കൂര്‍ക്കംവലി...
ഉറക്കം എന്നത് ദൈവം നമുക്ക് നല്‍കിയ ഏറ്റവും വലിയ അനുഗ്രഹമാണ്. ശരീരത്തിന്റെ പൂര്‍ണവിശ്രമമാണ് ഉറക്കം. ശരിയായ ഉറക്കം ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തെ പുഷ്ടിപ്പെടുത്തുന്നു. ശരിയായ ഉറക്കത്തിന് വിഘാതം സംഭവിച്ചാല്‍ അത് പലവിധത്തിലും നമ്മെ ബാധിക്കുന്നു. അതിനൊരു തടസമാണ് കൂര്‍ക്കംവലി. കൂര്‍ക്കംവലി പലരിലും വ്യത്യസ്ത വിധത്തിലാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നത്.
കൂര്‍ക്കംവലി എങ്ങനെയുണ്ടാവുന്നു?
ഉറങ്ങുമ്പോള്‍ മനുഷ്യശരീരത്തിലെ എല്ലാ പേശികളും വിശ്രമത്തിലായിരിക്കും. എന്നാല്‍, നാം ഉറങ്ങുമ്പോള്‍ മൂക്കു മുതല്‍ ശ്വാസകോശം വരെയുള്ള ഭാഗങ്ങളില്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടെങ്കില്‍ അത് കൂര്‍ക്കംവലിക്ക് കാരണമാവുന്നു. അതായത് രാത്രി കിടക്കുമ്പോള്‍ റിലാക്‌സ് ആയിരിക്കുന്ന ശരീരം നടത്തുന്ന ശ്വസന പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും തടസം നേരിടുമ്പോള്‍ ശ്വസനത്തിന്റെ സ്വാഭാവികതയ്ക്ക് ഭംഗം വരുന്നത്. ഇതാണ് കൂര്‍ക്കംവലിയായി മാറുന്നത്.
കൂര്‍ക്കം വലി എപ്പോള്‍ ആരോഗ്യപ്രശ്‌നമായി മാറുന്നു?
എത്രയോ ആളുകള്‍ കൂര്‍ക്കം വലിക്കുന്നുണ്ട്. ഒരു പക്ഷേ, നിങ്ങളോ, നിങ്ങളുടെ സുഹൃത്തുക്കളോ, ബന്ധുക്കളോ, സഹോദരങ്ങളോ ആരും കൂര്‍ക്കം വലിക്കുന്നവരുണ്ടാകാം. എന്നാല്‍, ഇത് എപ്പോഴാണ് അപകടകരമായി മാറുന്നത്.
കൂര്‍ക്കംവലി തുടക്കം പ്രശ്‌നമൊന്നുമുണ്ടാക്കില്ല. കാലം കഴിയുന്തോറുമാണ് അത് പ്രശ്‌നമായി മാറുന്നത്. തുടക്കത്തില്‍ നമ്മുടെ കൂടെ കിടക്കുന്നവര്‍ക്ക് അത് ഒരു ശബ്ദത്തിന്റെ പ്രശ്‌നമായി മാത്രമേ മാറൂ. പിന്നീടാണ് ഇത് ഒരു രോഗമായി മാറുന്നത്. കാലം കഴിയുന്തോറും ശ്വസനത്തിന് തടസം നേരിടുന്നു. തുടര്‍ച്ചയായി കൂര്‍ക്കംവലിക്കുമ്പോള്‍ ഏതാനും സെക്കന്റുകള്‍ ശ്വാസം നിന്നുപോവുന്ന അവസ്ഥയുണ്ടാകുന്നു. ഈ അവസ്ഥയെ എപ്‌നിയ (Apnea).
എപ്‌നിയ (Apnea)
എപ്‌നിയ എന്നാല്‍ ഏതാണ്ട് 10 സെക്കന്റ് നേരം ശ്വാസം നിന്നു പോവുന്ന അവസ്ഥയാണ്. ശ്വാസം നില്‍ക്കുമ്പോള്‍ തലച്ചോറിലേക്കെത്തുന്ന ഓക്‌സിജന്റെ അളവ് കുറയുകയും. ഇത് മനസിലാക്കി തലച്ചോര്‍ കൂടുതല്‍ ഓക്‌സിജന്‍ ആവശ്യപ്പെടുന്നു. സ്വാഭാവികമായും ഉറങ്ങുന്നയാള്‍ ഉറക്കമുണരുന്നു. ഇത് തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടേയിരിക്കും. അപ്പോഴാണ് എപ്‌നിയ ഒരു രോഗമായി മാറുന്നത്. ഇതിനെ ഒബ്‌സ്ട്രക്ടീവ് സ്ലീപ് എപ്‌നിയ (Obstructive sleep apnea) എന്നു വിളിക്കുന്നു.
ഒബ്‌സ്ട്രക്ടീവ് സ്ലീപ് എപ്‌നിയ (Obstructive sleep apnea)
ഈ രോഗം വന്നാലുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍...
ശ്വാസം നിന്നു പോവുമ്പോള്‍ ഓക്‌സിജന്‍ ലഭിക്കാനായി ശരീരം ഉണരുന്നു. അതോടെ രാത്രിയിലെ സുഗമമായ ഉറക്കം ഈ അവസ്ഥമൂലം നഷ്ടമാകുന്നു. ഇത് രാവിലെയുള്ള നമ്മുടെ ദിനത്തിന് വിഘാതം വരുത്തുന്നു. എപ്പോഴും ഉറക്കം തൂങ്ങുന്ന അവസ്ഥയുണ്ടാവും. എട്ടു മണിക്കൂര്‍ ഉറങ്ങിയാലും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഊര്‍ജസ്വലത ഉണ്ടാകില്ല. തൊണ്ടയും വായയും വരണ്ടിരിക്കുന്നു.
ഇടയ്ക്കിടയ്ക്ക് ഉണരുമ്പോള്‍ കൂടുതല്‍ ഓക്‌സിജന്‍ ശരീരം വലിച്ചെടുക്കും. ഇത് ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തിക്കേണ്ട ഉത്തരവാദിത്തം ഹൃദയത്തിനാണ്. സ്വാഭാവികമായും രാത്രി വിശ്രമിക്കേണ്ട ഹൃദയം കൂടുതല്‍ ജോലിയെടുക്കേണ്ടി വരുന്നു. സ്വാഭാവികമായും ഹൃദയത്തിന്റെ പേശികളെല്ലാം കൂടുതല്‍ കട്ടിയാവുന്നു. ഇത് കൂര്‍ക്കംവലിയുള്ള ആളെ രക്തസമ്മര്‍ദ്ദത്തിലേക്ക് നയിക്കുന്നു. നാം ചിലപ്പോഴെക്കെ കേള്‍ക്കാറുള്ള വാര്‍ത്തയാണ് ഉറങ്ങാന്‍ പോയതിനുശേഷം ഹാര്‍ട്ട് അറ്റാക്ക് വന്നു മരിച്ചു എന്നത്. പുലര്‍ച്ചെയുണ്ടാകുന്ന ഹാര്‍ട്ട് അറ്റാക്കിന് ഒബ്‌സ്ട്രക്ടീവ് സ്ലീപ് എപ്‌നിയയുമായി ബന്ധമുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
കൂര്‍ക്കം വലി എങ്ങനെ സുഖപ്പെടുത്താം..
നിരവധി കാരണങ്ങള്‍ കൊണ്ട് കൂര്‍ക്കം വലിയുണ്ടാവാം. മൂക്കില്‍ ദശയുള്ളത് കൊണ്ടാവാം, മൂക്കിന്റെ പാലം വളഞ്ഞിരിക്കുക, തൈറോയ്ഡ് കൊണ്ടോ ഒക്കെ കൂര്‍ക്കം വലി ഉണ്ടാവും. എന്നാല്‍, ഇതിനപ്പുറം പ്രധാനമായും കൂര്‍ക്കംവലി ശരീരഭാരവുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. കൂര്‍ക്കം വലിയുള്ള ഒരാള്‍ തന്റെ ബോഡി മാസ് ശ്രദ്ധിക്കണം. പൊണ്ണത്തടിയുള്ളയാളാണെങ്കില്‍ തീര്‍ച്ചയായും ഭാരം കുറയ്ക്കണം. തങ്ങളുടെ ഭാരത്തിന്റെ 10 ശതമാനം ഭാരം കുറച്ചാല്‍ കൂര്‍ക്കം വലി 25 ശതമാനം കുറയും. അതുകൊണ്ടു തന്നെ ശരീരഭാരം കൂര്‍ക്കംവലിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. എന്നാല്‍, കൂര്‍ക്കംവലിക്കായി ചികിത്സയില്ല. മരുന്നുകൊണ്ട് മാറുന്ന അസുഖമല്ല കൂര്‍ക്കംവലി. പ്രധാനമായും രണ്ട് മാര്‍ഗങ്ങളാണ് പൊതുവെ കൂര്‍ക്കംവലി മാറാന്‍ ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുക.
ഒന്നാമത്തെ മാര്‍ഗം: സിപാപ്
ഓക്‌സിജന്‍ മാസ്‌ക് ധരിക്കുന്നത് പോലെ ധരിച്ചുകിടക്കുന്ന ഒന്നാണ് സിപാപ് മെഷിന്‍. ഉറങ്ങുമ്പോള്‍ ഇത് ധരിച്ചുകിടന്നാല്‍ കൂര്‍ക്കംവലി ഉണ്ടാവില്ല. സിപാപ് ധരിച്ചുകിടക്കുമ്പോള്‍ നമ്മുടെ ശരീരത്തിനാവശ്യമായ വായു മൂക്ക് വഴി ശരീരത്തിലേക്ക് എത്തിക്കുകയാണ് സിപാപ് ചെയ്യുന്നത്. ശരീരത്തിലേക്ക് വായു എത്തിക്കുന്നത് ഓരോരുത്തരുടെയും ശരീരത്തില്‍ വ്യത്യസ്ത അളവിലായിരിക്കും. ഇത് പരിശോധിച്ച് സെറ്റ് ചെയ്താണ് സിപാപ് ഉപയോഗിക്കേണ്ടത്. എന്നാല്‍, സിപാപ് നമ്മള്‍ കൊണ്ടുപോവുന്നിടത്തെല്ലാം കൊണ്ടുപോവണം. അത് ധരിച്ചുകിടക്കുക എന്നത് ചിലപ്പോള്‍ ബുദ്ധിമുട്ടായി തോന്നിയേക്കാം. ഇത്തരക്കാര്‍ക്കാണ് രണ്ടാമത്തെ മര്‍ഗം.
രണ്ടാമത്തെ മാര്‍ഗം: ശസ്ത്രക്രിയ
സിപാപ് ഉപയോഗിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ക്കാണ് ഈ മാര്‍ഗം. ശരീരത്തിലെ നമ്മുടെ വായുസഞ്ചാരത്തെ തടസപ്പെടുത്തുന്ന തടസത്തെ നീക്കം ചെയ്യുകയാണ് ശസ്ത്രക്രിയയിലൂടെ ചെയ്യുക. ശസ്ത്രക്രിയ പൊതുവേ കൂര്‍ക്കംവലി ദുഷ്‌കരമായവര്‍ക്ക് മാത്രമേ ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കാറുള്ളൂ. ഇതോടെ തടസം നീക്കിയാല്‍ നമ്മുടെ കൂര്‍ക്കംവലി നില്‍ക്കും.
ശ്രദ്ധിക്കേണ്ടവ: ശസ്ത്രക്രിയ വഴി തടസങ്ങള്‍ നീക്കിയാലും വീണ്ടും തടസം വരാം. നമ്മുടെ ജീവിതശൈലി തന്നെയാണ് അതിന് ഒരു പരിധിവരെ കാരണം. ക്രമം തെറ്റിയുള്ള ഭക്ഷണം പൊണ്ണത്തടിക്കുകാരണമാവുന്നു. അതുപോലെ ജങ്ക്ഫുഡുകള്‍, മദ്യം കഴിച്ച ശേഷം കിടക്കുന്നത്. ഭക്ഷണം കഴിച്ച ഉടനെ തന്നെ കിടക്കുന്നത് എല്ലാം കൂര്‍ക്കംവലി വരുന്നതിന് കാരണമാവുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."