റവന്യൂ വകുപ്പിലെ ഒരുവിഭാഗം ജീവനക്കാര്‍ അഴിമതിക്കാര്‍: മന്ത്രി
തിരുവനന്തപുരം: റവന്യൂ വകുപ്പിലെ ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ അഴിമതിക്കാരാണെന്ന് കണ്ടെത്തിയതായി മന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയില്‍ പറഞ്ഞു. 54 പേരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. 130 പേര്‍ക്കെതിരേ വകുപ്പുതല നടപടി സ്വീകരിച്ചു.
അഴിമതിക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കും. പ്രത്യേക സ്‌ക്വാഡുകള്‍ താലൂക്ക്, വില്ലേജ് ഓഫിസുകള്‍ അടക്കമുള്ളയിടങ്ങളില്‍ പരിശോധന നടത്തിവരികയാണ്. വില്ലേജ്, താലൂക്ക് ഓഫിസുകള്‍ ജനസൗഹൃദമാക്കാന്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഓഫിസുകളില്‍ സി.സി.ടി.വി സ്ഥാപിക്കുന്നത് പരിശോധിക്കും.
വില്ലേജ് ഓഫിസുകളില്‍നിന്ന് നല്‍കിവരുന്ന 24 ഇന സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി ദീര്‍ഘിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നു. രാജമാണിക്യം കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഇത് നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് 156 പരാതികള്‍ ലഭിച്ചതായി മന്ത്രി തോമസ് ഐസക് വ്യക്തമാക്കി. 91 ഓഫിസുകളില്‍ ധനകാര്യ പരിശോധനാ വിഭാഗം അന്വേഷണം നടത്തി. തക്കല പത്മനാഭപുരം കൊട്ടാരം, കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിട്ടി, കൊല്ലം, തിരുവനന്തപുരം കോര്‍പറേഷനുകള്‍, കേരള ആരോഗ്യ സര്‍വകലാശാല, കായിക യുവജനകാര്യ ഡയറക്ടറേറ്റ്, തിരുവനന്തപുരം പരീക്ഷാ ഭവന്‍, കേരഫെഡ്, തുറമുഖ വകുപ്പ് ഡയറക്ടറേറ്റ്, പി.എന്‍ പണിക്കര്‍ വിജ്ഞാന്‍ വികാസ് കേന്ദ്രം, പുരാവസ്തു വകുപ്പ് ഡയറക്ടറേറ്റ്, ഹോര്‍ട്ടികോര്‍പ്പ്, കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."