എറണാകുളം വിട്ടുകൊടുക്കാതെ ഹൈബി ഈഡന്‍
എറണാകുളം വിട്ടുകൊടുക്കാതെ യു.ഡി.എഫ്. കോണ്‍ഗ്രസിന്റെ യുവനേതാക്കളിലൊരാളായ, എറണാകുളം നിയോജക മണ്ഡലം എം.എല്‍.എ കൂടിയായ ഹൈബി ഈഡനായിരുന്നു മണ്ഡലം നിലനിര്‍ത്താനുള്ള നിയോഗം കൈവന്നത്. എന്നാല്‍ തന്റെ ജോലി കൃത്യമായി നിര്‍വഹിച്ച് ഹൈബി മണ്ഡലത്തില്‍ നിറഞ്ഞുനില്‍ക്കുന്ന കാഴ്ചയായിരുന്നു പ്രചാരണസമയത്തുപോലും കാണാന്‍ കഴിഞ്ഞത്. നേരത്തെ എറണാകുളത്ത് പോളിങ് ശതമാനം ഉയര്‍ന്നത് ഇരുമുന്നണികളെയും സംശയത്തിലാക്കിയിരുന്നു.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 73.58 ശതമാനം ആയിരുന്നു പോളിങ് നില. അന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.വി തോമസ് 87,000 വോട്ടിനായിരുന്നു വിജയിച്ചത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏഴു നിയമസഭാ മണ്ഡങ്ങളിലേയും മൊത്തം ശരാശരി 77.15 ശതമാനം ആയിരുന്നു. ഇപ്രാവശ്യം മണ്ഡലത്തിലെ പോളിങ് ശതമാനം 76ലേക്കാണു ഉയര്‍ന്നത്. എന്തുതന്നെയായാലും പോളിങ് നിലയിലെ വര്‍ധനവ് കോണ്‍ഗ്രസിനു അനുകൂലമായ സാഹചര്യത്തില്‍ ഹൈബിക്കെതിരായ ആരോപണങ്ങള്‍ക്കുള്ള മറുപടി കൂടിയാവുകയാണിത്.
നിയമസഭാ മണ്ഡലങ്ങളില്‍ യു.ഡി.എഫ് തേരോട്ടം
എറണാകുളം ലോക്‌സഭ ഉള്‍്‌ക്കൊള്ളുന്ന കളമശ്ശേരി, പറവൂര്‍, വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര എന്നീ ഏഴു നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് അതിശക്തമായ ലീഡാണ് ഉയര്‍ത്തിയത്. ഏററവും കൂടുതല്‍ രേഖപ്പെടുത്തിയ തൃക്കാക്കരയില്‍ 31885 വോട്ടിന്റെ ഭൂരിപക്ഷമാണുള്ളത്. കുറവു രേഖപ്പെടുത്തിയത് പറവൂരിലാണ്. അതേസമയം ഒന്നര ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇത്തവണ ഹൈബി മണ്ഡലം യു.ഡി.എഫിനു സുരക്ഷിതമാക്കി കൊടുത്തത്. ഒരുഘട്ടത്തില്‍ പോലും ശക്തനായ എതിര്‍സ്ഥാനാര്‍ഥിയായ പി. രാജീവിന് ലീഡിനു വഴിയൊരുക്കാതെ ആയിരുന്നു വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ ഹൈബിയുടെ മുന്നേറ്റം. 1999ല്‍ അച്ഛന്‍ ജോര്‍ജ് ഈഡന്‍ നേടിക്കൊടുത്ത 1,11,305 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇതുവരെ മണ്ഡലത്തിന്റെ ഏറ്റവും വലിയ ഭൂരിപക്ഷം. അച്ഛന്റെ ഐ റെക്കോര്‍ഡ് തകര്‍ത്താണ് മകന്‍ ഒന്നരലക്ഷത്തിന്റെ ഭൂരിപക്ഷം നേടി ലോക്‌സഭയിലേക്ക് കാലെടുത്തുവയ്ക്കുന്നത്.
രാജീവ് പ്രഭാവവും എല്‍.ഡി.എഫിനെ രക്ഷിച്ചില്ല
മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെയാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. പൊതുവെ യു.ഡി.എഫിനു മേല്‍ക്കൈ ഉള്ള മണ്ഡലമാണെങ്കിലും പി. രാജീവിന്റെ സ്ഥാനാര്‍ഥിത്വം മത്സരരംഗത്തെ ശ്രദ്ധേയമാക്കി. നഗരഗ്രാമപ്രദേശങ്ങളിലെല്ലാം സ്വീകാര്യതയുള്ള രാജീവിനെ നേരിടാന്‍ സിറ്റിങ് എം.പി കെ.വി തോമസ് പോരാ എന്ന ചിന്തയില്‍ നിന്നാണ് ഹൈബി ഈഡനെ സ്ഥാനാര്‍ഥിത്വം തേടിവന്നത്. മണ്ഡലത്തില്‍ കൂടുതല്‍ വോട്ടുകളുള്ള ലത്തീന്‍ കത്തോലിക്ക വിഭാഗത്തെ ഏകീകരിച്ച് കോണ്‍ഗ്രസിനു കീഴില്‍ കൊണ്ടുവരാനും ഹൈബിക്ക് കഴിഞ്ഞുവെന്നു വേണം ഈ ചരിത്രവിജയത്തിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്താന്‍. പ്രചാരണരംഗത്ത് ഒരുപടി മുന്നില്‍നിന്ന എല്‍.ഡി.എഫിനൊപ്പം നില്‍ക്കാന്‍ യുഡിഎഫിന് കുറച്ചൊന്നുമല്ല വിയര്‍ക്കേണ്ടി വന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‌റെ ചൂടില്‍ വേറിട്ട പ്രചാരണവുമായി മകള്‍ ആറുവയസുകാരി ക്ലാരയും പാട്ടുപാടി അച്ഛനു പിന്തുണയുമായി വന്നതോടെ പ്രചാരണരംഗത്ത് അവസാനലാപ്പില്‍ പി. രാജീവിനൊപ്പമെത്തുകയായിരുന്നു.
അതിനിടെ ആരോപണങ്ങളും ഹൈബിയെ പിന്തുടര്‍ന്നിരുന്നു. മക്കള്‍ രാഷ്ട്രീയവും പീഡനക്കേസും എതിരാളികള്‍ ഉയര്‍ത്തിയപ്പോള്‍ അതിലൊന്നും വീഴാതെ കൃത്യമായി പ്രവര്‍ത്തിച്ചു.
തേവര എസ്.എച്ച് കോളേജിലെ കെ.എസ്.യു യൂനിറ്റ് സെക്രട്ടറിയായാണ് ഹൈബിയുടെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. 2001ല്‍ എം.ജി യൂനിവേഴ്‌സിറ്റി യൂനിയന്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു. 2004 ല്‍ കെ.എസ്.യു എറണാകുളം ജില്ല പ്രസിഡന്റായി നിയമിതനായി. 2007 ല്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റായി. ഹൈബി സംസ്ഥാന പ്രസിഡന്റായിരിക്കുന്ന സമയത്താണ് പാഠപുസ്തക സമരവും ബസ് കണ്‍സഷന്‍ സമരവും കെ.എസ്.യു നയിച്ചതും വിജയം നേടിയതും. 2008 ല്‍ ഹൈബി എന്‍.എസ്.യു പ്രസിഡന്റായി.
വോട്ടുചോദിച്ചത് വികസനം മുന്‍നിര്‍ത്തി
തെരഞ്ഞെടുപ്പില്‍ വികസനവിഷയങ്ങള്‍ ചര്‍ച്ച ചെയ്താണ് പ്രധാനമായും യു.ഡി.എഫ് പ്രചാരണത്തിനിറങ്ങിയത്. എന്‍വിഷനിങ് എറണാകുളം എന്ന പരിപാടിയിലൂടെ മണ്ഡലത്തിന്റെ വികസനസ്വപ്‌നങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു പ്രചാരണത്തുടക്കം. മെട്രോ നഗരത്തിലെ മധ്യവര്‍ഗ വോട്ടുകള്‍ ഉറപ്പിക്കുക ലക്ഷ്യമാക്കിയിട്ടായിരുന്നു എന്‍വിഷിങ് സംഘടിപ്പിച്ചത്. ഇത് കൃത്യമായി പ്രവര്‍ത്തിച്ചുവെന്നുവേണം മനസിലാക്കാന്‍.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭിന്നവിഭാഗങ്ങള്‍ക്കും പ്രത്യേക പദ്ധതികളും കായികം, പരിസ്ഥിതി എന്നിവയും പ്രധാന ചര്‍ച്ചാ വിഷയമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."