തര്‍ക്കത്തില്‍ തട്ടി കൂട്ടുപുഴ പാലം
ഇരിട്ടി: മാക്കൂട്ടത്ത് കേരള അതിര്‍ത്തിയില്‍ അവകാശം സ്ഥാപിച്ച് കര്‍ണാടകം പുതിയ സര്‍വേ കല്ല് സ്ഥാപിച്ച് കൂട്ടുപുഴ പാലത്തിന്റെ നിര്‍മാണം തടഞ്ഞുണ്ടാക്കിയ പ്രതിസന്ധിക്ക് പരിഹാരമായില്ല. ഇതോടെ ഇരുസംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന അന്തര്‍സംസ്ഥാന പാതയില്‍ പുതുതായി നിര്‍മിക്കുന്ന കൂട്ടുപുഴ പാലത്തിന്റെ പ്രവൃത്തി പാതിവഴിയില്‍ നിലച്ചു.
90 മീറ്റര്‍ നീളത്തില്‍ 12 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന പാലത്തിന് ആറു തൂണുകളാണുള്ളത്. ഇതില്‍ കേരളത്തിന്റെ ഭാഗമായുള്ളൊരു ഭാഗത്തെ തൂണുകളുടെ നിര്‍മാണം മാസങ്ങള്‍ക്കു മുന്‍പേ പൂര്‍ത്തിയാക്കിയിരുന്നു.
ആ ഭാഗത്തെ മേല്ഭാഗത്തിന്റെ കോണ്‍ക്രീറ്റ് നിര്‍മാണവും പൂര്‍ത്തിയാക്കിയെങ്കിലും കര്‍ണാടകത്തോടു ചേര്‍ന്നു നില്ക്കുന്ന മറുവശത്തെ യാതൊരു പ്രവൃത്തിയും അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ഇതുവരെ ആരംഭിക്കാന്‍ സാധിച്ചിട്ടില്ല. അതിര്‍ത്തി അവകാശം സ്ഥാപിച്ച് കര്‍ണാടക വനംവകുപ്പ് പുതുതായി സ്ഥാപിച്ച സര്‍വേ കല്ലിനോടു ചേര്‍ന്നാണു മറുവശത്ത് പാലം നിര്‍മാണ പ്രവൃത്തി നടത്തേണ്ടത്.
ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളുടെ യാത്രാക്ലേശം പരിഗണിച്ചായിരുന്നു പാലം നിര്‍മാണം പുനരാരംഭിക്കാന്‍ അന്നു കര്‍ണാടക വനംവകുപ്പ് വാക്കാല്‍ അനുമതി നല്‍കിയത്. ഇതു പാലം നിര്‍മാണഘട്ടത്തില്‍ വീണ്ടും അതിര്‍ത്തി തര്‍ക്കത്തില്‍ തട്ടി നിലയ്ക്കുമോ എന്ന ആശങ്കയുള്ളതിനാല്‍ രേഖാമൂലമുള്ള കര്‍ണാടക വനംവകുപ്പിന്റെ അനുമതി നല്കിയെങ്കില് മാത്രമേ പ്രവൃത്തി പുനരാരംഭിക്കാന്‍ കഴിയൂവെന്ന നിലപാടിലാണു കെ.എസ്.ടി.പി അധികൃതരും കരാറുകാരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."