മലയാളി ഹാജിമാരുടെ മടക്കയാത്ര നാളെ മുതല്‍
മദീന: ഹജ്ജിനെത്തിയ മലയാളി ഹാജിമാരുടെ മടക്കയാത്ര നാളെ മുതല്‍ ആരംഭിക്കും. ഹജ്ജിനു ശേഷം ഇവര്‍ ഇപ്പോള്‍ മദീന സന്ദര്‍ശനത്തിലാണ്. ആദ്യ സംഘത്തിലെ രണ്ടു വിമാനങ്ങളിലെ തീര്‍ഥാടകരാണ് ആദ്യ മടക്കയാത്രാ സംഘത്തിലുണ്ടാകുക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നാട്ടില്‍നിന്നു വന്ന വിമാന സര്‍വിസനുസരിച്ച് യാത്രകളുണ്ടാകും. മദീനയിലെത്തിയ ഹാജിമാര്‍ സന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കി മടക്കയാത്രക്കുള്ള അവാസനഘട്ട ഒരുക്കത്തിലാണ്. നിലവില്‍ മലയാളി ഹാജിമാരില്‍ ഏഴായിരത്തോളം ആളുകളാണ് മക്കയില്‍നിന്നു മദീനയിലെത്തിച്ചേര്‍ന്നിരിക്കുന്നത്. ബാക്കിയുള്ളവരുടെ മദീനാ യാത്ര പുരോഗമിക്കുകയാണ്.
മദീനയില്‍നിന്നു മലയാളി ഹാജിമാരുടെ അവസാനവിമാനം 25നാണ്. ഇന്ത്യന്‍ ഹജ്ജ് സംഘത്തിലെ അവസാന വിമാനങ്ങളിലൊന്നായിരിക്കും ഈ വിമാന സര്‍വിസ്. മക്കയില്‍നിന്നു മദീനയിലെത്തുന്ന ഹാജിമാര്‍ക്ക് ഊഷ്മള സ്വീകരണങ്ങള്‍ ലഭിക്കുന്നുണ്ട്.
വിവിധ മലയാളി സന്നദ്ധസേവക സംഘങ്ങള്‍ ഇതിനായി ഇവിടെ സദാസജ്ജമാണ്. കൂടാതെ ഹാജിമാരുടെ സേവനങ്ങള്‍ക്കും സഹായത്തിനുമായി വനിതകളടക്കമുള്ള സന്നദ്ധ സംഘങ്ങള്‍ രംഗത്തുണ്ട്. അതേസമയം, ഇന്ത്യന്‍ ഹാജിമാരുടെ മടക്കയാത്ര പുരോഗമിക്കുകയാണ്. നിലവില്‍ എഴുപത്തയ്യായിരം ഹാജിമാര്‍ മാത്രമാണ് പുണ്യ ഭൂമിയിലുള്ളത്. അതില്‍ 45,000 ഹാജിമാര്‍ മക്കയിലും 28,000 ഹാജിമാര്‍ മദീനയിലുമാണ്. ഇരുനൂറിലധികം വിമാന സര്‍വിസുകളിലായി 60,000ത്തോളം ഹാജിമാര്‍ ഇന്ത്യയിലേക്ക് മടങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ ഹാജിമാരില്‍ 142 പേര്‍ പുണ്യ ഭൂമിയില്‍വച്ച് മരിക്കുകയും എട്ടു വനിതകള്‍ പ്രസവിക്കുകയും ചെയ്തു. മരണപ്പെട്ടവരില്‍ 19 പേര്‍ മലയാളി ഹാജിമാരാണ്.
ഹജ്ജിനെത്തിയ വിദേശ ഹാജിമാരില്‍ പന്ത്രണ്ടു ലക്ഷത്തോളം ആളുകള്‍ സ്വദേശങ്ങളിലെക്ക് മടങ്ങിയതായി സഊദി പാസ്‌പോര്‍ട്ട് വിഭാഗം വ്യക്തമാക്കി. 26 ആണ് മടങ്ങാനുള്ള അവസാന തിയതി. ഇതിനിടയില്‍ ഹാജിമാര്‍ മുഴുവന്‍ സ്വദേശങ്ങളിലേക്ക് മടങ്ങണമെന്നും മടങ്ങാത്തവര്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴ ചുമത്തുമെന്നും സഊദി ജവാസാത്തും ആഭ്യന്തര മന്ത്രാലയവും മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."