ഒടുവില്‍ കുഞ്ഞാടുകള്‍ ഇടത്ത്; മധ്യകേരളം ചുവക്കുമോ?
ഒടുവില്‍ അവര്‍ ഇടതുമുന്നണിയുമായി സഹകരണം പരസ്യമാക്കിയിരിക്കുന്നു. ഇനി നടക്കാനുള്ളത് പട്ടാഭിഷേകം മാത്രം. അണിയറയില്‍ അതിനുള്ള ഒരുക്കം തകൃതി. പട്ടാഭിഷേക തിയതി കുറിക്കുന്നതിന് എല്‍.ഡി.എഫ് യോഗത്തിന്റെ അകലം മാത്രം. കേരള കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി പക്ഷത്തിന്റെ ചേരി മാറ്റത്തിലൂടെ കേരള രാഷ്ട്രീയത്തിന് ഇനി എന്ത് സംഭവിക്കും. ഈ മില്യന്‍ ഡോളര്‍ ചോദ്യത്തിന്റെ ഉത്തരത്തിന് തദ്ദേശ തെരഞ്ഞെടുപ്പും കഴിഞ്ഞ് നിയമസഭ പോരാട്ടം വരെ കാത്തിരുന്നേ മതിയാവൂ. ജോസ് കെ. മാണിയുടെ വരവോടെ മധ്യകേരളം ചുവക്കുമെന്നും മുന്നണികള്‍ അഞ്ചു വര്‍ഷം മാറി മാറി ഭരിക്കുന്ന പ്രതിഭാസത്തിന് മാറ്റംവരുമെന്നുമാണ് സി.പി.എമ്മിന്റെ ഉറച്ച വിശ്വാസം. ജോസിന്റെ ചേരിമാറ്റത്തില്‍ മുന്നണിക്ക് ക്ഷീണം സംഭവിക്കില്ലെന്ന ആത്മവിശ്വാസം യു.ഡി.എഫും പ്രകടിപ്പിക്കുന്നു. വിശ്വാസം, അതല്ലെയെല്ലാം. അധികാരം തേടിയുള്ള ചേരിമാറ്റത്തില്‍ പൊതുജനത്തിനും ശത്രുക്കളായി പടവെട്ടിയ പടയാളികള്‍ക്കുമുള്ള അവിശ്വാസത്തെ കുറിച്ച് ആരും തല്‍ക്കാലം ചിന്തിക്കുന്നില്ല. യു.ഡി.എഫിന്റെ സാമ്രാജ്യമായ മധ്യകേരളം ചുവപ്പിക്കാനുള്ള തന്ത്രമൊരുക്കുന്ന സി.പി.എം എന്തിനും തയാറായാണ് നീങ്ങുന്നത്. ജോസ് കെ. മാണിയും കൂട്ടരും വന്നതിന്റെ ആഹ്ലാദത്തിലാണ് സി.പി.എം നേതൃത്വം.
മധ്യകേരളത്തിലെ, പ്രത്യേകിച്ച് കോട്ടയത്തെ കോണ്‍ഗ്രസുകാരാവാട്ടെ സി.പി.എമ്മിനേക്കാള്‍ വലിയ അത്യാഹ്ലദത്തിലാണ്. ജോസ് കെ. മാണി പോകുമ്പോള്‍ സംഭവിച്ചേക്കാവുന്ന വോട്ടു വിഹിതത്തിലെ ഏറ്റകുറച്ചിലുകളൊന്നും കോണ്‍ഗ്രസുകാരെ അലോസരപ്പെടുത്തുന്നില്ല. തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ജോസ് മുന്നണി ഒഴിഞ്ഞ സീറ്റുകളില്‍ മാത്രമാണ് കണ്ണ്. മധ്യതിരുവിതാംകൂറിലെ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും എറണാകുളത്തിന്റെയും ആലപ്പുഴയുടെയും ചില പ്രദേശങ്ങളിലും ജോസ് കെ. മാണിയുടെയും സംഘത്തിന്റെ കൂടുമാറ്റം സൃഷ്ടിക്കുന്ന രാഷ്ട്രീയ ചലനങ്ങള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ കാണാം. 38 വര്‍ഷത്തിലേറെ എതിര്‍ ചേരികളില്‍ നിന്നവര്‍ ഒരുമിച്ച് എത്തുമ്പോള്‍ ജനാധിപത്യ ചേരിയ്‌ക്കൊപ്പം നില്‍ക്കുന്ന വോട്ട് ബാങ്കിന്റെ പ്രതികരണത്തിലാണ് ജോസ് കെ. മാണിയുടെ രാഷ്ട്രീയ നിലനില്‍പ്പ്. കെ.എം മാണിയല്ല ജോസ് കെ. മാണിയെന്ന് യു.ഡി.എഫ് നേതാക്കള്‍ പറയുന്നു. ഇക്കാലമത്രെയും ജനാധിപത്യ ചേരിക്ക് ഒപ്പം നീങ്ങിയ വോട്ടുബാങ്കില്‍ വിള്ളലുണ്ടാക്കാന്‍ ജോസിനാവില്ലെന്നും യു.ഡി.എഫ് ഉറച്ചുവിശ്വാസിക്കുന്നു.
'മോഷണങ്ങളും കള്ളത്തരങ്ങളും നടത്തിയാല്‍ കെടാത്ത തീയും ചാകാത്ത പുഴുവും നിറഞ്ഞ നരകത്തില്‍ പോകും. ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവ് നഷ്ടപ്പെടുത്തിയിട്ട് എന്ത് പ്രയോജനം'. ബാര്‍ക്കോഴ വിവാദം നുരപൊന്തിയ കാലത്ത് കെ.എം മാണിയെ ചൂണ്ടി വി.എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞതാണിത്. കാണ്ടാമൃഗത്തോടായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ ഉപമ. അധികാരത്തിന്റെ വഴിയില്‍ തനിച്ചായ ജോസും അധികാരത്തിന്റെ തുടര്‍ച്ച ലക്ഷ്യമിടുന്ന സി.പി.എമ്മും കേട്ടതും പറഞ്ഞതുമെല്ലാം മറന്നു കെട്ടിപ്പിടിക്കുന്നു. അധികാര വഴിയിലേക്കുള്ള യാത്രയില്‍ ഇവര്‍ മാത്രം മറന്നത് സാധാരണ പ്രവര്‍ത്തകരും പൊതുജനവും മറന്നിട്ടില്ല.
പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വികാരം എങ്ങനെ പ്രതിഫലിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു ജോസ് നയിക്കുന്ന കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഭാവിയും. കെ.എം മാണിയെന്ന വികാരമാണ് പുത്തന്‍ രാഷ്ട്രീയ യാത്രയിലും ജോസ് പക്ഷത്തിന്റെ തുറുപ്പുചീട്ട്. അതേ കെ.എം മാണിയെ മുന്‍നിര്‍ത്തി ജോസിനെതിരേ യു.ഡി.എഫും അസ്ത്രം തൊടുക്കുകയാണ്. മാണിയെക്കുറിച്ച് മുന്‍പ് പറഞ്ഞതൊന്നും തിരുത്തി പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയനോ കോടിയേരി ബാലകൃഷ്ണനോ തയാറായിട്ടില്ല. സി.പി.എമ്മും ജോസും കെട്ടിപ്പുണരുമ്പോഴും സൈബറിടങ്ങളിലെ പോരാളികള്‍ക്കപ്പുറം അണികള്‍ക്കിടയില്‍ മരവിപ്പ് ദൃശ്യമാണ്.
മധ്യതിരുവിതാംകൂറിലെ ക്രൈസ്തവ സമൂഹത്തിനിടയില്‍ ജോസിലൂടെ സ്വാധീനം ചെലുത്താനാവുമെന്ന കണക്ക് കൂട്ടലാണ് കേരള കോണ്‍ഗ്രസിനെ കൂടെക്കൂട്ടുന്നതിലേക്ക് സി.പി.എമ്മിനെ എത്തിച്ച വികാരം. കെ.എം മാണിയുടെ ശക്തി മധ്യതിരുവിതാംകൂറിലെ ക്രൈസ്തവസഭയായിരുന്നു. സഭയുടെ ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞു തന്നെയായിരുന്നു മാണിയുടെ രാഷ്ട്രീയ നീക്കങ്ങളും സഞ്ചാരവും. സഭയോടും സഭാനേതൃത്വത്തോടും മാണി കാട്ടിയ കൂറിന് തിരിച്ചും അവര്‍ വിശ്വാസം കാട്ടി. എല്‍.ഡി.എഫില്‍ നിന്നിടത്തോളം പി.ജെ ജോസഫിന് സഭയുടെ നിര്‍ലോഭ പിന്തുണ ആര്‍ജിക്കാനായിരുന്നില്ല. സഭ നേതൃത്വത്തിന്റെ ഇടപെടലിന് വഴങ്ങിയാണ് ജോസഫ് മാണിയില്‍ ലയിച്ച് യു.ഡി.എഫില്‍ എത്തിയതും. മാണിയെ ചേര്‍ത്തുനിര്‍ത്തിയ ക്രൈസ്തവസഭ ജോസ് കെ. മാണിയുടെ പുതിയ രാഷ്ട്രീയ നീക്കത്തില്‍ എങ്ങനെ സഹായിക്കുന്നു എന്നിടത്താണ് സി.പി.എമ്മിന്റെ പ്രതീക്ഷയും ജോസിന്റെ രാഷ്ട്രീയ നിലനില്‍പ്പും വിജയം കാണുക.
സി.പി.എം ഉറപ്പിച്ചുതന്നെയാണ് നീങ്ങുന്നത്. ആ നീക്കത്തില്‍ സി.പി.ഐയുടെ എതിര്‍പ്പു അലിഞ്ഞില്ലാതാവുകയാണ്. 'ദുര്‍ബലമാകുന്ന രാഷ്ട്രീയ കക്ഷികളുടെ വെന്റിലേറ്ററല്ല ഇടതുമുന്നണിയെന്ന് ' മൂന്ന് മാസം മുന്‍പ് പറഞ്ഞിടത്തു നിന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പിന്നാക്കം പോയി കഴിഞ്ഞു. കാഞ്ഞിരപ്പള്ളിയുടെ കാര്യത്തിലാണ് സി.പി.ഐയുടെ എതിര്‍പ്പ്. മറ്റൊരു രാഷ്ട്രീയകക്ഷിക്കും നല്‍കാത്ത പ്രാധാന്യം കേരള കോണ്‍ഗ്രസിനു നല്‍കിയാണ് എ.കെ.ജി സെന്ററിലേക്ക് ജോസ് കെ. മാണിയെ സി.പി.എം വരവേറ്റത്. ജോസിന്റെ വഴിമുടക്കിയായി സി.പി.ഐ മാത്രമല്ല, എന്‍.സി.പിയും നില്‍ക്കേണ്ടെന്ന മുന്നറിയിപ്പ് ആ വരവേല്‍പ്പിലുണ്ട്.
മൂന്ന് മാസത്തിലേറെ പെരുവഴിയില്‍ നില്‍ക്കേണ്ടി വന്ന ജോസ് കെ. മാണി പുതിയ സങ്കേതത്തിലേക്ക് ചുവടുമാറ്റുമ്പോള്‍ സംഭവിച്ചേക്കാവുന്ന നഷ്ടം തടയാന്‍ യു.ഡി.എഫ് അരയും തലയും മുറുക്കി രംഗത്തിറങ്ങുമെന്നുറപ്പ്. സ്വന്തം തട്ടകത്തില്‍ പ്രത്യേകിച്ച് ഉമ്മന്‍ചാണ്ടി തന്നെ രംഗത്തിറങ്ങാതെ തരമില്ല. ജോസിനെ പുറത്താക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്‌നാനും കാട്ടിയ അമിതാവേശം ഉമ്മന്‍ ചാണ്ടിയുടെ ജോലി ഭാരം കൂട്ടുന്നതാണ്. ജോസിന്റെ പോക്കില്‍ യു.ഡി.എഫിന് ഒന്നും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കേണ്ട ബാധ്യതയും ഉമ്മന്‍ ചാണ്ടിയുടെയും കോണ്‍ഗ്രസുകാരുടേതുമാണ്. ഇടതു സഹകരണം പ്രഖ്യാപിച്ചപ്പോള്‍ ജോസ് പക്ഷത്ത് നിന്നും യു.ഡി.എഫ് പ്രതീക്ഷിച്ച പൊട്ടലും ചീറ്റലും സംഭവിച്ചില്ലെന്നത് ജോസ് കെ. മാണിയുടെ ആദ്യ വിജയമാണ്. രാഷ്ട്രീയ നിലനില്‍പ്പിനായുള്ള മുന്നണി മാറ്റം താഴെത്തട്ടുവരെ ബോധ്യപ്പെടുത്താന്‍ ജോസ് പക്ഷത്തിനായി. ഇനി തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം കഴിയുമ്പോള്‍ മാത്രമേ പുക വെളുത്തതോ കറുത്തതോയെന്ന് വ്യക്തമാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."