അക്രമം വ്യാപിക്കുന്നത് പൊലിസ് നടപടി ശക്തമല്ലാത്തതിനാല്‍: കോടിയേരി
തലശ്ശേരി: പൊലിസ് നടപടി ശക്തമല്ലാത്തതിനാലാണ് അക്രമസംഭവങ്ങള്‍ വ്യാപിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കഴിഞ്ഞദിവസങ്ങളില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷമുണ്ടായ കോടിയേരി നങ്ങാറത്തുപീടിക, ഇല്ലത്തുതാഴെ പ്രദേശങ്ങളില്‍ അക്രമത്തിനിരയായ വീടുകള്‍ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്രമിസംഘത്തിന്റെ തേര്‍വാഴ്ചയാണ് ഈ മേഖലകളില്‍ കണ്ടത്. സി.പി.എം പ്രവര്‍ത്തകരുടെ അഞ്ചു വീടുകളും എട്ടു വാഹനങ്ങളും തകര്‍ത്തു. ഓരോ വീട്ടുകാര്‍ക്കും ലക്ഷങ്ങളുടെ നാശനഷ്ടമാണുണ്ടായത്. ആക്രമണങ്ങള്‍ക്കെതിരേ ജനങ്ങളുടെ മുന്നേറ്റമുണ്ടാകണം. ഭയത്തോടെ ആളുകള്‍ വീട്ടിനകത്ത് കിടന്നുറങ്ങേണ്ട അവസ്ഥയുണ്ടാകരുത്. എന്ത് പ്രശ്‌നമുണ്ടായാലും വീടുകള്‍ക്കും തൊഴില്‍ സ്ഥാപനങ്ങള്‍ക്കും നേരെ അക്രമം നടത്തരുതെന്ന് സര്‍വകക്ഷി യോഗം തീരുമാനിച്ചതാണ്. ഈ തീരുമാനം ലംഘിച്ചുള്ള പ്രവര്‍ത്തനം ഗൗരവമായി കാണണം.
താന്‍ പ്രസംഗിച്ച വേദിക്കുസമീപം ബോംബെറിഞ്ഞ കേസിലെ പ്രതികളെ പിടികൂടാത്ത പൊലിസ് നടപടിയെയും കോടിയേരി വിമര്‍ശിച്ചു. ഈ കേസിലെ പ്രതികള്‍ക്കെതിരേ നടപടിയെടുക്കാത്തത് അക്രമിസംഘത്തിന് ധൈര്യം പകരുന്നതാണ്. ഓരോ കേസും പ്രത്യേകമായി പരിശോധിച്ച് നിയമത്തിനുമുന്നില്‍ കൊണ്ടുവരികയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടിയുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."