ഹൊസ്ദുര്‍ഗ് കടപ്പുറം സംഘര്‍ഷം: കേസുകള്‍ കോടതി റദ്ദാക്കി
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് കടപ്പുറം സൗത്ത് പ്രദേശത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട 12 കേസുകള്‍ ഹൈക്കോടതി റദ്ദാക്കി. 2012 ല്‍ ഹൊസ്ദുര്‍ഗ് കടപ്പുറം സൗത്ത് പ്രദേശത്ത് ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷ സംഭവങ്ങള്‍ സംബന്ധിച്ച് ഹൊസ്ദുര്‍ഗ് പൊലിസ് രജിസ്റ്റര്‍ ചെയ്ത 12 കേസുകളാണ് കഴിഞ്ഞ ദിവസം ജസ്റ്റിസ് സുനില്‍ തോമസ് റദ്ദാക്കിയത്. പ്രദേശത്തെ സ്ഥലനാമവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളാണ് പിന്നീട് സംഘര്‍ഷത്തിലേക്ക് എത്തിയത്. ഇതേ തുടര്‍ന്നു ഹൊസ്ദുര്‍ഗ് പൊലിസ് സാമുദായിക കലാപം നടത്തിയതിന്റെ പേരില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഹൊസ്ദുര്‍ഗ് കടപ്പുറം വികസന സമിതിയുടെ നേതൃത്വത്തില്‍ ഇരു വിഭാഗത്തില്‍പെട്ടവരുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ പ്രദേശവാസികള്‍ കേസ് പിന്‍വലിക്കാന്‍ യോജിച്ചു തീരുമാനിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയില്‍ ഹരജിയും സത്യവാങ്മൂലവും നല്‍കുകയും ചെയ്തു.
ഇതു പരിഗണിച്ച കോടതിയില്‍ കേസ് റദ്ദാക്കുന്നതിനെ പൊലിസ് എതിര്‍ത്തെങ്കിലും സാമുദായിക കലാപം സംബന്ധിച്ച കേസുകള്‍ പ്രദേശവാസികളുടെ ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ റദ്ദാക്കണമെന്ന ആവശ്യം ജസ്റ്റിസ് സുനില്‍ തോമസ് അംഗീകരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."