മാധ്യമങ്ങള്‍ ജുഡീഷ്യറിയുടെയും പൊലിസിന്റെയും ജോലി ചെയ്യേണ്ട- രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍
തിരുവനന്തപുരം: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉന്നയിച്ച ചാനലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍. മാധ്യമങ്ങള്‍ ജുഡീഷ്യറിയുടെയും പൊലിസിന്റെയും ജോലി ചെയ്യേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
വസ്തുതകള്‍ വളച്ചൊടിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. തനിക്കെതിരെ നടന്നത് മോശം മാധ്യമ പ്രവര്‍ത്തനമാണ്. തന്റെ ജീവിതത്തിലെ വ്യക്തിപരമായ ദുരന്തത്തെ ചിലര്‍ നേട്ടത്തിനായി ഉപയോഗിക്കുന്നു. ഇത് മൂല്യാധിഷ്ഠിത മാധ്യമപ്രവര്‍ത്തനം അല്ലെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. ഇരയുടെ വിശദീകരണവും മാധ്യമങ്ങള്‍ തേടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ ഒരു നീതിന്യായവ്യവസ്ഥയുണ്ട്. അതുപോലെ ഭരണഘടനാപരമായ അവകാശങ്ങളുണ്ട്. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാത്തരം അന്വേഷണങ്ങളിലും താന്‍ പൊലിസുമായി സഹകരിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതിയാണ് അന്തിമ വിധി പറയേണ്ടതെന്നും തരൂര്‍ പറഞ്ഞു.
അര്‍ണാബ് ഗോസാമിയുടെ നേതൃത്വത്തില്‍ സംപ്രേഷണം തുടങ്ങിയ റിപബ്ലിക് ടി.വിയാണ് കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവിട്ടത്. കേസില്‍ വഴിത്തിരിവായേക്കാവുന്ന ഫോണ്‍ സംഭാഷണങ്ങളും ചാനല്‍ പുറത്തു വിട്ടു.
സുനന്ദ മരിച്ച ലീല ഹോട്ടലിലെ മുറിയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള വെളിപ്പെടുത്തലുകളും സംഭാഷണത്തിലുണ്ട്. സുനന്ദ മരിച്ചു കിടന്ന മുറി 307 ആണോ 345 ആണോ എന്ന് സംശയമുയര്‍ത്തുന്ന രീതിയിലുള്ളതായിരുന്നു ഫോണ്‍സംഭാഷണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."