എസ്.ഐയെ തിരിച്ചെടുക്കാനുള്ള നടപടി മരവിപ്പിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി നേരിട്ടിടപ്പെട്ടു, കെവിന് കൊലക്കേസില്‍ സസ്പെന്‍ഷനിലായിരുന്ന കോട്ടയം ഗാന്ധിനഗര്‍ എസ്.ഐ ഷിബുവിനെ തിരിച്ചെടുക്കാനുള്ള ഉത്തരവ് മരവിപ്പിച്ചു.
ഷിബുവിനെ ഒരു വര്‍ഷത്തെ സസ്പെന്‍ഷനുശേഷം കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ്.ഐയായി തരംതാഴ്ത്തി തിരിച്ചെടുത്ത് ഇടുക്കിയില്‍ നിയമിക്കാന്‍ ഐ.ജി വിജയ് സാഖറെ ഉത്തരവിറക്കിയിരുന്നു. കേസില്‍ പ്രഥമദൃഷ്ട്യാ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഷിബുവിനെതിരേ ഐ.ജി പിരിച്ചു വിടല്‍ നോട്ടിസ് നല്‍കിയിരുന്നു.
കോട്ടയം അഡ്മിനിസ്ട്രേഷന് ഡിവൈ.എസ്.പിയായിരുന്ന വിനോദ്പിള്ളയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നോട്ടിസ് നല്‍കിയത്.
എന്നാല്‍ നോട്ടിസിന് ഷിബു നല്കിയ വിശദീകരണം തൃപ്തികരമാണെന്ന് ഐ.ജി വിജയ് സാഖറെ വിലയിരുത്തി. തുടര്‍ന്നാണ് പിരിച്ചുവിടാനുള്ള നീക്കം പിന്‍വലിച്ചത്. ഷിബുവിനെ സര്‍വിസില്‍ നിന്നും പിരിച്ചുവിടാനുള്ള നിയമമില്ലെന്ന് വ്യക്തമാക്കിയായിരുന്നു ഉത്തരവ്. ഈ ഉത്തരവാണ് മുഖ്യമന്ത്രി ഇടപെട്ട് മരവിപ്പിച്ചത്.
ഷിബുവിനെ സര്‍വിസിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരേ കെവിന്റെ കുടുംബം മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ഡി.ജി.പിയുമായി ബന്ധപ്പെട്ടെങ്കിലും ഡി.ജി.പിയുടെ അറിവില്ലാതെയാണ് തിരിച്ചെടുക്കാന്‍ ഉത്തരവിറങ്ങിയതെന്നായിരുന്നു മറുപടി.
ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി തന്നെ നേരിട്ട് ഉത്തരവ് മരവിപ്പിക്കാന്‍ ഡി.ജി.പിയ്ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."