ദുരിതബാധിതര്‍ക്കുള്ള അടിയന്തര ധനസഹായ വിതരണം ഉടന്‍ പൂര്‍ത്തിയാക്കും: മന്ത്രി എ.കെ ബാലന്‍
പാലക്കാട്: മഴക്കെടുതിയെ തുടര്‍ന്ന് വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചവര്‍ക്കുള്ള അടിയന്തര ധനസഹായ വിതരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് പട്ടിക ജാതിവര്‍ഗ, പിന്നാക്ക ക്ഷേമ, നിയമ, സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. ജില്ലാ കലക്ടറുടെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലയില്‍ നടക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സമാഹരണത്തിന്റെ ഭാഗമായി വിളിച്ചു ചേര്‍ത്ത ജനപ്രതിനിധികളുടെ അവലോകന യോഗത്തില്‍ സംസാരിക്കുയായിരുന്നു മന്ത്രി. തഹസില്‍ദാര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കുന്നതിന്റെ അടിസ്ഥാനത്തില്‍ വില്ലേജുകളെ പ്രളയബാധിത വില്ലേജുകളായി പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശമെന്നും മന്ത്രി പറഞ്ഞു.
ജില്ലയില്‍ 165 ദുരിതാശ്വാസ ക്യാമ്പുകളിലായി 5241 കുടുംബങ്ങളിലെ 16,684 പേരാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ അപ്നാ ഘര്‍ അടക്കം രണ്ട് ക്യാമ്പുകളിലായി 24 കുടുംബങ്ങളിലെ 79 പേരാണുള്ളത്. നിലവില്‍ ഭക്ഷണത്തിന്റെ പ്രശ്‌നമില്ലെന്നും അറിഞ്ഞും കേട്ടും ജനങ്ങള്‍ സംഭാവന നല്‍കിയെന്നും മന്ത്രി പറഞ്ഞു. 500 കോടിയുടെ നഷ്ടമാണ് ജില്ലയില്‍ പ്രാഥമികമായി കണക്കാകുന്നത്. പുനരധിവാസവും പുനര്‍ നിര്‍മ്മാണവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന് ആവശ്യമായ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്ന് തട്ടിലായി കണ്ടെത്തുന്നതിനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.ആദ്യ തട്ടില്‍ കേരളത്തിനകത്ത് നിന്നും, കേരളത്തിന് പുറത്തുള്ള രാജ്യത്തിലെ മലയാളികളെ ഉപയോഗിച്ച് രണ്ടാമത്തെ തട്ടിലും പ്രവാസികളെ ഉപയോഗിച്ച് രാജ്യത്തിന് പുറത്ത് നിന്ന് പണം കണ്ടെത്താനാണ് ശ്രമമെന്ന് മൂന്നാമത്തെ തട്ടിലൂടെ ശ്രമിക്കുന്നതെന്ന് സര്‍ക്കാര്‍ തീരുമാനം വിശദീകരിച്ച് കൊണ്ട് മന്ത്രി പറഞ്ഞു.
പുനര്‍ നിര്‍മാണത്തിനായി അസംസ്‌കൃത വസ്തുകളുടെ ലഭ്യത ഉറപ്പ് വരുത്തണം. അതു പോലെ തന്നെ പ്രശ്‌ന ബാധിക മേഖലകളില്‍ പുനരധിവാസം നടത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും മന്ത്രി പറഞ്ഞു. പരിസ്ഥിതിയെ പരിഗണിച്ച് കൊണ്ട്, ദുരന്ത നിവാരണ ചടങ്ങള്‍ അനുസരിച്ച് മാത്രമേ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ കഴിയുവെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് വായ്പകള്‍ സംബന്ധിച്ച് പുനര്‍ക്രമീകരണത്തിന്റെ ആവശ്യമുണ്ടെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ശേഖരണത്തിനായി വിവിധ റെസിഡന്‍സ് അസോസിയേഷനുകളെ ഉപയോഗിക്കാമെന്ന് പാലക്കാട് എംപി എം.ബി. രാജേഷ് പറഞ്ഞു. ബിഇഎംഎല്‍ തൊഴിലാളികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാനായി ഒരു ഞായറാഴ്ച അധികമായി ജോലി ചെയ്യുകയാണ്. ഇതിലൂടെ ഒരു കോടി രൂപ സമാഹരിക്കും. ഈ മാതൃക മറ്റുള്ളവര്‍ക്കും പിന്തുടരാമെന്നും എംപി ചൂണ്ടികാണിച്ചു.എംഎല്‍എമാരായ വി.ടി. ബലറാം, ഷാഫി പറമ്പില്‍, വിജയദാസ്, കെ. ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി,ജില്ലാ കലക്ടര്‍ ഡി. ബാലമുരളി, എഡിഎം ടി.വിജയന്‍, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."