മധ്യവേനല്‍ അവധിക്കാലത്ത് ക്ലാസ് നടത്തിയാല്‍ കര്‍ശന നടപടി: കലക്ടര്‍
കോഴിക്കോട്: സി.ബി.എസ്.സി, ഐ.സി.എസ്.ഇ സിലബസ് പിന്തുടരുന്ന സ്‌കൂളുകള്‍ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ്, എല്‍.പി, യു.പി, ഹൈസ്‌കൂളുകളും മധ്യവേനല്‍ അവധിക്കാലത്ത് ഏതെങ്കിലും തരത്തിലുള്ള ക്ലാസുകള്‍ നടത്തരുതെന്ന് ജില്ലാ കലക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കി. ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം കാരണം ഏപ്രില്‍, മെയ് മാസങ്ങളില്‍ സംസ്ഥാനത്ത് കഠിനമായ ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ക്കും വകുപ്പിന്റെ നിര്‍ദേശങ്ങള്‍ക്കും വിരുദ്ധമായി ക്ലാസുകള്‍ നടത്തുന്ന സ്‌കൂള്‍ അധികാരികള്‍, പ്രധാനാധ്യാപകര്‍, അധ്യാപകര്‍ എന്നിവര്‍ക്കെതിരേ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കും. മധ്യവേനല്‍ അവധിക്കാലത്ത് ക്ലാസുകള്‍ നടത്തിയതിനാല്‍ ക്ലാസില്‍ വച്ചോ വഴിയാത്രക്കിടയിലോ കുട്ടികള്‍ക്ക് വേനല്‍ച്ചൂട് കാരണം സംഭവിക്കുന്ന അത്യാഹിതങ്ങള്‍ക്ക് സ്‌കൂള്‍ അധികാരികള്‍, പ്രധാനാധ്യാപകര്‍, അധ്യാപകര്‍ എന്നിവര്‍ വ്യക്തിപരമായി തന്നെ ഉത്തരവാദികളായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവിലെ നിര്‍ദേശം കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫിസര്‍മാര്‍ ഉറപ്പുവരുത്തണമെന്നും ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
സ്‌കൂളുകള്‍ മാര്‍ച്ച് മാസത്തിലെ അവസാന പ്രവൃത്തി ദിനത്തില്‍ അടച്ച് ജൂണ്‍ മാസത്തെ ആദ്യ പ്രവൃത്തി ദിനത്തില്‍ തുറക്കേണ്ടതാണ്. അതാത് അധ്യയന വര്‍ഷത്തേക്കുള്ള സ്‌കൂള്‍ കലണ്ടര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്നുണ്ട്. ഈ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി മധ്യവേനല്‍ അവധിക്കാലത്ത് സംസ്ഥാനത്തെ ചില സ്‌കൂളുകളില്‍ ക്ലാസുകള്‍ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അത് നിരോധിച്ച് മുന്‍വര്‍ഷങ്ങളില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് നിലനില്‍ക്കേ ഈ വര്‍ഷവും ചില സ്‌കൂളുകളില്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചയുടന്‍ ക്ലാസുകള്‍ നടത്താനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് കര്‍ശന നിര്‍ദേശം പുറപ്പെടുവിക്കുകയായിരുന്നു. ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷനും മധ്യവേനല്‍ അവധിക്കാലത്ത് സംസ്ഥാനത്തെ സ്‌കൂളുകളില്‍ ക്ലാസുകള്‍ നടക്കുന്നില്ലെന്ന് പ്രത്യേകം ഉറപ്പുവരുത്തണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."