ഒഴിപ്പിക്കല്‍ തുടരുന്നു, സംഘര്‍ഷവും
കാഞ്ഞങ്ങാട്: നഗരത്തിലെ അനധികൃത തെരുവ് കച്ചവടങ്ങള്‍ നീക്കം ചെയ്യാനെത്തിയ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെയും നഗരസഭാ ചെയര്മാന് വി.വി രമേശനേയും അസഭ്യം പറയുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത കേസില്‍ പൊലിസ് അറസ്റ്റ് ചെയ്ത അഞ്ച് പേരെ ഹൊസ്ദുര്‍ഗ് കോടതി റിമാന്‍ഡ് ചെയ്തു. മാണിക്കോത്ത് സ്വദേശി ചോട്ടാ അഷറഫ്, ചിത്താരിയിലെ റിയാസ്, ഹദ്ദാദ് നഗറിലെ റിയാസ്, ചിത്താരിയിലെ ഹാരിസ്, ഐങ്ങോത്തെ ടി.ടി പ്രമോദ് എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് കോടതി (ഒന്ന്) റിമാന്‍ഡ് ചെയ്തത്.
കോട്ടച്ചേരി നയാ ബസാറിലേക്ക് കടക്കുന്ന ഭാഗത്തു പഴ വര്‍ഗങ്ങളും പച്ചക്കറികളും അനധികൃതമായി വില്പന നടത്തിക്കൊണ്ടിരുന്നവരെ നീക്കം ചെയ്യാനെത്തിയ നഗരസഭാ ചെയര്മാന് വി.വി രമേശന്, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ ടി. സജിത്ത് കുമാര്‍, വി.വി ബീന, പി.വി സീമ എന്നിവരെ തടയുകയും, അസഭ്യം പറയുകയും ചെയ്തു എന്ന നഗരസഭാ സെക്രട്ടറിയുടെ പരാതിയിലാണ് ഇവരുടെ പേരില്‍ ഹൊസ്ദുര്‍ഗ് പൊലിസ് കേസെടുത്തിരുന്നത്.
ഇന്റര്‍ലോക്ക് ചെയ്ത റോഡരികില്‍ ഇരുന്ന് അനധികൃതമായി കച്ചവടം ചെയ്യാന്‍ പാടില്ലെന്ന് നഗരസഭ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഇത് ലംഘിച്ചു കച്ചവടം നടത്തിയവരുടെ വില്പന സാധനങ്ങള്‍ എടുത്തു മാറ്റാന്‍ എത്തിയ ഉദ്യോഗസ്ഥരെയും വാഹനത്തെയുമാണ് ഇവര്‍ തടഞ്ഞത്.
ശേഷം ഇന്നലെ രാത്രിയില്‍ സ്ഥിരമായി കച്ചവടം നടത്തുന്ന ഗുജറാത്തി വിഭവങ്ങള്‍ വില്‍ക്കുന്ന നാല് തട്ടുകടകള്‍ മുന്‍പ് കുടിയൊഴിപ്പിക്കപ്പെട്ട ചില വഴിയോര കച്ചവടക്കാര്‍ സംഘമായി എത്തി തടഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. നാട്ടുകാരുടെ കച്ചവടം തടയുകയും, മറുനാട്ടുകാരുടെ കച്ചവടം അനുവദിക്കുകയും ചെയ്യുന്നു എന്നാരോപിച്ചായിരുന്നു ഇത്. സംഘര്‍ഷം കനത്തതോടെ പൊലിസ് സ്ഥലത്തെത്തി. പിന്നീട് ഈ കടകള്‍ മാറ്റിയതോടെയാണ് സംഘര്‍ഷത്തിന്ന് അയവുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."