ന്യൂനപക്ഷ വകുപ്പിലെ അനധികൃത നിയമനം വിജിലന്‍സ് പരാതി അട്ടിമറിക്കുന്നു
മലപ്പുറം: ന്യൂനപക്ഷ വകുപ്പിലെ അനധികൃത നിയമനങ്ങള്‍ക്കെതിരേ നല്‍കിയ പരാതി വിജിലന്‍സ് അട്ടിമറിക്കുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ആറ് മാസങ്ങളായി നടത്തിയ അനധികൃത കരാര്‍ നിയമനത്തിനെതിരേ തെളിവുകള്‍ സഹിതം നല്‍കിയ പരാതിയാണ് ഒരുമാസത്തോളമായിട്ടും യാതൊരു നടപടിയുമില്ലാതെ കിടക്കുന്നത്.
സംസ്ഥാന ന്യൂനപക്ഷ ഡയറക്ടറേറ്റിനു പുറമേ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന പി.എസ്.സി പരിശീലന കേന്ദ്രങ്ങളിലുമായി 60 ഓളം തസ്തികകളിലാണ് ചട്ടങ്ങള്‍ പാലിക്കാതെയുള്ള നിയമനങ്ങള്‍ നടന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വകുപ്പ് മന്ത്രി കെ.ടി ജലീല്‍, ഡയറക്ടര്‍ അലി അഷ്‌കര്‍ പാഷ, പ്രൈവറ്റ്.സെക്ര. മുജീബ് വെട്ടന്‍, ഇന്റര്‍വ്യൂ ബോര്‍ഡംഗം, പൊതുഭരണ ജോയിന്റ് സെക്രട്ടറി എന്നിവര്‍ക്കെതിരേ വേങ്ങര സ്വദേശി അസീസ് മാടഞ്ചേരി ഏപ്രില്‍ 20 നാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി സമര്‍പ്പിച്ചത്. ഈ പരാതിയുടെ നിലവിലെ സ്ഥിതി അറിയുന്നതിനായി വിജിലന്‍സ് ഡയറക്ടറേറ്റില്‍ ബന്ധപ്പെട്ടപ്പോള്‍ അന്വേഷണം തുടങ്ങിയില്ല എന്ന മറുപടിയാണ് ലഭിച്ചത്.
അതേസമയം കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ വകുപ്പിന് കീഴിലുള്ള കരുനാഗപ്പള്ളി, കാഞ്ഞിരപ്പള്ളി, തൊടുപുഴ, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം പരിശീലനകേന്ദ്രങ്ങളിലും വകുപ്പ് ഡയറക്ടറേറ്റിലും വിജിലന്‍സ് ഡി.വൈ.എസ്.പി മാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു. നിയമനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പിടിച്ചെടുത്ത വിജിലന്‍സ് പരിശോധനക്കു ശേഷം നിയമനം ലഭിച്ചവരുടെ അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ഉദ്യോഗസ്ഥരുടെ മുമ്പാകെ ഹാജരാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഡയറക്ടറേറ്റില്‍ തുടര്‍ച്ചയായി രണ്ട് ദിവസം പരിശോധിക്കുകയും വകുപ്പ് മേധാവിയില്‍ നിന്നും നിയമന ചുമതലയുള്ള സെക്ഷന്‍ ക്ലര്‍ക്കില്‍ നിന്നും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
അനധികൃത നിയമനവുമായി ബന്ധപ്പെട്ട പരാതി ലഭിച്ച് അന്വേഷണം തുടങ്ങി ഏതാനു ദിവസങ്ങള്‍ക്കകം വകുപ്പ് ഡയറക്ടര്‍ നീണ്ട അവധിയില്‍ പ്രവേശിച്ചിരുന്നു. അഡ്മിനിസ്‌ട്രേഷന്‍ ഓഫിസര്‍ക്കാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. അതിനിടെ അവധിയില്‍ പ്രവേശിച്ച വകുപ്പ് ഡയറക്ടര്‍ വകുപ്പ് മാറ്റത്തിന് അപേക്ഷ നല്‍കിയതായും സൂചനയുണ്ട്.
നിലവില്‍ ഡയറക്ടര്‍ ഇല്ലാത്ത ന്യൂനപക്ഷ വകുപ്പില്‍ മലപ്പുറം ജില്ലക്കാരനായ ഒരു കോളജ് അധ്യാപകനെ നിയമിക്കുന്നതിനായി ശ്രമം നടക്കുന്നുണ്ട്. വഴിവിട്ട നിയമനങ്ങളില്‍ അഭിപ്രായ ഭിന്നതയുള്ളതിനാലാണ് ഐ.എ.എസുകാരനായ ഡയറക്ടര്‍ നിര്‍ബന്ധിത അവധിയില്‍ പോയതെന്നും സൂചനയുണ്ട്. വിജിലന്‍സില്‍ നിന്നും നടപടിയുണ്ടാകാത്ത പശ്ചാതലത്തില്‍ വിജിലന്‍സ് കോടതിയെ സമീപിക്കാനാണ് പരാതിക്കാരന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."