മൂന്ന് പി.സി.സി അധ്യക്ഷന്‍മാര്‍ കൂടി രാജിവച്ചു
ന്യൂഡല്‍ഹി: ബി.ജെ.പിയുടെ മലവെള്ളപ്പാച്ചിലിലേറ്റ കനത്ത പരാജയത്തെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ രാജി തുടരുന്നു. ഇതുവരെ ആറു സംസ്ഥാന ഘടകം അധ്യക്ഷന്‍മാരാണ് രാജിവച്ചത്. പഞ്ചാബ് ഘടകം അധ്യക്ഷന്‍ സുനില്‍കുമാര്‍ ഝാകര്‍, ജാര്‍ഖണ്ഡ് ഘടകം അധ്യക്ഷന്‍ അജോയ് റോയ്, അസം ഘടകം അധ്യക്ഷന്‍ റിപുന്‍ ബോറ എന്നിവരാണ് പുതുതായി രാജിവച്ച സംസ്ഥാന അധ്യക്ഷന്‍മാര്‍. ഇതില്‍ ഏറ്റവും അവസാനമായി രാജിവച്ചത് പഞ്ചാബിലെ സുനില്‍ ഝാകര്‍ ആണ്. ലോക്‌സഭാ പ്രതിപക്ഷ നേതൃപദവി അവകാശപ്പെടാന്‍ പോലും കഴിയാത്തത്ര വിധം ദേശീയതലത്തില്‍ പാര്‍ട്ടി പരാജയപ്പെട്ട സാഹചര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ രാജിസന്നദ്ധത അറിയിച്ച സാഹചര്യത്തിലാണ് പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി ആറു സംസ്ഥാന നേതാക്കള്‍ രാജിവയ്ക്കുന്നത്. യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയും മുതിര്‍ന്ന നേതാക്കളും രാഹുലിനെ രാജിയില്‍നിന്ന് പിന്തിരിപ്പിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ഉറച്ചുനില്‍ക്കുകയാണ്.
കോണ്‍ഗ്രസ് മെച്ചപ്പെട്ട പ്രകടനമാണ് സംസ്ഥാനത്ത് കാഴ്ചവച്ചതെങ്കിലും ഗുരുദാസ്പൂരില്‍ നടനും ബി.ജെ.പി സ്ഥാനാര്‍ഥിയുമായ സണ്ണി ദിയോളിനോട് സുനില്‍ ഝാകര്‍ പരാജയപ്പെട്ടിരുന്നു. രാജിക്കത്ത് ഇന്നലെ സുനില്‍ ഝാകര്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇമെയില്‍ മുഖേനെ അയച്ചു കൊടുത്തു. 2014ല്‍ പഞ്ചാബിലെ ആകെയുള്ള 13 ലോക്‌സഭാ മണ്ഡലങ്ങളിലെ മൂന്നുസീറ്റിലാണ് കോണ്‍ഗ്രസ് വിജയിച്ചതെങ്കില്‍ ഇത്തവണ എട്ടുസീറ്റുകള്‍ പാര്‍ട്ടി സ്വന്തമാക്കിയിരുന്നു. ഒരു സീറ്റ് എ.എ.പിയും രണ്ട് സീറ്റ് വീതം ബി.ജെ.പിയും ഘടകകക്ഷിയായ അകാലിദളും നേടുകയായിരുന്നു.
ബി.ജെ.പി എം.പി വിനോദ് ഖന്ന മരിച്ചതിനെത്തുടര്‍ന്ന് ഗുരുദാസ്പൂരിലുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച സുനില്‍ ഝാകര്‍, പക്ഷേ ഈ പൊതുതെരഞ്ഞെടുപ്പില്‍ സിറ്റിങ് മണ്ഡലത്തില്‍ 80,000 ഓളം വോട്ടുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു. എല്ലാവരും എന്നെ പിന്തുണയ്ക്കുകയുണ്ടായി. എല്ലാവരും പരമാവധി പ്രവര്‍ത്തിക്കുകയും ചെയ്തു. പക്ഷേ, എനിക്ക് എന്റെ സീറ്റ് സംരക്ഷിക്കാനായില്ല. അതിനാല്‍ സംസ്ഥാന അധ്യക്ഷന്‍ എന്ന പദവിയില്‍ തുടരാന്‍ എനിക്കാവില്ല. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പദവി രാജിവയ്ക്കുന്നു- അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
ജാര്‍ഖണ്ഡില്‍ ആകെയുള്ള 14 സീറ്റില്‍ ഒന്നൊഴികെ മറ്റെല്ലായിടത്തുമുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്താണ് സംസ്ഥാന അധ്യക്ഷന്‍ ഡോ. അജോയ്കുമാര്‍ രാജിവച്ചത്. ഈ മാസം 24നാണ് അദ്ദേഹം രാജിക്കത്ത് രാഹുലിന് നല്‍കിയത്. മുന്‍ ഐ.പി.എസുകാരനായ അജോയ്കുമാര്‍ പട്ടാളച്ചിട്ടയോടെ സംസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയെങ്കിലും സിങ്ഭൂം മണ്ഡലത്തില്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാന്‍ കഴിഞ്ഞത്.
പരാജയകാരണം എന്താവട്ടെ, സംസ്ഥാന ഘടകം അധ്യക്ഷന്‍ എന്ന പദവിയില്‍ തുടരാന്‍ ധാര്‍മിക ഉത്തരവാദിത്തം എന്നെ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അസം ഘടകം അധ്യക്ഷന്‍ റിപുന്‍ ബോറ രാജിവച്ചത്. സംസ്ഥാനത്തെ 14 സീറ്റുകളില്‍ കലിയാബോര്‍, നഗവോണ്‍, ബാര്‍പേട്ട മണ്ഡലങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്. ഇവിടെ ബി.ജെ.പി ഒന്‍പതിടത്ത് വിജയിച്ചപ്പോള്‍ എ.ഐ.യു.ഡി.എഫും സ്വതന്ത്രനും ഓരോ സീറ്റിലും വിജയിച്ചു. അസമില്‍ 2016ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 31 ശതമാനം വോട്ടുകളാണ് കോണ്‍ഗ്രസ് നേടിയതെങ്കില്‍ ഈ പൊതുതെരഞ്ഞെടുപ്പില്‍ 35.4 ശതമാനം വോട്ടുകളും പാര്‍ട്ടിക്ക് ലഭിക്കുകയുണ്ടായി. ശക്തമായ പ്രചാരണം കാഴ്ചവച്ചെങ്കിലും മൂന്നുസീറ്റില്‍ മാത്രമെ വിജയിക്കാനായുള്ളൂവെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. എന്‍.സി.പി.യോടൊപ്പം ചേര്‍ന്ന് മല്‍സരിച്ചെങ്കിലും മോശം പ്രകടനം കാഴ്ചവച്ച മഹാരാഷ്ട്രയില്‍ സംസ്ഥാന ഘടകം അധ്യക്ഷന്‍ അശോക് ചവാന്‍ ഫലപ്രഖ്യാപനത്തിന് പിന്നാലെ തന്നെ രാജിവച്ചിരുന്നു. പരാജയത്തില്‍ രാഹുല്‍ ഗാന്ധിക്ക് മാത്രമല്ല എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചവാന്‍ രാജിവച്ചത്. പിന്നാലെ ഉത്തര്‍പ്രദേശ് ഘടകം അധ്യക്ഷന്‍ രാജ് ബബ്ബാറും രാജിവച്ചു.
80 സീറ്റുകളുള്ള യു.പിയില്‍ സോണിയാ ഗാന്ധിയുടെ റായ്ബറേലിയില്‍ മാത്രമായിരുന്നു കോണ്‍ഗ്രസ് വിജയിച്ചത്. രാഹുല്‍ ഗാന്ധിയുടെ സിറ്റിങ് സീറ്റായ അമേത്തിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് അദ്ദേഹം പരാജയപ്പെടുകയും ചെയ്തു. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പ്രകടനം അതിദയനീയമാണെന്നും അതിന്റെ കുറ്റം എനിക്കുതന്നെയാണെന്നും രാജ് ബബ്ബാര്‍ അഭിപ്രായപ്പെട്ടു. അമേത്തി ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ യോഗേന്ദ്രമിശ്രയും രാജിവച്ചിട്ടുണ്ട്.
ഒഡീഷയിലെ നിരഞ്ജന്‍ പട്‌നായിക് ആണ് രാജിവച്ച മറ്റൊരു പി.സി.സി അധ്യക്ഷന്‍. ഞാനും തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. പാര്‍ട്ടി എനിക്കും ഉത്തരവാദിത്തം നല്‍കിയിരുന്നു. എന്നാല്‍, അതെനിക്ക് പൂര്‍ണമായി വിജയിപ്പിക്കാന്‍ കഴിഞ്ഞില്ല. പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 21 ലോക്‌സഭാ മണ്ഡലങ്ങളില്‍ ഒരിടത്ത് മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാനായത്.
കര്‍ണാടകയിലെ പ്രചാരണകമ്മിറ്റി അധ്യക്ഷന്‍ എച്ച്.കെ പാട്ടീലും രാജിവച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."