പാതാളക്കുഴികള്‍ക്കുപുറമെ പൊടിപടലവും: ദുരിതയാത്രയായി ശേഖരിപുരം ബൈപാസ്
ഒലവക്കോട്: പാലക്കാട് -കോഴിക്കോട് ദേശിയപാതയെയും കോയമ്പത്തൂര്‍ - പാലക്കാട് ദേശീയപാതയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ശേഖരിപുരം കല്‍മണ്ഡപം ബൈപാസും ഒലവക്കോട് - ശേഖരിപുരം റോഡും പൂര്‍ണമായും തകര്‍ന്നതിനു പുറമെ പൊടി ശല്യവും രൂക്ഷമായതോടെ വാഹന - കാല്‍നട യാത്ര ദുരിതമായിരിക്കുകയാണ്.
മഴക്കുമുമ്പെ തന്നെ തകര്‍ന്ന റോഡ് പ്രളയകാലം കഴിഞ്ഞതോടെ പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. വെയില്‍ കനത്തതോടെ പൊടിശല്യം രൂക്ഷമായതാണ് ഇപ്പോള്‍ വാഹനയാത്ര ദുഷ്‌കരമാക്കിയിരിക്കുന്നത്. ശേഖരിപുരം ബൈപാസില്‍ കൊപ്പം ജംഗ്ഷന്‍ മുതല്‍ ശേഖരിപുരം വരെയുള്ള ഭാഗത്തെ റോഡ് നന്നാക്കുന്ന പ്രവൃത്തിയും നിലച്ചിരിക്കുകയാണ്. ഇതിനു വേണ്ടി റോഡിലും മെറ്റലും പാറപ്പൊടിയും കൂട്ടിയിരിക്കുന്നതിനാല്‍ ഇരുവശത്തേക്കുമുള്ള വാഹനങ്ങള്‍ ഒരു റോഡിലൂടെയാണ് പോവുന്നത്. ഇതുമൂലം വാഹനങ്ങള്‍ കടന്നുപോവാന്‍ പറ്റാത്തതിനാല്‍ ഗതാഗതക്കുരുക്കും പതിവായിരിക്കുകയാണ്.
ഒലവക്കോട് ജംഗ്ഷന്‍ മുതല്‍ ശേഖരിപുരം വരെ ചെറുതും വലുതുമായ കുഴികളാണെങ്കില്‍ ശേഖരിപുരം ബൈപാസ് പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. ശേഖരിപുരം കാവല മുതല്‍ നൂറടി ബൈപാസ് ജംഗ്ഷന്‍ വരെയുള്ള ഭാഗത്തെ പാതാളക്കുഴികള്‍ വാഹനങ്ങളുടെ ആക്‌സില്‍ മാത്രമല്ല യാത്രക്കാരന്റെ നട്ടെല്ലും ഓടിക്കാന്‍ പോന്നവയാണ്. ചരക്കുവാഹനങ്ങള്‍ക്കുപുറമെ കെഎസ്ആര്‍ടിസി യും സ്വകാര്യ വാഹനങ്ങളുമടക്കം നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോവുന്നതെന്നിരിക്കെ പാതയുടെ നവീകരണം ഇഴഞ്ഞു നീങ്ങുകയാണ്.
പകല്‍ സമയത്ത് കുഴികളില്‍ പെടാതെ വാഹനങ്ങള്‍ വെട്ടിച്ചുപോവുന്നുണ്ടെങ്കിലും രാത്രികാലങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് കുഴികള്‍ അപകടഭീഷണിയുയര്‍ത്തുകയാണ്. ഒലവക്കോട് മുതല്‍ കല്‍മണ്ഡപം വരെയുള്ള റോഡില്‍ മാത്രമാണ് സിഗ്നല്‍ സംവിധാനമുള്ളത്. കൊപ്പം ജംഗ്ഷന്‍ മുതല്‍ നൂറണി വരെയുള്ള ഭാഗത്തെ ഒറ്റവരി ഗതാഗതമാണ് നിലവില്‍ ശേഖരിപുരം ബൈപാസില്‍ ദുരിതം തീര്‍ത്തിരിക്കുന്നത്.
പൊടിശല്യം മൂലം വാഹനങ്ങളിലെ യാത്രക്കാര്‍ മാസ്‌ക് ധരിക്കേണ്ട ഗതികേടിലാണ്. മണലി ജംഗ്ഷന്‍ മുതല്‍ കൊപ്പം വരെയുള്ള ഭാഗം ഭാഗികമായും ശേഖരിപുരം വരെ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. മഴയുടെ ശക്തി കുറഞ്ഞതോടെ പാതയുടെ നവീകരണത്തിനായി മെറ്റലും മറ്റുമിറക്കി പണികളാരംഭിച്ചുവെങ്കിലും പ്രവൃത്തികള്‍ നിലച്ചതും പൊടിശല്യം രൂക്ഷമായതും വാഹനയാത്ര ദുരിതമാക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."