HOME
DETAILS
MAL
വിദ്വേഷം പരത്തുന്ന ചാനലുകള്‍ക്ക് പരസ്യമില്ല: രാജീവ് ബജാജ്
backup
October 10 2020 | 04:10 AM
ലക്നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ 19കാരിയായ ദലിത് പെണ്‍കുട്ടി സവര്‍ണരുടെ ക്രൂര, കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം വഴിതിരിച്ചുവിടാന്‍ ശ്രമങ്ങള്‍ കടുപ്പിച്ച് യു.പി സര്‍ക്കാര്‍. ഹത്രാസ് വിഷയത്തില്‍ സംസ്ഥാനത്തു പ്രതിഷേധിക്കുന്നവര്ക്കെതിരേയെല്ലാം രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് പൊലിസ് കേസെടുക്കുന്നത്. കഴിഞ്ഞ ദിവസം മലയാളി മാധ്യമപ്രവര്ത്തകന് അടക്കമുള്ളവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനു പിന്നാലെ, ചില കോണ്‍ഗ്രസ് നേതാക്കളെയും അറസ്റ്റ് ചെയ്ത് രാജ്യദ്രോഹക്കുറ്റം ചുമത്തി.
കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവും രാഹുല്‍ ഗാന്ധിയുടെ അടുപ്പക്കാരനുമായ ശിയോരാജ് ജിവനെ അറസ്റ്റ് ചെയ്തിരുന്നത്. ഇദ്ദേഹം വാത്മീകി സമുദായാംഗമാണ്. കൊല്ലപ്പെട്ട പെണ്‍കുട്ടിയും വാത്മീകി സമുദായമാണ്. ഹത്രാസ് വിഷയത്തില്‍ പ്രതിഷേധത്തിനു ശിയോരാജ് ജിവന് നേതൃത്വം നല്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് അറസ്റ്റ്. ഇദ്ദേഹത്തിനുമേല്‍ ഇന്നലെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുമുണ്ട്. എന്നാല്‍, താന്‍ കലാപകാരിയല്ലെന്നും നാല്പതു വര്‍ഷമായി സാഹോദര്യത്തിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ശിയോരാജ് ജിവന് പറഞ്ഞു. ഇക്കാലംവരെ തനിക്കെതിരേ ഒരു കേസുപോലുമുണ്ടായിട്ടില്ലെന്നു പറഞ്ഞ അദ്ദേഹം, തന്നെ കലാപകാരിയാക്കി ചിത്രീകരിക്കുന്ന സര്‍ക്കാരിനെയും മാധ്യമങ്ങളെയും പരിഹസിക്കുകയും ചെയ്തു. ഇദ്ദേഹത്തോടൊപ്പം അറസ്റ്റ് ചെയ്ത മറ്റു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേയും രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്.
സംസ്ഥാനത്തു കലാപമുണ്ടാക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന് നേരത്തെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചിരുന്നു. ഇത്തരക്കാരെ പൗരത്വ സമരക്കാരെയും തബ്ലീഗ് പ്രവര്‍ത്തകരെയും നേരിട്ടപോലെ സര്‍ക്കാര്‍ നേരിടുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."