സഊദിയില്‍ സ്വകാര്യമേഖലയില്‍ ആദ്യമായി സ്വദേശികള്‍ വിദേശികള്‍ക്കൊപ്പമെത്തി
ജിദ്ദ: സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങളില്‍ ആദ്യമായി സ്വദേശികള്‍ വിദേശികള്‍ക്കൊപ്പമെത്തിയതായി മന്ത്രാലയം. കഴിഞ്ഞ വര്‍ഷം സ്വകാര്യ മേഖലയില്‍ തൊഴില്‍ ലഭിച്ചവരില്‍ 48.3 ശതമാനം സഊദികളും 51.7 ശതമാനം വിദേശികളുമാണ്. 2015നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം സ്വകാര്യമേഖലയില്‍ സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങളില്‍ 75 ശതമാനം കുറവുണ്ടായി.
കഴിഞ്ഞ വര്‍ഷം സ്വകാര്യ മേഖലയില്‍ 1,50,130 തൊഴിലവസരങ്ങളാണ് പുതുതായി സൃഷ്ടിക്കപ്പെട്ടത്. 2015ല്‍ ഇത് 5,96,000 ആയിരുന്നു. അഞ്ചു വര്‍ഷത്തിനിടെ സ്വകാര്യമേഖലയില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടത് 2013ലായിരുന്നു. ആ വര്‍ഷം 11,92,000 ആയിരുന്നു കണക്ക്. 2012ല്‍ 7,06,030ഉം 2014ല്‍ 3,41,700ഉം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്കുകള്‍ പ്രകാരം സ്വകാര്യമേഖലയില്‍ 10.7 ദശലക്ഷം തൊഴിലാളികളുണ്ട്. ഇവരില്‍ 18.1 ലക്ഷം പേര്‍ സഊദികളും 89.5 ലക്ഷം പേര്‍ വിദേശികളുമാണ്. സ്വകാര്യമേഖലയില്‍ സഊദികള്‍ 16.8 ശതമാനവും വിദേശികള്‍ 83.2 ശതമാനവുമാണ്.
സഊദിവല്‍ക്കരണ ശ്രമങ്ങള്‍ ഫലം ചെയ്യുന്നുണ്ടെന്നാണു കഴിഞ്ഞ വര്‍ഷം സ്വകാര്യ മേഖലയില്‍ തൊഴില്‍ ലഭിച്ച സഊദികളുടെയും വിദേശികളുടെയും എണ്ണം ഏറെക്കുറെ സമമായത് വ്യക്തമാക്കുന്നത്. സ്വകാര്യമേഖലയില്‍ സഊദികള്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിച്ച് 2030ഓടെ തൊഴിലില്ലായ്മാനിരക്ക് 12.3ല്‍നിന്ന് ഏഴുശതമാനമായി കുറക്കുന്നതിന് 'വിഷന്‍ 2030' പദ്ധതി ലക്ഷ്യമിടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."