അടിസ്ഥാനവികസനമെന്ന സമസ്യ
പ്രകൃതിക്ഷോഭങ്ങളെ നമുക്കു നിയന്ത്രിക്കാനാവില്ല. ഏതു മുന്നൊരുക്കത്തെയും അതു തകര്‍ത്തെറിയും. അത് അപ്രതീക്ഷിതമായിരിക്കും. മനുഷ്യനിര്‍മിത പ്രകൃതിക്ഷോഭങ്ങളില്‍ ജനങ്ങള്‍ക്കു ജീവഹാനി നേരിടുമ്പോള്‍ അതു മനഃപൂര്‍വമല്ലാത്ത നരഹത്യയായി നിര്‍വചിക്കപ്പെടണം. പ്രളയത്തില്‍ നൂറുകണക്കിനു ജനങ്ങള്‍ക്കു ജീവഹാനി നേരിട്ട കേരളത്തില്‍ ലക്ഷങ്ങള്‍ ഭവനരഹിതരായി. ആയിരങ്ങള്‍ക്കു പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു. ഈ പ്രളയം മനുഷ്യനിര്‍മിതമാണെന്നു പറയുമ്പോഴും കുറ്റവാളികള്‍ കാണാമറയത്തുതന്നെയാണ്.
നികുതിദായകരുടെ സ്വത്തിനും ജീവനും സംരക്ഷണം ഒരുക്കേണ്ടത് ഉത്തരവാദിത്വമാണെന്നിരിക്കേ ഭരണാധികാരികള്‍ക്ക് എളുപ്പത്തില്‍ കൈകഴുകി രക്ഷപ്പെടാനാകില്ല. മാറിമാറി കേരളം ഭരിച്ചു മുടിച്ചവര്‍ക്കു പാപഭാരത്തില്‍ നിന്നു മുക്തമാകാനുമാവില്ല. വികസനത്തിന്റെ മറവില്‍ നടന്ന ഭൂമി കൈയേറ്റം, നദീതട കൈയേറ്റം, തണ്ണീര്‍ത്തടം നികത്തല്‍, അനിയന്ത്രിത നിര്‍മാണങ്ങള്‍ ഇതൊക്കെയും പ്രളയത്തിന്റെ ഭീകരത വര്‍ധിപ്പിച്ചു.
വ്യക്തമായി പറഞ്ഞാല്‍ നമ്മുടെ വികസനാശയം തന്നെ പുനര്‍നിര്‍വ്വചനത്തിനു വിധേയമാക്കേണ്ടിയിരിക്കുന്നു. സാധാരണക്കാരല്ല അതിനുത്തരവാദികളെന്നു പ്രത്യേകം പറയേണ്ടതില്ല. ഉദ്യോഗസ്ഥവൃന്ദവും വന്‍കിട മുതലാളിമാരും ചില രാഷ്ട്രീയപിന്തിരിപ്പന്മാരും കൂടി സ്‌പോണ്‍സര്‍ ചെയ്തതാണു പ്രളയമെന്നതില്‍ തര്‍ക്കമില്ല. മഴവെള്ളം നിറഞ്ഞുകിടന്ന മേഖലകളിലേയ്ക്കു നിരുത്തരവാദപരമായി ഡാം തുറന്നുവിട്ടതിനും മുന്നറിയിപ്പു നല്‍കാതെ ജനങ്ങളെ ബുദ്ധിമുട്ടിച്ചതിനും ഉത്തരവാദികളായവര്‍ക്കെതിരേ നടപടിയെടുക്കേണ്ടതുണ്ട്. ഭാവിയില്‍ ഇതിനെതിരേ കരുതലുണ്ടായേ മതിയാവൂ.
അടിസ്ഥാന വികസനം
ബജറ്റ് അവതരിപ്പിക്കുമ്പോള്‍ അടിസ്ഥാനവികസനത്തിനു മാറ്റിവയ്ക്കുന്ന തുക എത്രമാത്രം വിനിയോഗിക്കപ്പെട്ടെന്ന കണക്കുകള്‍ പുറത്തുവിടണം. ഇത് ഓഡിറ്റിങ്ങിലൂടെ കണ്ടെത്തിയാല്‍ മൂക്കത്തു വിരല്‍വച്ചുപോകും. നീക്കിവച്ചതിന്റെ നാലിലൊന്നുപോലും അതിനു മാത്രമായി ഉപയോഗപ്പെടുത്തിയിട്ടുണ്ടാവില്ല. അതുകൊണ്ടാണല്ലോ ഓടകള്‍ ഇന്നും അടഞ്ഞുതന്നെ കിടക്കുന്നത്.
അപ്പോള്‍ കുറ്റപ്പെടുത്തേണ്ടത് ആരെയാണ്. അടിസ്ഥാനവികസനം ഒച്ചിഴയും വിധമാകുന്നതില്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്കു പങ്കുണ്ട്. ബജറ്റില്‍ ഒരു പ്രദേശത്തെ അടിസ്ഥാനവികസനത്തിന് എത്ര തുക മാറ്റിവച്ചുവെന്നു പരിശോധിക്കണം. അത് എല്ലാവര്‍ഷവും വര്‍ധിപ്പിക്കണം. ബജറ്റില്‍ അഴിച്ചുപണി ആവശ്യമാണെന്നതിലേയ്ക്കാണ് ഇതു വിരല്‍ചൂണ്ടുന്നത്.
കേന്ദ്ര ബജറ്റ് പ്രഖ്യാപിച്ചതോടെ അടിസ്ഥാനസൗകര്യം വികസിക്കുന്നുണ്ടെന്ന ധാരണ വേണ്ട. കുത്തക കമ്പനികള്‍ക്കൊന്നും പഴയ താല്‍പ്പര്യമില്ല. എല്ലാവരും പിന്‍വലിഞ്ഞതോടെ വികസനപ്രക്രിയ കൂപ്പുകുത്തിയ അവസ്ഥയിലാണ്. പദ്ധതികളില്‍ 80 ശതമാനം കുറവ് അനുഭവപ്പെടുന്നുവെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രഖ്യാപിച്ച പദ്ധതികള്‍ താളം തെറ്റി. വിദേശങ്ങളില്‍ മോദി നടത്തുന്ന റോഡ് ഷോയ്ക്ക് രാജ്യത്തിന്റെ വികസന പ്രക്രിയയെ നയിക്കാനാവില്ലെന്ന് ഇതു ചൂണ്ടിക്കാട്ടുന്നു.
കേരളമെന്നല്ല, ഇന്ത്യയുടെ പല ഭാഗങ്ങളും പ്രളയഭീഷണിയിലാണ്. കണക്കുകളനുസരിച്ച് ഇന്ത്യയുടെ ഭൂപ്രദേശത്തില്‍ 15 ശതമാനം എല്ലാ വര്‍ഷവും പ്രളയം അഭിമുഖീകരിക്കുന്നു. ശരാശരി 2000 പേര്‍ക്കെങ്കിലും പ്രതിവര്‍ഷം ജീവഹാനി ഉണ്ടാകുന്നു. കാര്‍ഷിക-പാര്‍പ്പിട മേഖലകളിലുള്‍പ്പെടെ 20 ദശലക്ഷം ഏക്കര്‍ ഭൂമി നശിക്കുന്നു. 2000 കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടാകുന്നു. ഇതു ശരാശരി കണക്കാണ്. എല്ലാ വര്‍ഷവും തുടരുന്ന പ്രതിഭാസമാണെന്നിരിക്കെ നിയന്ത്രിക്കാനാവാത്തതു ഭരണസംവിധാങ്ങളുടെ പിടിപ്പുകേടായേ നിര്‍വചിക്കാനാവൂ.
കേരളം പ്രളയക്കെടുതിയില്‍നിന്നു രക്ഷപ്പെട്ടുവെന്നു പറയുന്നതു കര്‍ഷകരും ബാങ്കുകളും രക്ഷപ്പെട്ടുവെന്നു പറയുന്നതിനു തുല്യമാണ്. ചെറുകിട കച്ചവടക്കാരെയും കര്‍ഷകരെയും തുടച്ചുനീക്കിയാണു പ്രളയം കടന്നുപോയത്. ദേശീയ ശരാശരിയില്‍ മൂന്നു ശതമാനം മാത്രമാണു കേരളത്തില്‍ ബാങ്കുകള്‍ നല്‍കിയിരിക്കുന്ന കാര്‍ഷിക വായ്പയെങ്കിലും അത് ഈടായി തിരികെ പിടിക്കാന്‍ ബാങ്കുകള്‍ക്കു പരിമിതിയുണ്ട്.
സര്‍ക്കാര്‍ സംവിധാനം
പ്രകൃതി ക്ഷോഭം മുന്‍കൂട്ടി മനസിലാക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ നിലവിലുണ്ട്. ശാസ്ത്രീയ വിശകലനത്തിലൂടെ കണ്ടെത്താനും വിശദീകരിക്കാനും പ്രതിരോധമാര്‍ഗം നിര്‍ദേശിക്കാനും ഈ ഏജന്‍സികള്‍ക്ക് പ്രാപ്തിയുമുണ്ട്. എന്നാല്‍, ഈ ഏജന്‍സികളുടെ കണ്ടെത്തലുകള്‍ക്കും നിര്‍ദേശങ്ങള്‍ക്കും സര്‍ക്കാര്‍ വേണ്ടത്ര പരിഗണന നല്‍കാറില്ല. ഫലത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ നിയോഗിക്കപ്പെടുന്നവര്‍ രക്ഷാസംവിധാനം പ്രാവര്‍ത്തികമാക്കുന്നതില്‍ അലംഭാവം കാട്ടുന്നു. ഇതൊക്കെ വെറും ആരോപണങ്ങളാണെന്നു കരുതരുത്.
കഴിഞ്ഞവര്‍ഷം രാജ്യത്തിന്റെ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ പാര്‍ലമെന്റില്‍ വച്ച റിപ്പോര്‍ട്ട് ഇതിലേയ്ക്കു വെളിച്ചം വീശുന്നതാണ്. കാലാകാലങ്ങളില്‍ ഈ ഏജന്‍സികള്‍ നല്‍കുന്ന പ്രോജക്ട് ഡിസൈനുകളെല്ലാം ഫണ്ടിന്റെ അപര്യാപ്തത മൂലം തള്ളിക്കളയുകയോ കാലഹരണപ്പെടുകയോ ചെയ്യലാണു പതിവ്.
ഉദാഹരണത്തിന്, പ്രളയം മുന്‍കൂട്ടി പ്രവചിക്കാനാവുന്ന 219 ടെലിമെട്രി സ്റ്റേഷനുകള്‍ രാജ്യമാകെ സ്ഥാപിക്കാന്‍ ഏജന്‍സികള്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ നാലിലൊന്നുപോലും ഇനിയും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതു ഗൗരവമുള്ള വിഷയമാണ്. നേരത്തേ സ്ഥാപിച്ച ഇത്തരം 375 സ്‌റ്റേഷനുകളില്‍ 60 ശതമാനവും പ്രവര്‍ത്തനക്ഷമമല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇനിയുള്ള കാലത്തും സാധാരണക്കാര്‍ മുങ്ങിച്ചാവുമെന്നാണ് ഈ കണക്കുകള്‍ നല്‍കുന്ന പാഠം.
കേരളത്തിന്റെ അവസ്ഥ
രാജ്യത്തെ പ്രകൃതിക്ഷോഭ പരിശോധനാ സംവിധാനത്തിനും ദുരന്തനിവാരണ മാര്‍ഗങ്ങള്‍ക്കും ദശാബ്ദങ്ങള്‍ പഴക്കമുണ്ട്. തെറ്റുകള്‍ കണ്ടെത്തി ഭാവിയില്‍ തിരുത്താനുള്ള സംവിധാനത്തിന്റെ അപര്യാപ്തത, പ്രത്യേകിച്ച് കേരളത്തില്‍, ഇന്നും ദൃശ്യമാണ്.
അണക്കെട്ടില്‍ നിന്ന് ഒരടി വെള്ളം തുറന്നുവിട്ടാല്‍ നദികളില്‍ എത്ര വെള്ളം കൂടുമെന്നതാണു മുഖ്യമായി അറിയാനുള്ളത്. ഇതറിയാന്‍ ഇനിയും സംസ്ഥാനത്തിന് ആവശ്യമായ സാങ്കേതികജ്ഞാനമില്ല. ഫ്‌ളഡ് മാപ്പ് എന്നറിയുന്ന ഇതിനുവേണ്ടി നാലുവര്‍ഷം മുന്‍പ് 280 കോടി രൂപയാണ് ലഭിച്ചത്. ഇന്നും മുടന്തുന്ന പദ്ധതി പൂര്‍ത്തിയാകാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നാണ് അറിവ്. അതുവരെ ഡാം സേഫ്റ്റി കമ്മിറ്റി ചെയര്‍മാന്‍ പറയുന്നതുപോലെ പ്രളയം തടയാന്‍ കഴിയില്ല, അത് വരും ആളുകള്‍ മുങ്ങും. വളരെ നിസാരം.
സംസ്ഥാനങ്ങളിലെ വലിയ അണക്കെട്ടുകളുമായി ബന്ധപ്പെട്ട് അടിയന്തരമായി കൈക്കൊള്ളേണ്ട നടപടി ക്രമങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കണമെന്ന് വ്യവസ്ഥയുണ്ട്. വിവരങ്ങള്‍ കൃത്യമായി കൈമാറിയാല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അത് വിശകലനം ചെയ്ത് അണക്കെട്ടു തകരുന്നതുപോലെ എന്തെങ്കിലും സംഭവിച്ചാല്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന പ്രദേശം കണ്ടെത്താനും ദുരന്തനിവാരണത്തിനു മുന്‍കരുതലുകള്‍ നിര്‍ദ്ദേശിക്കാനും കഴിയും.
ഇന്ത്യയിലെ അയ്യായിരത്തോളം അണക്കെട്ടുകളില്‍ ഏഴു ശതമാനത്തിനുമാത്രമാണ് അടിയന്തര കര്‍മപദ്ധതി രൂപീകരിച്ചിട്ടുള്ളത്. കേരളത്തില്‍ 61 അണക്കെട്ടുകള്‍ ഉണ്ടെന്നിരിക്കേ ഒരെണ്ണത്തിനുപോലും ഇത്തരം കര്‍മപദ്ധതികളില്ല. ഇതു വിരല്‍ചൂണ്ടുന്നത് അധികാരിവര്‍ഗത്തിനു നേരേതന്നെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."