ആക്രമണങ്ങള്‍ക്കിരയാകുന്ന കുട്ടികള്‍ക്ക് നീതി ഉറപ്പാക്കും: ജില്ലാ ശിശുസംരക്ഷണ സമിതി
കൊച്ചി: ജില്ലയില്‍ കുട്ടികളുമായി ബന്ധപ്പെട്ടു പോക്‌സോ ഉള്‍പ്പെടെ നിയമങ്ങളുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ബോധവല്‍കരണ പരിപാടികള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ ശിശുസംരക്ഷണ സമിതിയുടെ യോഗം തീരുമാനിച്ചു. ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഈ തീരുമാനമെടുത്തത്. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ. ബി സൈന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കുട്ടികള്‍ക്കെതിരായ ആക്രമണങ്ങള്‍ ജില്ലയില്‍ വര്‍ധിച്ചുവരുകയാണ്. ഞാറയ്ക്കല്‍, കോതമംഗലം ഭാഗങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ പ്രദേശങ്ങളില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. ബ്ലോക്ക്, പഞ്ചായത്തുതലത്തില്‍ സംരക്ഷണ സമിതികള്‍ ശക്തമാക്കും. സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ക്കും പരിശീലനം, പി.ടി.എയുടെ സഹായത്തോടെ ബോധവത്കരണ പരിപാടികള്‍ തുടങ്ങിയവ ആസൂത്രണം ചെയ്യും. കോതമംഗലം മേഖലയില്‍ ശൈശവ വിവാഹങ്ങളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.
ട്രാന്‍സ്ജന്‍ഡര്‍ കുട്ടികളുടെ തുടര്‍പഠനത്തിനു സൗകര്യങ്ങള്‍ക്കായി പുതിയ നിര്‍ദേശം സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിക്കും. ജില്ലയിലെ മുഴുവന്‍ കുട്ടികളുടെ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി ഡയറക്ടറി തയാറാക്കാനും യോഗം തീരുമാനിച്ചു. അങ്ങേയറ്റം ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികള്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ ലഭ്യമാക്കുന്നതിനായി സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതിയില്‍ കുട്ടിക്ക് പ്രതിമാസം രണ്ടായിരം രൂപ സഹായം നല്‍കിവരുന്നുണ്ട്. ഇത് ജില്ലാ ശിശു സംരക്ഷണ യൂനിറ്റ് മുഖേനയാണ് നല്‍കിവരുന്നത്. അതിക്രമത്തിന് ഇരയാകുന്ന കുട്ടികളെ കൊണ്ടുപോകുന്നതിനുള്ള വാഹനച്ചെലവ് അതത് പൊലിസ് സ്റ്റേഷന്‍ മേധാവിക്ക് നേരിട്ട് നല്‍കുന്നതിനുള്ള ഫണ്ട് ആവിഷ്‌കരിക്കുന്നതിനെക്കുറിച്ച് പരിഗണിക്കും. വാഹനം വാടകയ്‌ക്കെടുക്കുന്നതിനും അതിന്റെ ചെലവ് നല്‍കുന്ന കാര്യം പരിഗണിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
അനധികൃത ദത്തെടുക്കല്‍ തടയുന്നതിനായി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ സഹകരണത്തോടെ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലാ ശിശു സംരക്ഷണ യൂനിറ്റ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന തോട്ടയ്ക്കാട്ടുകരയില്‍ നിന്ന് സിവില്‍ സ്റ്റേഷനിലേക്കോ ജനങ്ങള്‍ക്കു സൗകര്യപ്രദമായ മറ്റൊരിടത്തേക്കോ മാറ്റണമെന്ന നിര്‍ദേശം പരിഗണിക്കാമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. യോഗത്തില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പ്രീതി വില്‍സനും മറ്റ് വിവിധ വകുപ്പു മേധാവികളും പ്രതിനിധികളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."