പൊന്നാനിയില്‍ പൊന്നായി ഇ.ടി; റെക്കോര്‍ഡ് ഭൂരിപക്ഷം
പൊന്നാനി ലോക്‌സഭാ മണ്ഡലം വീണ്ടും യു.ഡി.എഫിന്റെ പൊന്നാപുരം കോട്ടയായി. ഇ.ടി മുഹമ്മദ് ബഷീര്‍ ചരിത്ര ഭൂരിപക്ഷത്തിനാണ് മണ്ഡലത്തില്‍നിന്ന് വിജയിച്ചത്. പോസ്റ്റല്‍ വോട്ടടക്കം ആദ്യഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ ഇ.ടി മുന്നിട്ടു നില്‍ക്കുകയായിരുന്നു. പൊന്നാനിയില്‍ ലീഗ് വിയര്‍ക്കുമെന്ന പ്രവചനങ്ങളെല്ലാം തള്ളിയാണ് ഇ.ടിയുടെ വന്‍ മുന്നേറ്റവും വിജയവും. വോട്ടര്‍മാരുടെ മനസ് കീഴടക്കാന്‍ വിവാദങ്ങളുടെ തോഴനായ എല്‍.എഡി.എഫ് സ്ഥാനാര്‍ഥി പി.വി അന്‍വറിനായില്ലെന്നാണ് ഇ.ടിയുടെ മികച്ച വിജയം സൂചിപ്പിക്കുന്നത്. വാശിയേറിയ പോരാട്ടം പ്രചാരണത്തില്‍ മാത്രമായിരുന്നവെന്ന് വോട്ടെണ്ണലില്‍ തെളിയുകയും ചെയ്തു.
എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി അന്‍വറിന് വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും മുന്നിലെത്താനായില്ല. 2014ല്‍ 25,410 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലായിരുന്നു ഇ.ടിയുടെ വിജയം. ഇത്തവണ അതു ഒന്നര ലക്ഷം കടന്നപ്പോള്‍ യു.ഡി.എഫ് കേന്ദ്രങ്ങള്‍ പോലും ഞെട്ടിയിരിക്കുകയാണ്. പി.വി അന്‍വര്‍ എം.എല്‍.എ സ്ഥാനാര്‍ഥിയായി വന്നതോടെ വിവാദങ്ങള്‍ക്കും ഇടംകിട്ടിയ മണ്ഡലത്തില്‍ ഇരു മുന്നണികളും പ്രചാരണം ശക്തമാക്കിയിരുന്നു. നിലപാട് കൃത്യമായി പറയാനില്ലാത്ത പി.വി അന്‍വറിനെ പരിചയസമ്പത്തിന്റെ കരുത്തിലാണ് ഇ.ടി തോല്‍പ്പിച്ചത്. തുടക്കത്തില്‍ യു.ഡി.എഫ് ക്യാംപില്‍ ആശങ്കകള്‍ ഉണ്ടായിരുന്നുവെങ്കിലും പ്രചാരണത്തില്‍ നേടിയ മേല്‍ക്കൈ ഫലത്തിലും പ്രതിഫലിച്ചു.
ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് അംഗമായ ഇ.ടി മുഹമ്മദ് ബഷീര്‍ ലീഗ് ജനറല്‍ സെക്രട്ടറി, കേരളത്തിലെ മുന്‍ വിദ്യാഭ്യാസ മന്ത്രി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1985 (ഉപതെരഞ്ഞെടുപ്പ് ), 1991, 1996 , 2001 എന്നീ വര്‍ഷങ്ങളില്‍ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2009ല്‍ മണ്ഡലത്തില്‍നിന്ന് 82,684 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചിരുന്നു. തിരൂരിലെ എം.എല്‍.എയായും രണ്ട് തവണ വിദ്യാഭ്യാസ മന്ത്രിയായും തിളങ്ങി. മലപ്പുറം ജില്ലയിലെ വാഴക്കാട് മപ്രം എരഞ്ഞിക്കല്‍ തലാപ്പില്‍ മൂസക്കുട്ടിഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ റുക്കിയാ ബഷീര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."