HOME
DETAILS
MAL
കോണ്‍ഗ്രസ് പിന്നില്‍നിന്നു കുത്തി: ജോസ് കെ.മാണി
backup
October 14 2020 | 21:10 PM
കോട്ടയം: കേരള കോണ്‍ഗ്രസി (എം) നെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ച കോണ്‍ഗ്രസ് പിന്നില്‍ നിന്നു കുത്തിയെന്ന് കേരള കോണ്‍ഗ്രസ് (എം) ജോസ് പക്ഷം ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. എല്‍.ഡി.എഫുമായി സഹകരിക്കാനുള്ള രാഷ്ട്രീയതീരുമാനം പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിലെ ചിലരില്‍ നിന്നും കേരള കോണ്‍ഗ്രസ് കടുത്ത അനീതി നേരിട്ടു.
യു.ഡി.എഫില്‍ നിന്നും പുറത്താക്കിയ ശേഷം സ്വതന്ത്ര നിലപാടാണ് സ്വീകരിച്ചത്. ഒരു ചര്‍ച്ചയ്ക്കു പോലും കോണ്‍ഗ്രസോ യു.ഡി.എഫോ തയാറായില്ല. തിരിച്ചെടുക്കാന്‍ ഒരു ഫോര്‍മുലയും മുന്നോട്ടു വെച്ചില്ല. കര്‍ഷകര്‍ക്കുവേണ്ടി എല്‍.ഡി.എഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു. പാലാ ഉപതെരഞ്ഞെടുപ്പില്‍ തങ്ങളെ ചതിച്ചു. നിയമസഭക്ക് അകത്തും അപമാനിച്ചു. കെ.എം മാണിയുടെ വീട് മ്യൂസിയം ആക്കണമെന്ന് ആവശ്യപ്പെട്ടു.
കോട്ടയം ലോക്‌സഭാ സീറ്റിനും അവകാശം ഉന്നയിച്ചു. ആത്മാഭിമാനം നഷ്ടപ്പെടുത്തി ഇനി യു.ഡി.എഫിനൊപ്പം ഇല്ല. കെ.എം മാണിയെയും തന്നേയും പാര്‍ട്ടി നേതാക്കളേയും യു.ഡി.എഫ് അപമാനിച്ചു. കെ.എം മാണി കെട്ടിപ്പടുത്തതാണ് യു.ഡി.എഫ്. ആ കേരള കോണ്‍ഗ്രസ് (എം) നെയാണ് മുന്നണിയില്‍ നിന്നും പടിയടച്ച് പുറത്താക്കിയത്. യു.ഡി.എഫ് മാണിയുടെ ആത്മാവിനെയും ഒപ്പം നിന്ന ജനവിഭാഗത്തെയും അപമാനിച്ചു.
എന്നെ കുറിച്ചു ഏറ്റവും നീചമായ വ്യക്തിഹത്യ പി.ജെ ജോസഫ് നിരന്തരം നടത്തി. പാര്‍ട്ടി പിടിച്ചെടുക്കാന്‍ അധാര്‍മികമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ചു. പാര്‍ട്ടി ചിഹ്നവും പാര്‍ട്ടി ഓഫിസും തുടങ്ങി പ്രസ്ഥാനം തന്നെ ഹൈജാക്ക് ചെയ്യാന്‍ നടത്തിയ ശ്രമങ്ങള്‍ പൊളിറ്റിക്കല്‍ വള്‍ച്ചറിസമാണ്. ഇതിനെതിരേ യു.ഡി.എഫിലെ ആരും പ്രതികരിച്ചില്ല. ചര്‍ച്ചക്കുള്ള എല്ലാ വാതിലുകളും കൊട്ടിയടച്ചവര്‍ ഈ മൂന്നുമാസത്തിനിടെ ചര്‍ച്ചയോ സത്യസന്ധമായ ആശയവിനിമയമോ നടത്തിയില്ല.
കേരള കോണ്‍ഗ്രസിനെ രാഷ്ട്രീയമായി ഇല്ലാതാക്കുക എന്നതാണ് അജണ്ട. അത്തരമൊരു അജണ്ടയുടെ മുന്നില്‍ ഈ പാര്‍ട്ടിയെ അടിയറവ് വെയ്ക്കാനാവില്ല. പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങളോടുള്ള സമീപനത്തിന്റെ അടിസ്ഥാനത്തില്‍ ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. കേരള കോണ്‍ഗ്രസിന്റെ നിര്‍ണായകമായ രാഷ്ട്രീയ തീരുമാനം കേരള രാഷ്ട്രീയത്തിന്റെ ഗതിനിര്‍ണയിക്കുന്നതാവുമെന്നും ജോസ് കെ. മാണി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ തോമസ് ചാഴികാടന്‍ എം.പി, എം.എല്‍.എമാരായ റോഷി അഗസ്റ്റിന്‍, ഡോ. എന്‍. ജയരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."