അനധികൃത സ്വത്ത്: ആര്യാടന്‍ ഷൗക്കത്തിനെതിരേ ഇ.ഡിക്ക് പരാതി
കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന് പരാതി. ഷൗക്കത്ത് നിലമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റും പിന്നീട് നഗരസഭാ ചെയര്‍മാനുമായിരുന്ന കാലത്ത് കോടിക്കണക്കിനു രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചെന്നു കാട്ടി പൊതുപ്രവര്‍ത്തകനും ജനതാദള്‍- എസ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റുമായ നിലമ്പൂര്‍ മണലൊടി സ്വദേശി ഇസ്മാഈല്‍ എരഞ്ഞിക്കലാണ് പരാതി നല്‍കിയത്. തന്റെയും പിതാവിന്റെയും രാഷ്ട്രീയ അധികാരങ്ങള്‍ ഉപയോഗപ്പെടുത്തി ഭാര്യ മുംതാസ് ബീഗത്തിന്റെയും മറ്റു ബിനാമികളുടെയും പേരില്‍ സ്വത്ത് സമ്പാദിച്ചുകൂട്ടിയെന്നാണ് പരാതി.
നിലമ്പൂര്‍ ടൗണില്‍ കോണ്‍ഗ്രസ് ഓഫിസിന് എതിര്‍വശത്തുള്ള 28 സെന്റ് സ്ഥലമടങ്ങുന്ന കെട്ടിടത്തിന്റെ കൈമാറ്റം നടന്നത് അടുത്തിടെയാണ്. പന്ത്രണ്ടര കോടി രൂപയ്ക്കാണ് ഈ സ്ഥലം കൈമാറ്റം ചെയ്തത്. നിലമ്പൂര്‍ സ്വദേശിയായ ഒരാളാണ് സ്ഥലം വാങ്ങിയത്. ഈ വിഷയവുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പിന് പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയും രേഖകളും എന്‍ഫോഴ്‌സ്‌മെന്റിനും സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഇസ്മാഈല്‍ വ്യക്തമാക്കി.
വിദ്യാഭ്യാസ തട്ടിപ്പ് നടത്തിയ പ്രതിക്കു സഹായം ചെയ്‌തെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞയാഴ്ച ആര്യാടന്‍ ഷൗക്കത്തിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."