ഹര്‍ത്താലില്‍ സഹായഹസ്തവുമായി സംഘടനകള്‍
വടക്കാഞ്ചേരി: ഹര്‍ത്താല്‍ ദിനത്തില്‍ സേവനവുമായി വിവിധ സംഘടനകളും യുവജന ക്ലബ്ബുകളും. ഭക്ഷണ വിതരണം മുതല്‍ അപകടമുഖം തീര്‍ത്ത് കിടക്കുന്ന റോഡ് ക്ലീനിങ്ങ് വരെ നടന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കണ്ടെത്തുന്നതിനും സമയം ചെലവഴിച്ചു ചില സന്നദ്ധ സംഘടനകള്‍. വടക്കാഞ്ചേരി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ തെക്കുംകര ജങ്ഷനില്‍ മേഖലയിലെ യുവാക്കള്‍ തീര്‍ത്തത് ഏറെ മഹനീയമായ പ്രവൃത്തി. കഴിഞ്ഞ പ്രളയ ദിനങ്ങളില്‍ മണ്ണും, കല്ലും കുത്തിയൊലിച്ചെത്തി ദുരന്തമുഖം തീര്‍ത്ത് കിടന്നിരുന്ന റോഡ് ലെഗ് ആര്‍ട്‌സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് ശുചീകരിച്ചു. യുവാക്കളുടെ അത്യധ്വാനത്തിന് പിന്തുണയുമായി അഗ്‌നിശമന സേനയും രംഗത്തെത്തിയപ്പോള്‍ അത് വലിയൊരു ജനകീയ മുന്നേറ്റമായി മാറി.
സംസ്ഥാന പാതയും, തെക്കുംകര പുന്നംപറമ്പ് റോഡും സംഗമിക്കുന്ന റെയില്‍വേ ജങ്ഷനില്‍ വലിയ മണ്‍തിട്ടകള്‍ രൂപപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ചെറുവാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് നിത്യസംഭവമാവുകയും ചെയ്തു. അപകടം കണ്ട് മടുത്ത യുവാക്കളാണ് ഇന്നലെ കാലത്ത് മുതല്‍ റോഡ് ശുചീകരണത്തിന് ഇറങ്ങി തിരിച്ചത്.
ചൂലും, മണ്‍വെട്ടിയും ഉപയോഗിച്ചായിരുന്നു മണ്ണ് നീക്കല്‍. ഇതിനിടയില്‍ ഇതു വഴി വന്ന കുന്നംകുളം അസിസ്റ്റന്റ് പൊലിസ് കമ്മീഷണര്‍ ടി.എസ് സിനോജ് വണ്ടി നിര്‍ത്തി യുവജന കൂട്ടായ്മയെ അഭിനന്ദിച്ചു.
അഗ്‌നിശമന സേനയുടെ സഹായം തേടാന്‍ ഉപദേശിച്ചു. ഇതിനെ തുടര്‍ന്നാണ് അഗ്‌നിശമന സേനയെ വിവരമറിയിച്ചത്. ഇവരെത്തി വെള്ളം അടിച്ച് നല്‍കിയപ്പോള്‍ യുവജന ആവേശം ഇരട്ടിയായി. മിനുട്ടുകള്‍ കൊണ്ട് റോഡ് ക്ലീനാവുകയും ചെയ്തു. യുവാക്കളെ അഭിനന്ദിക്കാന്‍ അഗ്‌നിശമന സേനയും മറന്നില്ല. അത്താണി സെന്ററില്‍ സമഭാവന കൂട്ടായ്മയുടെ നേതൃത്വത്തില്‍ കാലത്ത് മുതല്‍ തന്നെ ചായയും, ലഘുഭക്ഷണ വിതരണവും ആരംഭിച്ചു.
എല്ലാ വ്യാപാര സ്ഥാപനങ്ങളും അടഞ്ഞ് കിടന്നപ്പോള്‍ വെള്ളം പോലും ലഭിക്കാന്‍ ബുദ്ധിമുട്ടിലായവര്‍ക്ക് ഇത് ഏറെ ഗുണം ചെയ്തു. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്ന കൂട്ടായ്മയാണ് സമ ഭാവന.
വാടാനപ്പള്ളി : ഹര്‍ത്താലും, അവധിയും മറന്ന് ചലഞ്ചേഴ്‌സ് ചേറ്റുവ നടത്തിയ കുടിവെള്ള വിതരണം നാടിന് താല്‍ക്കാലിക ആശ്വാസം പകര്‍ന്നു. യു. എ. ഇ യിലെ പ്രവാസി കൂട്ടായ്മയായ ചേറ്റുവ അസോസിയേഷന്റെ സഹകരത്തോടെ ചേറ്റുവയുടെ വിവിധ ഭാഗങ്ങളില്‍ ദുരിതബാധിതര്‍ക്കായ് നടത്തുന്ന ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായാണ് രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡ് വി.എസ്. കേരളീയന്‍ റോഡ് പരിസരത്തും,, പാണ്ടി പാടം പ്രദേശത്തും ചലഞ്ചേഴ്‌സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ ജലവിതരണം നടത്തിയത്.പ്രളയ ദുരിതത്തിന്റെ പശ്ചാതലത്തില്‍ പ്രദേശത്തെ കുടിവെള്ള സ്രോതസുകള്‍ മലിനമായതിനെ തുടര്‍ന്നാണ് ചേറ്റുവ അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രദേശത്തെ വിവിധ ക്ലബ്ബുകളെ ഏകോപിപ്പിച്ച് സാമ്പത്തിക സഹായം നല്‍കി ശുദ്ധജല വിതരണം നടത്താന്‍ പദ്ധതിയാരംഭിച്ചത്.
ചലഞ്ചേഴ്‌സ് ചേറ്റുവ, മേമന്‍സ്, എഫ്.ഏ.സി., മഹാത്മ ബ്രദേഴ്‌സ്, ജി.എസ്.എ.സി., ഹഷ്മി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് കുടിവെള്ള വിതരണം നടപ്പിലാക്കുന്നത്.നിലവിലെ സാഹചര്യത്തിലെ കുടിവെള്ള ക്ഷാമം പരിഗണിച്ചാണ് ചേറ്റുവ അസോസിയേഷന്‍ ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."