35 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വായ്ക്കാനത്തും പട്ടയം
കാസര്‍കോട്: പാലാവയല് വില്ലേജിലെ തയ്യേനി വായ്ക്കാനം പട്ടികവര്‍ഗ കോളനിവാസികള്‍ക്കു പട്ടയം ലഭിക്കുന്നത് 35 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍.
തയ്യേനി വായ്ക്കാനം കോളനിയിലെ ആറു പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ക്കാണ് 35 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പട്ടയം ലഭിക്കുന്നത് . ഇവര്‍ താമസിച്ചിരുന്ന കോളനിയിലെ സര്‍വേ നമ്പര്‍ 109 ലെ സ്ഥലം 1973ല്‍ സര്‍ക്കാര്‍ ഒരു സ്വകാര്യ വ്യക്തിക്കു പതിച്ചു നല്‍കിയിരുന്നു. എന്നാല്‍ പതിച്ചു കിട്ടിയ ആള് ഈ സ്ഥലത്ത് താമസിക്കുകയോ കരം അടക്കുകയോ ചെയ്തിട്ടില്ല.
കോളനിവാസികള്‍ ഈ സ്ഥലം പതിച്ചു കിട്ടാന്‍ നിരവധി തവണ അപേക്ഷ നല്‍കിയിരുന്നെങ്കിലും നടപടി ആയിരുന്നില്ല.
2016 ഡിസംബറില്‍ ജില്ലാ കലക്ടര്‍ കെ. ജീവന് ബാബു തയ്യേനി ഗവ.യു.പി സ്കൂളില്‍ നടത്തിയ 'ഊരില്‍ ഒരുദിനം' എന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ കോളനിവാസികള്‍ അപേക്ഷയുമായി എത്തിയിരുന്നു.
കോളനിവാസികളുടെ അപേക്ഷ പരിശോധിച്ച് അര്‍ഹരാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് 1973ല്‍ നല്കിയ പട്ടയം റദ്ദ് ചെയ്താണ് ആറു പേര്‍ക്കു പുതിയ പട്ടയം നല്‍കുന്നത്.
തയ്യേനി വായ്ക്കാനം കോളനിയിലെ ആറു പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ 13നു നടക്കുന്ന പട്ടയമേളയില്‍ പട്ടയമേറ്റുവാങ്ങും.
പാലാവയല് വില്ലേജില്‍ പട്ടയത്തിനായി നല്കിയ എല്ലാ അപേക്ഷകളിലും നടപടി സ്വീകരിച്ചു കഴിഞ്ഞുവെന്നു വില്ലേജ് ഓഫിസര്‍ കെ.കെ വിനോദ് കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."