നവീകരണ പ്രവര്‍ത്തി തുടങ്ങി മാവുങ്കാല്‍ കവലയിലെ കുരുക്കഴിയുന്നു
കാഞ്ഞങ്ങാട്: ദേശീയപാതയിലെ മാവുങ്കാല്‍ കവലയിലെ കുരുക്കഴിയുന്നു. ഇതിന്റെ ഭാഗമായി ദേശീയ പാതയോരത്തെ ഇലക്ട്രിക് പോസ്റ്റുകളും ട്രാന്‍സ്‌ഫോര്‍മറുകളും അകലേക്കു മാറ്റുകയും പാതയോരം വീതി കൂട്ടി ടാറിങ് ജോലിക്കു വേണ്ടി ഒരുക്കുകയും ചെയ്തു.
മാവുങ്കാല്‍ കവലയുടെ മുഖച്ഛായ തന്നെ മാറുന്ന തരത്തിലാണ് ഇവിടെ ജോലികള്‍ പുരോഗമിക്കുന്നത്. അതേ സമയം പാത വീതി കൂട്ടുന്നതിനു പുറമേ ഈ കവലയില്‍ സിഗ്നല്‍ ലൈറ്റുകള്‍ ഉള്‍പ്പെടെ സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇതോടെ ഈ കവലയില്‍ ഉണ്ടാകുന്ന അപകടങ്ങള്‍ കുറയുമെന്നും നാട്ടുകാര്‍ പറയുന്നു.
ഏറെ ഗതാഗത തിരക്കുള്ള ഈ പ്രദേശത്ത് കുപ്പിക്കഴുത്ത് പോലെയുള്ള കവലയാണ് നിലവിലുള്ളത്. കാഞ്ഞങ്ങാട് നിന്നു ദേശീയപാത വഴി കാസര്‍കോട് ഭാഗത്തേക്കും തിരിച്ചും മലയോരമേഖലയായ പാണത്തൂര്‍ ഉള്‍പ്പെടെയുള്ള ഭാഗത്തേക്കും ഈ കവല വഴിയാണ് വാഹനങ്ങള്‍ കടന്നു പോകുന്നത്.
ഒട്ടനവധി അപകടങ്ങള്‍ ഈ കവലയില്‍ നടന്നെങ്കിലും ഇവിടെ പാതയോരം വീതി കൂട്ടിയെടുക്കാന്‍ അധികൃതര്‍ തയാറായിരുന്നില്ല. ദേശീയപാതയിലൂടെ അമിത വേഗതയില്‍ വരുന്ന വാഹനങ്ങള്‍ കടന്നു പോകുന്നതോടെ പാതയിലേക്കു കയറാന്‍ മറ്റു വാഹനങ്ങള്‍ക്കു വളരെ സമയം കാത്തിരിക്കേണ്ട അവസ്ഥയും ഉണ്ടായിരുന്നു. ഇതു സംബന്ധമായി 'സുപ്രഭാതം' നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."