ഇന്റര്‍സോണ്‍ കലോത്സവം; ആദ്യദിനം രചനാത്മകം
കോഴിക്കോട്: കത്തുന്ന വെയിലിനെ വകഞ്ഞുമാറ്റി മത്സരാര്‍ഥികളും കൂട്ടിനെത്തിയവരും കലാപ്രേമികളും കലോത്സവ മുറ്റത്ത് സംഗമിച്ചപ്പോള്‍ കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍സോണ്‍ കലോത്സവത്തിന്റെ ആദ്യദിനം കലയെ നെഞ്ചേറ്റുന്നവരുടെ വലിയ വിജയമായി. മത്സരയിനങ്ങളില്‍ മുഴുവന്‍ പങ്കാളിത്തവും ഉറപ്പുവരുത്താനായത് ഇന്റര്‍സോണ്‍ കലോത്സവ ചരിത്രത്തിലെ നാഴികക്കല്ലായി അറിയപ്പെടും.
'ചാരം മൂടിയ കനല്‍കട്ടകള്‍' വിഷയത്തില്‍ കഥാരചനയിലൂടെ തുടക്കം കുറിച്ച സ്റ്റേജിതര മത്സരങ്ങളില്‍ ആനുകാലിക വിഷയങ്ങളും സാമൂഹിക മാധ്യമം, ലഹരി, ജനാധിപത്യം, പരിസ്ഥിതി എന്നിവയും വിഷയങ്ങളായി. കാര്‍ട്ടൂണില്‍ ആദിവാസി ക്ഷേമം, പെന്‍സില്‍ ഡ്രോയിങ്ങില്‍ സര്‍ക്കാര്‍ ആശുപത്രിയുടെ നേര്‍ചിത്രം, പോസ്റ്റര്‍ നിര്‍മാണത്തില്‍ ജലം, സംസ്‌കൃതം കഥാരചനയില്‍ ഫേസ്ബുക്കിലെ ഒരു ദിവസം, ഉറുദു ഉപന്യാസത്തില്‍ വര്‍ത്തമാന ഇന്ത്യ, ഹിന്ദി ഉപന്യാസത്തില്‍ യുവാക്കളും ലഹരി ഉപയോഗവും, മലയാളം ഉപന്യാസത്തില്‍ കാലാവസ്ഥാ വ്യതിയാനം മനുഷ്യ സൃഷ്ടിയോ?, അറബിക് ഉപന്യാസത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി, തമിഴ് ഉപന്യാസത്തില്‍ കൈക്കൂലിയും വിഷയങ്ങളായി.
കൂടാതെ മലയാളം, തമിഴ്, അറബിക്, ഉറുദു, ഹിന്ദി, സംസ്‌കൃതം, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ കഥാരചനയും കവിതാ രചനയും നടന്നു. മത്സരങ്ങള്‍ വൈകിട്ട് ആറോടെ പൂര്‍ത്തീകരിച്ചു. ഇന്നലെ നടന്ന മത്സരത്തിലെ പത്തോളം ഇനങ്ങളില്‍ സര്‍വകലാശാല ഇ-സോണിലെ ലക്ഷദ്വീപ് വിദ്യാര്‍ഥികളും പങ്കെടുത്തു. ഇന്ന് ഏഴു ഭാഷകളിലുള്ള പ്രസംഗ മത്സരവും എംബ്രോയിഡറി, ക്വിസ്, പെയിന്റിങ്, രംഗോലി, പൂക്കളം, ക്ലേമോഡലിങ്, ഡിബേറ്റ് എന്നിവയും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."