HOME
DETAILS
MAL
ബാര്‍കോഴ ഗൂഢാലോചന അന്വേഷണ റിപ്പോര്‍ട്ട് ഒറിജിനലോ വ്യാജനോ?
backup
October 19 2020 | 01:10 AM
സ്വന്തം ലേഖകന്‍
കോട്ടയം: കെ.എം മാണിക്കെതിരായ ബാര്‍കോഴക്കേസിലെ ഗൂഢാലോചനയ്ക്കു പിന്നില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവരെന്ന കേരള കോണ്‍ഗ്രസ് (എം) റിപ്പോര്‍ട്ട് ഒറിജിനലോ വ്യാജനോ? പുറത്തുവന്ന റിപ്പോര്‍ട്ട് വ്യാജനെന്ന് അന്വേഷണ സമിതിയിലെ അംഗങ്ങള്‍ പറയുന്നു. ഇതല്ല അന്വേഷണ റിപ്പോര്‍ട്ടെന്നും ഒറിജിനല്‍ തങ്ങളുടെ കൈയിലുണ്ടെന്നും ജോസ് കെ. മാണിയും വ്യക്തമാക്കുന്നു.
മാണിക്കെതിരായ ഗൂഢാലോചന അന്വേഷിക്കാന്‍ കേരള കോണ്‍ഗ്രസ് (എം) നിയോഗിച്ച സമിതിയുടെ അധ്യക്ഷനായിരുന്ന സി.എഫ് തോമസിന്റെ പേരിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. അദ്ദേഹത്തിന്റെ ഒപ്പില്ലാത്ത റിപ്പോര്‍ട്ട് പുറത്തുവിട്ടവരും ഒറിജിനലോ വ്യാജനോ എന്ന് ഉറപ്പിച്ചു പറയുന്നില്ല. കേരള കോണ്‍ഗ്രസ് (എം) ഡെപ്യൂട്ടി ചെയര്‍മാനായിരുന്ന അന്തരിച്ച സി.എഫ് തോമസിന്റെ പേരിലുള്ള റിപ്പോര്‍ട്ട് സ്വകാര്യ ഏജന്‍സി തയാറാക്കിയതെന്നാണ് പുറത്തുവിട്ടവരുടെ അവകാശവാദം.
മൂന്നു തവണ മാത്രം യോഗം ചേര്‍ന്ന സമിതി അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയിരുന്നില്ലെന്ന് സമിതി അംഗവും മാണിയുടെ വിശ്വസ്തനുമായിരുന്ന ജോയി എബ്രഹാം പറഞ്ഞു. പുതിയ രാഷ്ട്രീയ സാഹചര്യത്തെ നേരിടാന്‍ ലക്ഷ്യമിട്ടു ജോസ് പക്ഷം തട്ടിക്കൂട്ട് റിപ്പോര്‍ട്ട് ഉണ്ടാക്കിയതാണെന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. പ്രതിപക്ഷനേതാവിനു പുറമെ പി.സി ജോര്‍ജ്, അടൂര്‍ പ്രകാശ് എം.പി, ആര്‍. ബാലകൃഷ്ണപിള്ള, ഫ്രാന്‍സിസ് ജോര്‍ജ്, ബാറുടമ ബിജു രമേശ്, മുന്‍ അഡ്വക്കറ്റ് ജനറല്‍ ദണ്ഡപാണി, മുന്‍ ഡി.ജി.പി ജേക്കബ് തോമസ്, വിജിലന്‍സ് എസ്.പിയായിരുന്ന ആര്‍. സുകേശന്‍ എന്നിവര്‍ക്കെല്ലാം മാണിക്കെതിരായ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഉമ്മന്‍ ചാണ്ടിക്കുള്‍പ്പെടെ അറിവുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്.
ബാര്‍കോഴക്കേസിനു പിന്നാലെ മാണിയാണ് അന്വേഷണ സമിതിയെ നിയോഗിച്ചത്. ജോയി എബ്രഹാം, കെ. ഫ്രാന്‍സിസ് ജോര്‍ജ്, അറയ്ക്കല്‍ ബാലകൃഷ്ണപിള്ള, ആന്റണി രാജു, പി.ടി ജോസ്, ടി.എസ് ജോണ്‍ എന്നിവരായിരുന്നു അംഗങ്ങള്‍. മൂന്നു തവണ യോഗം ചേര്‍ന്നെങ്കിലും സമിതി റിപ്പോര്‍ട്ട് തയാറാക്കിയില്ല.
പുറത്തുവന്ന റിപ്പോര്‍ട്ടില്‍ മാണി നിയോഗിച്ച അന്വേഷണസമിതിയില്‍ അംഗമായ ഫ്രാന്‍സിസ് ജോര്‍ജും ഗൂഢാലോചന നടത്തിയെന്നു പറയുന്നു. നിലവില്‍ എല്‍.ഡി.എഫിന്റെ ഭാഗമായ കേരള കോണ്‍ഗ്രസ് നേതാക്കളും ഗൂഢാലോചനയില്‍ പങ്കാളികളാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. പരാമര്‍ശങ്ങള്‍ ജോസ് പക്ഷത്തിനു തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞാണ് കൂടുതല്‍ വിവാദങ്ങള്‍ക്ക് ഇടനല്‍കാതെ റിപ്പോര്‍ട്ട് തങ്ങളുടേതല്ലെന്ന നിലപാടുമായി ജോസ് കെ. മാണി തന്നെ രംഗത്തെത്തിയത്.
ബാര്‍ കോഴക്കേസില്‍ കെ. ബാബുവിനെ രക്ഷിക്കാന്‍ ശ്രമിച്ചവര്‍ തന്നെ പിന്നില്‍ നിന്ന് കുത്തിയെന്ന് മാണി തന്നെ പറഞ്ഞിരുന്നു. ബാര്‍കോഴക്കേസില്‍ എല്‍.ഡി.എഫ് നേതാക്കള്‍ മാണിക്കെതിരേ നടത്തിയ പരാമര്‍ശങ്ങളുയര്‍ത്തിയാണ് ജോസ് കെ. മാണിയുടെ രാഷ്ട്രീയ നിലപാടിനെ യു.ഡി.എഫ് നേതാക്കള്‍ ചോദ്യം ചെയ്യുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ടാണ് ജോസ് പക്ഷം മാണി തന്നെ ചുമതലപ്പെടുത്തിയ സ്വകാര്യ ഏജന്‍സി തയാറാക്കിയ റിപ്പോര്‍ട്ട് പുറത്തുവിട്ടതും.
പുറത്തു വന്നത് ഔദ്യോഗിക അന്വേഷണ റിപ്പോര്‍ട്ടല്ല: ജോസ് കെ. മാണി
കോട്ടയം: ബാര്‍കോഴ കേസിലെ പാര്‍ട്ടിയുടെ പക്കലുള്ള അന്വേഷണ റിപ്പോര്‍ട്ട് ഔദ്യോഗികമായി ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്ന് ജോസ് കെ. മാണി.
മുന്‍പും ഈ റിപ്പോര്‍ട്ട് എന്നു പറഞ്ഞ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. അതിന്റെ ആവര്‍ത്തനം തന്നെയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഔദ്യോഗികമായി റിപ്പോര്‍ട്ട് പുറത്തു വിടാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."