ഏഷ്യന്‍ ഗുസ്തി ചാംപ്യന്‍ഷിപ്പ്; ഇന്ത്യക്ക് വെള്ളിത്തിളക്കം
ന്യൂഡല്‍ഹി: ഏഷ്യന്‍ ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഒളിംപിക്ക് വെങ്കല മെഡല്‍ ജേത്രി സാക്ഷി മാലിക്, വിനേഷ് ഫോഗട്, ദിവ്യ കക്രന്‍ എന്നിവര്‍ക്ക് വെള്ളി മെഡല്‍. ഇന്ത്യന്‍ പ്രതീക്ഷ വാനോളമുയര്‍ത്തി ഫൈനലിലെത്തിയ മൂവരും നിര്‍ണായക പോരാട്ടത്തില്‍ ജപ്പാന്‍ താരങ്ങളോട് പൊരുതി കീഴടങ്ങി. മറ്റൊരു ഇന്ത്യന്‍ താരം റിതു ഫോഗട് വെങ്കലം സ്വന്തമാക്കി.
റിയോ ഒളിംപിക്ക് നേട്ടത്തിന് ശേഷം അന്താരാഷ്ട്ര വേദിയില്‍ മടങ്ങിയെത്തിയ സാക്ഷി 58 കിലോയില്‍ നിന്ന് മാറി 60 കിലോയിലാണ് ഏഷ്യന്‍ പോരാട്ടത്തില്‍ മത്സരിച്ചത്. ഫൈനലില്‍ ഒളിംപിക്ക് സ്വര്‍ണ മെഡല്‍ ജേത്രി ജപ്പാന്‍ റിസാകോ കവായിയോട് 0-10 എന്ന സ്‌കോറിന് സാക്ഷി പരാജയപ്പെടുകയായിരുന്നു. മത്സരം രണ്ട് മിനുട്ടും 44 സെക്കന്‍ഡും നീണ്ടു. നേരത്തെ സെമിയില്‍ കടുത്ത പോരാട്ടം അതിജീവിച്ചാണ് സാക്ഷി കലാശപ്പോരില്‍ ബര്‍ത്ത് ഉറപ്പിച്ചത്. സെമിയില്‍ ഉസ്‌ബെകിസ്ഥാന്‍ താരം അയുലിം കസ്സ്യമോവയെ 15-3 എന്ന സ്‌കോറിനാണ് സാക്ഷി കീഴടക്കിയത്. നേരത്തെ ക്വാര്‍ട്ടറില്‍ മറ്റൊരു ഉസ്‌ബെക് താരമായ നബിറ എസന്‍ബയേവെയെ 6-2 എന്ന സ്‌കോറിന് വീഴ്ത്തിയായിരുന്നു സാക്ഷിയുടെ സെമി പ്രവേശം. ഇന്ത്യക്കായി ഒളിംപിക്ക് ഗുസ്തിയില്‍ മെഡല്‍ നേടിയ ആദ്യ വനിതാ താരം കൂടിയാണ് സാക്ഷി മാലിക്.
ദീര്‍ഘ നാളായി പരുക്കിനെ തുടര്‍ന്ന് വിട്ടുനിന്ന വിനേഷ് തിരിച്ചുവരവ് വെള്ളി നേട്ടത്തോടെ ആഘോഷിച്ചു. 55 കിലോ വിഭാഗത്തില്‍ ഫൈനല്‍ മത്സരിക്കാനിറങ്ങിയ വിനേഷും ജപ്പാന്‍ താരത്തോടാണ് പരാജയപ്പെട്ടത്. ജപ്പാന്റെ സായെ നഞ്‌ജോ 4-8 എന്ന സ്‌കോറിന് വിനേഷിനെ പരാജയപ്പെടുത്തുകയായിരുന്നു. ആദ്യ പകുതിയില്‍ ഏറെ പിന്നില്‍ പോയ വിനേഷ് രണ്ടാം പകുതിയില്‍ വന്‍ തിരിച്ചു വരവിനുള്ള പ്രതീക്ഷകള്‍ സമ്മാനിച്ചെങ്കിലും വിജയിക്കാന്‍ സാധിച്ചില്ല. സെമിയില്‍ ഉസ്‌ബെകിസ്ഥാന്‍ താരം സെവര എഷ്മുരറ്റോവയെയാണ് വിനേഷ് പരാജയപ്പെടുത്തിയത്. 10-0 എന്ന സ്‌കോറിന് ആധികാരിക വിജയം പിടിച്ച വിനേഷ് നേരത്തെ ക്വാര്‍ട്ടറില്‍ ചൈനയുടെ ക്യു സാങിനെ 4-0ത്തിന് അനായാസം വീഴ്ത്തിയാണ് സെമി ബര്‍ത്ത് ഉറപ്പിച്ചത്.
ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം നടത്തിയ പുതുമുഖ താരമായ ദിവ്യ കക്രന്‍ 69 കിലോ വിഭാഗത്തില്‍ ജപ്പാന്റെ തന്നെ സാറ ദോഷോയോടാണ് പരാജയമേറ്റ് വാങ്ങിയത്. 0-8 എന്ന സ്‌കോറിനാണ് ദിവ്യ പരാജയം വഴങ്ങിയത്. നേരത്തെ കൊറിയന്‍ താരം ഹ്യോന്‍യോങ് പാര്‍കിനെ 12-4 എന്ന സ്‌കോറിനാണ് ദിവ്യ അടിയറവ് പറയിച്ചത്. നേരത്തെ ക്വാര്‍ട്ടറില്‍ തായ്‌പേയ് താരം ചെന്‍ ചി ഹ്വാങിനെ 2-0ത്തിന് അനായാസം വീഴ്ത്തിയാണ് അവസാന നാലിലേക്ക് ദിവ്യ മുന്നേറിയത്.
48 കിലോ വിഭാഗത്തില്‍ സെമിയില്‍ പരാജയമേറ്റു വാങ്ങി വെങ്കല പോരാട്ടത്തില്‍ ബര്‍ത്ത് ഉറപ്പിച്ച റിതു ഫോഗട് മത്സരിക്കാനിറങ്ങാതെ തന്നെ മെഡല്‍ സ്വന്തമാക്കി. റിതുവുമായി മത്സരിക്കേണ്ടിയിരുന്ന ചൈനയുടെ സന്‍ യനാന്‍ പരുക്കിനെ തുടര്‍ന്ന് പിന്‍മാറിയതോടെയാണ് റിതു വെങ്കലം നേടിയത്. നേരത്തെ സെമിയില്‍ ജപ്പാന്റെ യുകി സുസാകിയാണ് റിതുവിനെ 0-9ന് വീഴ്ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."