വിദേശ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് 24 മണിക്കൂറിനകം ഇ വിസ
ജിദ്ദ: സഊദിയില്‍ വിദേശങ്ങളില്‍നിന്നു ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് 24 മണിക്കൂറിനകം ഇ വിസ ലഭ്യമാക്കുമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. റിക്രൂട്ട്മെന്റ് ഓഫിസുകളെ സമീപിക്കാതെ തൊഴിലുടമകള്‍ക്ക് നേരിട്ട് വിസ നേടാമെന്നും മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു.
ഗാര്‍ഹികതൊഴിലാളികളുടെ റിക്രൂട്ട്മെന്റ് നിയന്ത്രിക്കുന്നതിനുളള മുസാനിദ് പോര്‍ട്ടല്‍ പ്രയോജനപ്പെടുത്തി ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള വിസ നേടാനാണ് തൊഴില്‍മന്ത്രാലയം അവസരം ഒരുക്കിയത്. ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റിന് അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുന്നതിന് മുസാനിദ് പ്രോഗ്രാമിന് കഴിയുമെന്നു തൊഴില്‍, സാമൂഹിക വികസനമന്ത്രാലയം വ്യക്തമാക്കി.
മുസാനിദ് പോര്‍ട്ടലില്‍ ആറ് ലക്ഷം സ്വദേശികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട മുഴുവന്‍ വകുപ്പുകളെയും ഏകോപിപ്പിക്കുന്നതിനു മുസാനിദ് പ്രോഗ്രാം സഹായിക്കും. 605 റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളും മുസാനിദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 61,411 ഗാര്‍ഹിക തൊഴിലാളികള്‍ പോര്‍ട്ടലിന്റെ സേവനം പ്രയോജനപ്പെടുത്തി. സഊദി അറേബ്യയില്‍ ഗാര്‍ഹിക തൊഴില്‍ വിസകളിലെത്തിയ 40000 വിദേശികള്‍ തൊഴില്‍ അന്വേഷകരായി മുസാനിദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."