മൂന്നുതവണ മത്സരിച്ചവര്‍ക്ക് സീറ്റില്ല തീരുമാനം മാറ്റണമെന്ന ആവശ്യം ലീഗില്‍ ശക്തം
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ മുസ്‌ലിം ലീഗ് പുറത്തിറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഏറെ വാശിയും മുന്നണിബന്ധങ്ങളെപ്പോലും തകിടം മറിക്കുന്നതുമായ തെരഞ്ഞടുപ്പില്‍ നിബന്ധനകള്‍ വയ്ക്കുന്നത് പാര്‍ട്ടിക്കും മുന്നണിക്കും ദോഷം ചെയ്യുമെന്ന നിലപാടാണ് പല കോണുകളില്‍ നിന്നും ഉയരുന്നത്.
തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി പാര്‍ട്ടി ഘടകങ്ങള്‍ക്ക് നല്‍കിയ സര്‍ക്കുലറിലാണ് പൊതുവായും സ്ഥാനാര്‍ഥി നിര്‍ണയത്തിലും സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ വ്യക്തമാക്കിയത്. മൂന്നു തവണ മത്സരിച്ചവര്‍ ഇനി മാറിനില്‍ക്കണമെന്നതായിരുന്നു നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടത്.
പുതുമുഖങ്ങള്‍ക്കും യുവതി യുവാക്കള്‍ക്കും അവസരം നല്‍കണമെന്നതിന്റെ ഭാഗമായാണ് പ്രധാനമായും ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. യുവ ഘടകത്തില്‍ നിര്‍ദേശം ഏറെ സ്വാഗതം ചയ്യപ്പെട്ടിരുന്നു. നേരത്തെ അസംബ്ലി തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള സമയങ്ങളിലും യുവാക്കള്‍ക്ക് അവസരം നല്‍കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. അതു പൂര്‍ണമായി പ്രയോഗത്തില്‍ വരുത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത് നടപ്പിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ നിര്‍ദ്ദേശങ്ങള്‍വന്നത്.
വര്‍ഷങ്ങളായി പ്രാദേശിക തലത്തില്‍ പ്രവര്‍ത്തനിരതരവുകയും ജനകീയരാവുകയും ചെയ്ത പല നേതാക്കളും പുതിയ തീരുമാനം നടപ്പായാല്‍ അപ്രത്യക്ഷരാകേണ്ടിവരും. പ്രവര്‍ത്തന പരിചയവും ജനസ്വാധീനവുമുള്ള നേതാക്കള്‍ പിന്‍വാങ്ങുന്നതോടെ അതു വിജയസാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുകയും ചെയ്യും. താരതമ്യേന ചെറിയ മാര്‍ജിനിലാണ് തദ്ദേശ സ്ഥാപനങ്ങളിലെ ജയപരാജയങ്ങള്‍ തീരുമാനമാകാറുള്ളത്. അപ്പോള്‍ പ്രവൃത്തിപഥത്തിലുള്ളവരെ മാറ്റി നിര്‍ത്തിയാല്‍ അതു വിപരീതഫലം ഉണ്ടാക്കിയേക്കുമെന്ന ആശങ്കയുമുണ്ട്.
വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മാനസികമായി ഒരുങ്ങിയവര്‍ വിമതരായി നില്‍ക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കുന്നത് ഇത്തരത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ തന്നെ പുതുമുഖങ്ങളെ മത്സരിപ്പിക്കണമെന്ന നിര്‍ദേശത്തില്‍ ചില ഭേദഗതികള്‍ പറഞ്ഞിരുന്നു.
എന്നാല്‍ സംസ്ഥാന കമ്മിറ്റി ഫലത്തില്‍ ഇക്കാര്യം കാണാതെ പോവുകയാണുണ്ടായത്. ചില തദ്ദേശ സ്ഥാപനങ്ങള്‍ ലീഗിന്റെയോ യു.ഡി.എഫിന്റെയോ കൈകളില്‍ ഇപ്പോഴും ഭദ്രമായി നില്‍ക്കുന്നതു തന്നെ ചിലരുടെ വ്യക്തിപ്രഭാവവും ഇടപടലുകളും കാരണമാണ്. പുതിയ നിയമം നടപ്പാക്കിയാല്‍ ഇവിടങ്ങളിലെ അവസ്ഥ മാറാന്‍ സാധ്യതയുണ്ട്.
കേരളത്തില്‍, പ്രത്യേകിച്ച് മലബാറില്‍ ഒട്ടുമിക്ക തദ്ദേശ വാര്‍ഡുകളിലും ശക്തമായ സാന്നിധ്യമുള്ള പാര്‍ട്ടിയാണ് ലീഗ്. ലീഗിന് ക്ഷീണമുണ്ടാവുന്നത് മൊത്തത്തില്‍ യു.ഡി.എഫ് മുന്നണിക്കും പ്രയാസമാവുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നത്. മുതിര്‍ന്ന പല നേതാക്കളും അണികളും ഇക്കാര്യത്തിലെ അപ്രായോഗികത സംസ്ഥാന കമ്മിറ്റിയെ അറിയിച്ചതായാണ് അറിവ്. ഏതായാലും തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നു തവണ നിന്നവര്‍ വീണ്ടും മത്സരിക്കേണ്ടെന്ന തീരുമാനം എല്ലായിടത്തും ഒരുപോലെ നടപ്പാക്കാന്‍ സംസ്ഥാന കമ്മിറ്റിയുടെ സമ്മര്‍ദം ഉണ്ടാകാനിടയില്ലെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."