105-ാം വയസില്‍ ആദ്യാക്ഷരമെഴുതി കുഞ്ഞമ്മ തേവര്‍
പത്തനാപുരം (കൊല്ലം): 105-ാം വയസിലും കൊയ്ത്തുപാട്ടിന്റെ ശീലുകള്‍ താളാത്മകമായി പാടുന്ന കുഞ്ഞമ്മ തേവരെ ആദ്യാക്ഷരം എഴുതിച്ച് പത്തനാപുരം ഗാന്ധിഭവന്‍ സാക്ഷരത തുല്യതാ പഠന പദ്ധതിക്ക് തുടക്കം കുറിച്ചു.
സ്‌നേഹരാജ്യം ചീഫ് എഡിറ്റര്‍ പി.എസ് അമല്‍രാജാണ് കുഞ്ഞമ്മയെ ആദ്യാക്ഷരം എഴുതിച്ചത്. ചങ്ങനാശ്ശേരി സ്വദേശിനിയും അനാഥയുമായ കുഞ്ഞമ്മ തേവരെ നാലുവര്‍ഷം മുന്‍പ് നാട്ടുകാര്‍ ഗാന്ധിഭവനില്‍ എത്തിക്കുകയായിരുന്നു.
നാടന്‍ പാട്ടുകള്‍ ഈണത്തില്‍ പാടുന്ന ഇവര്‍ക്ക് എഴുത്തും വായനയും അറിയില്ല. ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്റെ സ്‌നേഹപൂര്‍വമായ നിര്‍ബന്ധത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഹരിശ്രീ കുറിക്കാന്‍ തയാറായത്. വയസ് ഇത്രയായിട്ടും ആരോഗ്യത്തിന് പറയത്തക്ക പ്രയാസങ്ങളില്ലാത്ത കുഞ്ഞമ്മയെ മറവി പലപ്പോഴും അലട്ടാറുണ്ട്.
ആദ്യമായാണ് ഒരു അനാഥാലയത്തില്‍ സാക്ഷരതാ തുടര്‍പഠന കേന്ദ്രം അനുവദിക്കുന്നത്. ഗാന്ധിഭവന് പുറത്തുള്ളവര്‍ക്കും ഇവിടെ ചേര്‍ന്ന് പഠിക്കാനുള്ള സൗകര്യമുണ്ട്.
അന്തേവാസികളായ 30 പേരാണ് പഠിതാക്കളായി ചേര്‍ന്നത്. നാലാം ക്ലാസ് വരെയുള്ള തുല്യതാ പഠന ക്ലാസാണ് ഇപ്പോള്‍ നടക്കുക.
സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തിലുള്ള ഗാന്ധിഭവന്‍ തുല്യതാപഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ മാസം സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയരക്ടര്‍ ഡോ. പി.എസ് ശ്രീകല നിര്‍വഹിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."