അഴിമതിയാരോപണം: കെജ്‌രിവാളിന് എതിരേ അന്വേഷണം തുടങ്ങി
ന്യൂഡല്‍ഹി: എ.എ.പി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ രണ്ടുകോടി രൂപ ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയിനില്‍ നിന്നും കൈപ്പറ്റിയെന്ന ആരോപണം സംബന്ധിച്ച് അന്വേഷണം തുടങ്ങി. ഡല്‍ഹി പൊലിസിനു കീഴിലെ അഴിമതി വിരുദ്ധ വിഭാഗം (എ.സി.ബി) ആണ് അന്വേഷണം നടത്തുന്നത്. സത്യേന്ദ്ര ജെയ്‌നില്‍ നിന്ന് കെജ്‌രിവാള്‍ പണം വാങ്ങുന്നത് താന്‍ കണ്ടെന്ന പുറത്താക്കപ്പെട്ട മുന്‍ ഡല്‍ഹി മന്ത്രി കപില്‍ മിശ്രയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് എ.സി.ബി അന്വേഷണം തുടങ്ങിയത്. കപില്‍ മിശ്രയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും. ശേഷം അന്വേഷണസമിതിയെ പ്രഖ്യാപിക്കുമെന്ന് എ.സി.ബി മേധാവി എം.കെ മീണ പറഞ്ഞു. അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കപില്‍ മിശ്ര ഇന്നലെ രാവിലെ ഡല്‍ഹിയിലെ എ.സി.ബി ആസ്ഥാനത്തെത്തിയിരുന്നു. തന്റെ ആരോപണം സംബന്ധിച്ച 'തെളിവു'കളും കപില്‍ എ.സി.ബിക്കു കൈമാറി. അഴിമതിയെ കുറിച്ചു അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഇന്ന് സി.ബി.ഐയെ സമീപിച്ച് പരാതി നല്‍കുമെന്ന് കപില്‍ മിശ്ര പറഞ്ഞു. അതിനിടെ, ആരോപണത്തെ കുറിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഞായറാഴ്ചയാണ് കെജരിവാളിനെതിരേ ജലവിഭവമന്ത്രിയായിരുന്ന കപില്‍ മിശ്ര അഴിമതിയാരോപണങ്ങളുന്നയിച്ചത്. ജലവിതരണത്തില്‍ ക്രമക്കേട് ഉണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് കപിലിനെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കിയതിനു പിന്നാലെയാണ് അദ്ദേഹം ആരോപണവുമായി രംഗത്തുവന്നത്. ഇതിനു പിന്നാലെ ഞായറാഴ്ചത്തെ ആരോപണങ്ങള്‍ അദ്ദേഹം ഇന്നലെ ആവര്‍ത്തിക്കുകയും ചെയ്തു. കെജ്‌രിവാളിന്റെ സഹോദരീ ഭര്‍ത്താവിന് ഡല്‍ഹിയിലെ ചത്തര്‍പൂരില്‍ 50 കോടി രൂപ വിലമതിക്കുന്ന ഏഴ് ഏക്കര്‍ സ്ഥലം ശരിയാക്കിക്കൊടുത്തതായി എ.എ.പി മന്ത്രി സത്യേന്ദ്ര ജെയ്ന്‍ പറഞ്ഞതായും കപില്‍ ആരോപിച്ചു. 400 കോടിയുടെ ജലസംഭരണ ഇടപാട് സംബന്ധിച്ച ക്രമക്കേട് അന്വേഷണം കെജരിവാള്‍ വൈകിപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു.
പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് കപില്‍ മിശ്രയെ പുറത്താക്കിയതായി എ.എ.പി അറിയിച്ചു. ബി.ജെ.പി- ആര്‍.എസ്.എസ് ഏജന്റാണ് കപില്‍ മിശ്രയെന്നും സംഘ്പരിവാറിനു വേണ്ടിയാണ് അദ്ദേഹം എ.എ.പി നേതാക്കള്‍ക്കെതിരേ ആരോപണം ഉന്നയിക്കുന്നതെന്നും പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ താന്‍ ബി.ജെ.പി- ആര്‍.എസ്.എസ് ഏജന്റാണെന്ന എ.എ.പി നേതാക്കളുടെ ആരോപണവും അദ്ദേഹം നിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."