ഖബര്‍സ്ഥാന്‍ ശുചീകരണത്തിനിടെ പൊലിസ് ലാത്തി വീശി
ഫറോക്ക്: ഖബര്‍സ്ഥാനിലെ കാട് വെട്ടി തെളിച്ച് ശുചീകരിക്കുന്നതിനിടെ പങ്കെടുത്തവര്‍ക്കു നേരെ പൊലിസ് അക്രമം. യാതൊരു പ്രകോപനവുമില്ലാതെ ഖബര്‍സ്ഥാനില്‍ കയറി ലാത്തി വീശി പൊലിസ് നടത്തിയ നരനായാട്ടില്‍ നിരവധി സമസ്ത പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.
ഇന്നലെ രാവിലെ ഒന്‍പതോടെയാണ് സംഭവം. ഖബര്‍സ്ഥാന്‍ കാട് മൂടിയതിനാല്‍ വിശ്വാസികള്‍ക്ക് സന്ദര്‍ശനം നടത്തുന്നതിന് പ്രയാസമുണ്ടായിരുന്നു. ഇതിനാല്‍ പള്ളിക്കമ്മിറ്റി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് ഇന്നലെ ശ്രമദാനത്തിനു പ്രവര്‍ത്തകരെത്തിയത്. ഖബര്‍സ്ഥാന്‍ വളപ്പിനു അകത്തു കടന്ന പൊലിസ് യാതൊരു ചോദ്യവുമില്ലാതെ പ്രവര്‍ത്തകര്‍ക്കു നേരെ ലാത്തി വീശുകയായിരുന്നു. ശുചീകരണ ഉപകരണങ്ങള്‍ ഉപേക്ഷിച്ച് ഓടുന്നതിനിടയില്‍ നിലത്തു വീണ പ്രവര്‍ത്തകരെ പൊലിസ് പൊതിരെ തല്ലിപ്പരുക്കേല്‍പ്പിച്ചു.
ചുറ്റുമതില്‍ കെട്ടിയ ഖബര്‍സ്ഥാന്റെ ഗെയിറ്റിനു മുന്‍പില്‍ വാഹനം നിര്‍ത്തിയാണ് പൊലിസ് അകത്തു കടന്നത്. ഇത് പ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ ഖബര്‍സ്ഥാനില്‍ നിന്ന് പുറത്തിറങ്ങുന്നതിനും തടസമായി. കഴിഞ്ഞദിവസം സമീപത്തെ മദ്‌റസയില്‍ മജ്‌ലിസുന്നൂര്‍ നടക്കുന്നതിനിടെ കാന്തപുരം വിഭാഗം കൈയേറ്റത്തിന് ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു. മജ്‌ലിസുന്നൂര്‍ ഹാളിലേക്ക് അതിക്രമിച്ചു കയറിയ സംഘം മൈക്ക് സെറ്റ് ഓഫാക്കാനും പരിപാടി അലങ്കോലപ്പെടുത്താനും ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. സമസ്ത പ്രവര്‍ത്തകര്‍ ഇവരെ ഹാളില്‍നിന്നു പുറത്താക്കി പരിപാടി നടത്തുകയും ചെയ്തു.
എന്നാല്‍ പരിപാടിക്കു ശേഷം പൊലിസെത്തുകയും മദ്‌റസക്കു സമീപം സംഘടിച്ചു നിന്നവരെ ലാത്തി വീശി ഓടിക്കുകയും ചെയ്തിരുന്നു. സംഘര്‍ഷത്തില്‍ പരുക്കേറ്റവരെ ചുങ്കത്തെ സ്വകാര്യ ആശുപത്രയില്‍ ചികിത്സക്ക് എത്തിച്ചപ്പോഴും കാന്തപുരം വിഭാഗം കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിച്ചു.
വഖ്ഫ് ബോര്‍ഡ് വിധി പ്രകാരം തെരഞ്ഞെടുപ്പ് നടത്തി വിജയിച്ച സമസ്തയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഇവിടെ നിലവിലുള്ളത്. പൊലിസിന്റെ ഭാഗത്തുനിന്ന് അകാരണമായുണ്ടായ നടപടിയില്‍ പുറ്റെക്കാട് മഹല്ല് ജുമാ മസ്ജിദ് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."