എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച നേട്ടം സ്വന്തമാക്കി നന്ദിനി
മേപ്പയ്യൂര്‍: തലചായ്ക്കാനൊരിടമില്ലെങ്കിലും പഠനത്തില്‍ പിന്നോക്കം പോകാന്‍ തയാറല്ലെന്ന നിലപാടിലാണ് നന്ദിനി. എസ്.എസ്.എല്‍.സി പരീക്ഷയില്‍ എട്ട് എ പ്ലസും രണ്ട് എയും നേടി മികച്ച വിജയം സ്വന്തമാക്കിയ നന്ദിനിക്കിനി വേണ്ടത് അന്തിയുറങ്ങാന്‍ നല്ലൊരിടമാണ്.
മേപ്പയൂര്‍ പഞ്ചായത്തിലെ പതിനേഴാം വാര്‍ഡില്‍ ചെമ്പകമുക്ക് കല്ല്‌കെട്ടിയതില്‍ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളിയായ വെങ്കിടേശന്‍-സുമതി ദമ്പതിമാരുടെ മകളാണ് നന്ദിനി.
ഇരുപതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമിഴ്‌നാട്ടില്‍ നിന്ന് കരിങ്കല്‍ ജോലി തേടിയാണ് ഈ കുടുംബം ഇവിടെയെത്തിയത്. കരിങ്കല്‍ ക്വാറിയില്‍ പണി നിലച്ചതോടെ ജീവിതപ്രയാസങ്ങള്‍ ഒന്നൊന്നായി പിന്തുടരുകയായിരുന്നു. എന്നാല്‍ പ്രതിസന്ധികളിലും പതറാതെ പരീക്ഷയില്‍ ഉന്നതവിജയം നേടിയ സന്തോഷത്തിലാണ് നന്ദിനിയും കുടംബവും. മേപ്പയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് എട്ട് എ പ്ലസും ഹിന്ദി, ഗണിതം എന്നിവയ്ക്ക് എ ഗ്രേഡുമാണ് ലഭിച്ചത്.
മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിക്കാത്തതില്‍ ദുഃഖമുണ്ടെങ്കിലും പുനര്‍മൂല്യ നിര്‍ണയത്തിന് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. സ്വന്തമായുള്ള നാലു സെന്റ് ഭൂമിയില്‍ പൊട്ടിപ്പൊളിഞ്ഞ താമസയോഗ്യമല്ലാത്ത ഒരു കൂരയാണ് ഈ കുടുംബത്തിനുള്ളത്. സഹോദരി രംഗിതയും ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയം നേടിയിട്ടുണ്ട്. സ്വന്തമായി ഒരു ജോലി എന്നതാണ് നന്ദിനിയുടെ സ്വപ്നം.
തുടര്‍പഠനം ഏറെ വെല്ലുവിളി ഉയര്‍ത്തുന്നുവെങ്കിലും സഹായഹസ്തങ്ങള്‍ക്കായി കാത്തിരിക്കുകയാണ് നന്ദിനി. സ്വന്തമായൊരു വീട് എന്ന സ്വപ്നം സഫലീകരിക്കാന്‍ ബന്ധപ്പെട്ട അധികൃതരെ നിരവധി തവണ സമീപിച്ചെങ്കിലും ഇതേവരെ യാതൊരുവിധ സഹായവും ലഭിച്ചില്ലെന്ന് ഇവര്‍ പറയുന്നു.പരാധീനതകള്‍ക്കിടയിലും പഠനത്തില്‍ മികച്ച് നേട്ടം കൈവരിച്ച നന്ദിനിയെ ചെമ്പകമുക്ക് യുവചേതന സാംസ്‌കാരിക വേദിയും സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്ന് അനുമോദിച്ചു.
നന്ദിനിയുടെ വീട്ടിലെത്തി മേപ്പയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.കെ റീന ഉപഹാര സമര്‍പ്പണം നടത്തി. പഞ്ചായത്തംഗം സറീന ഒളോറ അധ്യക്ഷയായി. വാര്‍ഡ് വികസനസമിതി കണ്‍വീനര്‍ എ.ടി മോഹന്‍ ദാസ്, മുജീബ് കോമത്ത്, പി.ടി റസിയ സംസാരിച്ചു. വിനോദന്‍ കാരേക്കണ്ടി സ്വാഗതവും കെ.കെ സജിത നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."