ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രചാരണ പോസ്റ്ററുകളില്‍ പോലും സ്ഥാനമില്ലാതെ സിന്ധ്യ
ഭോപ്പാല്‍: ഇല്ലത്തൂന്ന് പോരേം ചെയ്തു അമ്മാത്തോട്ട് എത്തിയതുമില്ല എന്നതാണ് ഇപ്പോള്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ ജോയതിരാതിദ്യ സിന്ധ്യയുടെ അവസ്ഥ. മധ്യപ്രദേശ് ഉപ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രചാരണ പോസ്റ്ററുകളില്‍ പോലും സിന്ധ്യയില്ല.
വാഹനങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന സ്റ്റാര്‍ ക്യാമ്പയിനര്‍മാരുടെ ഡിജിറ്റല്‍ പോസ്റ്ററുകളിലോ ഫ്ളക്സുകളിലോ സിന്ധ്യയുടെ ചിത്രം കാണാനില്ല. മറിച്ച് ബി.ജെ.പി നേതാക്കളായ വി.ഡി ശര്‍മ, മുഖ്യമന്ത്രി ശിവരാജ് സിങ് എന്നിവരാണ് ഫ്ളക്സുകളില്‍ നിറയുന്നത്. 'ശിവരാജ് ഉണ്ടെങ്കില്‍ ആത്മവിശ്വാസം ഉണ്ട്' എന്നിങ്ങനെയൊക്കെയാണ് അവരുടെ പ്രചാരണ വാചകങ്ങള്‍. ബി.ജെ.പിയിലെ 30 സ്റ്റാര്‍ ക്യാമ്പയിനര്‍മാരുടെ പട്ടികയില്‍ സിന്ധ്യ പത്താം സ്ഥാനത്താണെന്നും നാഷനല്‍ ഹെറാള്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പട്ടികജാതി വിഭാഗത്തിന് നേതൃത്വം നല്‍കുന്ന ബി.ജെ.പി വൈസ് പ്രസിഡന്റ് ദുശ്യന്ത് കുമാര്‍ ഗൗതത്തെപ്പോലെയുള്ള താരതമ്യേന അറിയപ്പെടാത്ത ചില നേതാക്കളെ ഉള്‍പ്പെടുത്തിയ പട്ടികയിലാണ് സിന്ധ്യയുടെ പേരുമുള്ളത്. അതില്‍ തന്നെ ഏറെ പിന്നിലായാണ് സിന്ധ്യയെ ഉള്‍പ്പെടുത്തിയത്.
സിന്ധ്യയുടെ ഏറ്റവും അടുത്ത സുഹൃത്തും പിന്തുണക്കാരനുമായ തുളസി ശിലാവത്ത് മത്സരിക്കുന്ന ഇന്‍ഡോറിനടുത്തുള്ള സാന്‍വറില്‍ സ്ഥാപിച്ച ഹോര്‍ഡിംഗുകളില്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയയെയാണ് ഉയര്‍ത്തിക്കാണിച്ചിരിക്കുന്നത്.
താരതമ്യേന പാര്‍ട്ടിയിലെ ജൂനിയറായ വിജയവര്‍ഗിയയുടെ മകന്‍ ആകാശിനെപ്പോലുള്ള അംഗങ്ങള്‍ക്കൊപ്പം മാത്രമാണ് സിന്ധ്യയുടെ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് സിന്ധ്യ അനുകൂലികള്‍ക്കിടയില്‍ അമര്‍ഷത്തിന് കാരണമായിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും ഉയരുന്നുണ്ട്.
ഇതാദ്യമല്ല ഗ്വാളിയര്‍ രാജകുടുംബത്തെ ബി.ജെ.പി മാറ്റിനിര്‍ത്തുന്നത്. കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ സമയത്തു തന്നെ ബി.ജെ.പിയിലെ ഒരു വിഭാഗം സിന്ധ്യയുമായി അസ്വാരസ്യത്തിലായിരുന്നു. യഥാര്‍ത്ഥ ബി.ജെ.പി നേതാക്കളെ അവഗണിക്കാനാവില്ലെന്ന തരത്തിലുള്ള പ്രസ്താവനകളും അന്ന് നേതൃത്വത്തിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നു.
അതേസമയം 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ തലവനായിരുന്നു സിന്ധ്യയെന്നായിരുന്നു ഈ റിപ്പോര്‍ട്ടിനോടുള്ള കോണ്‍ഗ്രസിന്റെ പ്രതികരണം. മാര്‍ച്ച് മാസത്തില്‍ കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കാന്‍ സിന്ധ്യയെ സഹായിച്ചവര്‍ എല്ലാം അദ്ദേഹത്തെ മഹാരാജ് എന്നാണ് വിളിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ രാഷ്ട്രീയ ശ്രേണിയിലെ തന്റെ പദവിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ അദ്ദേഹം നിര്‍ബന്ധിതനായിരിക്കുന്നെന്നും കോണ്‍ഗ്രസ് പരിഹസിക്കുന്നു.
എന്നാല്‍ റാങ്കും സീനിയോറിറ്റിയും അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയതെന്നാണ് ബി.ജെ.പിയുടെ പ്രതികരണം. 28 മണ്ഡലങ്ങളിലേക്കാണ് മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."