത് പേരിലാണ് ന്യായീകരിക്കുക. അതിനൊന്നും ഉത്തരമില്ല.
അഞ്ചു മാസമായി ഒ.പിയില്‍ ചികിത്സതേടിയിരുന്ന കുട്ടിക്കാണ് പെട്ടെന്ന് ഹെര്‍ണിയ കണ്ടെത്തിയെതെന്ന വിചിത്രവാദം തൊണ്ടതൊടാതെ വിഴുങ്ങണം പോലും.
മതത്തിന്റെ പേരിലും ചികിത്സാ നിഷേധം
മതത്തിന്റെ പേരില്‍ ചികിത്സ നിഷേധിച്ച സംഭവം അരങ്ങേറിയത് കൊച്ചിയിലെ കരുവേലിപ്പടി മഹാരാജാസ് സര്‍ക്കാര്‍ ആശുപത്രിയിലാണ്. കൊവിഡിന്റെ ആരംഭ ഘട്ടത്തില്‍ അരൂക്കുറ്റി വടുതല സ്വദേശിയായ നവാസിനും കുടുംബത്തിനുമാണ് മതത്തിന്റെ പേരില്‍ ചികിത്സ നിഷേധിക്കപ്പെട്ടത്. പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധം കൊടുമ്പിരിക്കൊള്ളുന്ന സമയമായിരുന്നു.
രാത്രി എട്ട് മണിക്ക് ഇടക്കൊച്ചിയില്‍ നവാസിന്റെ വാഹനം അപകടത്തില്‍പെട്ടു. മകന് പരുക്കേറ്റു.
നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. മകന്റെ പേര് പറഞ്ഞപ്പോഴായിരുന്നു ഡോക്ടറുടെ വിവാദ പരാമര്‍ശം. നിങ്ങള്‍ക്ക് ഇവിടെ ചികിത്സയില്ലെന്നും നിങ്ങളുടെ നാട്ടിലേക്ക് പോകൂവെന്നുമാണ് ഡോക്ടര്‍ ആജ്ഞാപിച്ചത്. ഞങ്ങളുടെ നാട് ഏതാണെന്ന് ചോദിച്ചപ്പോള്‍, പാകിസ്താനാണെന്നും എന്നായാലും അങ്ങോട്ട് പോകേണ്ടവരല്ലേയെന്നുമായിരുന്നു ജനങ്ങളെ സേവിക്കേണ്ട ഒരു സര്‍ക്കാര്‍ ഡോക്ടറുടെ അടുത്ത ചോദ്യം. ഡോക്ടര്‍ക്കെതിരേ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
എറണാകുളം സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലും ചികിത്സാ നിഷേധം പതിവാണ്. ഗര്‍ഭിണികളെ അവസാന നിമിഷം മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയാണ് രീതി. നന്നായി പരിചരിക്കുന്ന ഡോക്ടര്‍മാരെ വാഴാന്‍ മറ്റ് ഡോക്ടര്‍മാര്‍ അനുവദിക്കില്ലെന്നും പരാതിയുണ്ട്. ഇത് മൂലം സാധാരണക്കാരായ നിരവധി പേരാണ് സ്വകാര്യആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നത്.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."