ഉപകാരിക്ക് ഉപദ്രവം നന്ദികേടിന്റെ പരമഭാവം
അന്ധതയായിരുന്നു അവള്‍ക്കു വന്നുപെട്ട പരീക്ഷണം. പക്ഷേ, അതു താങ്ങാന്‍ മാത്രമുള്ള ശേഷി അവള്‍ക്കുണ്ടായിരുന്നില്ല. ക്ഷമിച്ചും സഹിച്ചും അതിനെ മറികടക്കേണ്ടതിനു പകരം വിധിയെ പഴിച്ചും അതിനെ വിമര്‍ശിച്ചും അവള്‍ ദിനരാത്രങ്ങള്‍ തള്ളിനീക്കി. എല്ലാറ്റിനെയും അവള്‍ വെറുത്തു. ദൈവത്തെയും ലോകത്തെയും ചീത്ത പറഞ്ഞു. അവള്‍ക്ക് അവളോടുതന്നെ വെറുപ്പുതോന്നി. സദാ കൂട്ടിനുണ്ടായിരുന്ന തന്റെ കാമുകനല്ലാത്തതെല്ലാം അവള്‍ക്ക് അലര്‍ജിയായി.
കാമുകനോട് അവള്‍ക്ക് പിണക്കമുണ്ടായിരുന്നില്ല. അയാളായിരുന്നു അവള്‍ക്ക് ഏതു സഹായത്തിനും കൂട്ടിനുണ്ടായിരുന്നത്. ഒരിക്കല്‍ അവള്‍ പറഞ്ഞു: ''എങ്ങാനും എനിക്ക് കാഴ്ച ശക്തി തിരിച്ചു കിട്ടുകയാണെങ്കില്‍ ഞാന്‍ നിങ്ങളെ വിവാഹം കഴിക്കും..''
അതു കേട്ടപ്പോള്‍ കാമുകന് എന്തെന്നില്ലാത്തൊരു നിര്‍വൃതി. അതോടെ അവളോടുള്ള പ്രണയം പൂര്‍വാധികം ശക്തിപ്പെട്ടു.
ഒരിക്കല്‍ ഒരാള്‍ തന്റെ രണ്ടു കണ്ണുകള്‍ അവള്‍ക്കു കൊടുക്കാന്‍ തയാറായി. കൊടുത്ത വ്യക്തി ആരാണെന്ന കാര്യം അവള്‍ക്കറിയില്ലായിരുന്നു.. സര്‍ജറിയിലൂടെ അതു ഫിറ്റു ചെയ്തപ്പോള്‍ അവള്‍ക്ക് കാഴ്ച ശക്തി തിരിച്ചുകിട്ടി. അങ്ങനെ ഒരിക്കല്‍ കൂടി ലോകം കാണാനുള്ള ഭാഗ്യം അവള്‍ക്കുണ്ടായി. തന്റെ കാമുകനെയും അവള്‍ വ്യക്തമായി കണ്ടു. കാമുകന്‍ അടുത്ത ദിവസം തന്നെ അവളോട് ചോദിച്ചു: ''ഇപ്പോള്‍ നിനക്ക് ലോകം കാണാന്‍ കഴിയുന്നുണ്ടല്ലോ..''
''തീര്‍ച്ചയായും.''
''എങ്കില്‍ പഴയ ആ വാഗ്ദാനം നിറവേറ്റിക്കൂടേ..'' അദ്ദേഹം പതുങ്ങിയ സ്വരത്തില്‍ ചോദിച്ചു.
''ഏതു വാഗ്ദാനം..?'' അവള്‍ നെറ്റി ചുളിച്ചു ചോദിച്ചു.
''എന്നെ വിവാഹം കഴിക്കുമെന്നു പറഞ്ഞിരുന്നല്ലോ.. അത്..''
അതുകേട്ടപ്പോള്‍ അവള്‍ കാമുകന്റെ കണ്ണിലേക്ക് സൂക്ഷിച്ചൊന്നു നോക്കി. അവിടെ കണ്‍കുഴിയേയുള്ളൂ; കണ്ണില്ല. തന്നെ പോലെ തന്റെ കാമുകനും അന്ധനായിരുന്നുവെന്ന് അപ്പോഴാണ് അവള്‍ക്ക് മനസിലായത്. അവള്‍ പറഞ്ഞു: ''നിങ്ങള്‍ അന്ധനാണ്. അന്ധന്മാരെ എനിക്കു വേണ്ടാ..''
കാമുകന്‍ ഒരു നെടുക്കത്തോടെയാണ് ഈ വാക്കുകള്‍ കേട്ടത്. അയാള്‍ക്കു പിന്നെ സങ്കടം സഹിക്കാനായില്ല. തേങ്ങിയേങ്ങിക്കരഞ്ഞുകൊണ്ട് പിന്‍വാങ്ങുകയല്ലാതെ മറ്റെന്തു വഴി...? മടങ്ങുമ്പോള്‍ അവളോട് അദ്ദേഹം പറഞ്ഞു: ''പ്രിയേ, നിന്റെ മുഖത്തുള്ള എന്റെ ആ രണ്ടു കണ്ണുകള്‍ നീ നന്നായി സൂക്ഷിക്കണം. കേടുപാടുകളൊന്നും വരുത്തരുത്...!''
കഥയിലെ പെണ്ണിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായമെന്താണ്...? നന്ദികെട്ടവള്‍, നീച, നികൃഷ്ഠ, ഒരു ദയയും അര്‍ഹിക്കാത്തവള്‍.. എന്നൊക്കെതന്നെ; അല്ലേ.
എന്നാല്‍ കണ്ണ് എന്നല്ല, ഒന്നുമില്ലാതിരുന്ന നമുക്ക് വേണ്ടെതെല്ലാം നല്‍കിയനുഗ്രഹിച്ച ദയാവത്സലനാണ് നമ്മുടെ ദൈവം തമ്പുരാന്‍. ആ അനുഗ്രഹങ്ങള്‍ മുഴുവന്‍ അവനു വേണ്ടി ചെലവാക്കാനുള്ളതാണ്. പക്ഷെ, എത്ര പേര്‍ അതിനു തയാറാകുന്നു..? ജീവന്‍ പകുത്തുനല്‍കിയവന്റെ ജീവനെടുക്കുന്നത് തുല്യതയില്ലാത്ത നന്ദികേടാണെങ്കില്‍ ജീവന്‍ തന്നവന് ജീവന്‍ സമര്‍പ്പിക്കാന്‍ ഒരുക്കമല്ലാത്തത്, അവന്റെ വിധിവിലക്കുകളെ അവഗണിച്ചുതള്ളുന്നത്, അവന്റെ അസ്തിത്വത്തെ നിഷേധിക്കുന്നത് എത്രമാത്രം വലിയ നന്ദികേടാണ്..?!
നയാപൈസ പോലും കൈയ്യിലില്ലാത്ത ഒരുത്തന് നിങ്ങള്‍ ആയിരം രൂപ കൊടുത്തുവെന്നു കരുതുക. ശേഷം നിങ്ങള്‍ അദ്ദേഹത്തോട് ഇതെനിക്കു ചെലവാക്കുമോ എന്നു ചോദിക്കുന്നു. അയാള്‍ ഇല്ലെന്നു പറഞ്ഞാല്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം...?
കണ്ണില്ലാത്ത നമുക്ക് കാണാന്‍ കണ്ണു തന്ന ദൈവം നമ്മോട് പറഞ്ഞു: ''ഈ കണ്ണ് എന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ ചെലവഴിക്കണം..
നാം പറഞ്ഞു: ''തല്‍ക്കാലം അതിനു കഴിയില്ല..!''
നന്ദികെട്ട ഈ സമീപനം നിത്യവും നിരന്തരം കാണിച്ചിട്ടും ദൈവം തന്റെ അനുഗ്രഹദാനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നില്ലെന്നതാണ് അത്ഭുതം. മനുഷ്യരായി പിറന്നവര്‍ക്കാര്‍ക്കെങ്കിലും അങ്ങനെയാവാന്‍ കഴിയുമോ...? നന്ദികെട്ട സമീപനം ആരെങ്കിലും നമ്മുടെ നേര്‍ക്കു സ്വീകരിക്കുന്നത് നമുക്ക് ഇഷ്ടമില്ലെങ്കില്‍ ആ സമീപനം നാം ദൈവത്തിനു നേര്‍ക്കു സ്വീകരിക്കാമോ..? കോടാനുകോടി അടിമകള്‍ക്കിടയിലെ കേവലമൊരു അടിമയായ തനിക്കുപോലും അത്തരം സമീപനം ഇഷ്ടമില്ലെങ്കില്‍ സര്‍വരുടെയും രാജാവും പരിപാലകനുമായ സര്‍വേശ്വരനോടു ആ സമീപനം എത്ര വലിയ പാതകമായിരിക്കും..!
ഒരടിമ മറ്റൊരടിമയോട് കാണിക്കുന്ന തിന്മ രാജാവിനോട് കാണിച്ചാല്‍ അതിന്റെ സ്വഭാവം മാറും. ചെറു തിന്മപോലും രാജാവിനോടാണെങ്കില്‍ അതു മഹാപാതകമാണ്. അതു രാജാധിരാജനോടാണെങ്കില്‍ പറയുകയും വേണ്ടാ.
നന്മയെ നന്മകൊണ്ട് നേരിടുകയെന്നത് നന്മയാണ്. തിന്മയെ തിന്മകൊണ്ട് നേരിടുകയെന്നത് തിന്മയുമാണ്. തിന്മയെ നന്മകൊണ്ട് നേരിടുകയെന്നത് മഹാനന്മയാണ്. നന്മയെ തിന്മകൊണ്ട് നേരിടുകയെന്നത് മഹാതിന്മയുമാണ്. ചെയ്യേണ്ടത് മഹാനന്മകളാണെങ്കിലും എല്ലാവര്‍ക്കും അതിനു കഴിഞ്ഞുകൊള്ളണമെന്നില്ല. അത്തരക്കാര്‍ സാധാ നന്മകളിലെങ്കിലും വ്യാപൃതരാകണം. അതും ചെയ്യാതെ തിന്മയിലേക്കു കടന്നാല്‍ അധഃപതനം തുടങ്ങി. സാധാ തിന്മയിലും നില്‍ക്കാതെ മഹാതിന്മകളിലേക്കാണു പോക്കെങ്കില്‍ പിന്നെ മൃഗങ്ങളായിരിക്കും അവരെക്കാള്‍ ഭേദപ്പെട്ടവര്‍.
നന്മയെ നന്മകൊണ്ട് നേരിടാന്‍ കഴിയില്ലെങ്കില്‍ തിന്മകൊണ്ട് നേരിടാതിരിക്കുകയെന്നതാണ് സാമാന്യമര്യാദ. നന്ദികേടിനെക്കാള്‍ വലിയ തിന്മയില്ലല്ലോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."