ആദ്യമായി ഒരു ജൂതവിമാനം ബഹ്റൈന്‍ മണ്ണിലിറങ്ങി; വിവിധ കരാറുകളില്‍ ഒപ്പുവെച്ചതോടെ ഇസ്റാഈല്‍-ബഹ്റൈന്‍ സന്പൂര്‍ണ്ണ നയതന്ത്രബന്ധത്തിന് ഔദ്യോഗിക തുടക്കം
മനാമ: ചരിത്രത്തിലാദ്യമായി ജൂത വിമാനം ബഹ്‌റൈന്‍ മണ്ണില്‍ പറന്നിറങ്ങിയതോടെ ഇരു രാഷ്ട്രങ്ങളുടെയും സമ്പൂര്‍ണ നയതന്ത്ര ബന്ധത്തിന്. ഇസ്‌റാഈലില്‍ നിന്ന് നേരിട്ടുള്ള ആദ്യ യാത്രാവിമാനമാണ് കഴിഞ്ഞ ദിവസം ബഹ്‌റൈനിലെത്തിയത്. യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മനൂച്ചിന്‍, ഇസ്‌റാഈല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മാഇര്‍ ബിന്‍ ഷബാത് എന്നിവരുടെ നേതൃത്വത്തിലുള്ള ഇസ്‌റാഈല്‍, അമേരിക്കന്‍ പ്രതിനിധി സംഘമാണ് വിമാനത്തിലുണ്ടായിരുന്നത്. നേരത്തെ സെപ്റ്റംബര്‍ 15ന് വാഷിങ്ടണില്‍ നടന്ന സമാധാനക്കരാറിന്റെ തുടര്‍ ചര്‍ച്ചകള്‍ക്കും അനുബന്ധ കരാറുകളില്‍ ഒപ്പുവയ്ക്കാനുമാണ് സംഘം എത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
കഴിഞ്ഞ ദിവസം വിവിധ കരാറുകളില്‍ ഇരു രാഷ്ട്രങ്ങളും ഒപ്പുവച്ചതോടെയാണ് സമ്പൂര്‍ണ നയതന്ത്രബന്ധത്തിന് തുടക്കമായത്. ഇരുരാജ്യങ്ങളിലും എംബസികള്‍ തുറക്കുക, ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണിയെ സംയുക്തമായി ചെറുക്കുക എന്നിവക്കു പുറമെ, പുനരുപയോഗ ഊര്‍ജം, ഭക്ഷ്യ സുരക്ഷ, സാങ്കേതിക വിദ്യ, ബാങ്കിങ് എന്നീ മേഖലകളില്‍ സഹകരണം സാധ്യമാക്കുക എന്നിവയും ഈ കരാറിലൂടെ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇസ്‌റാഈല്‍ സംഘത്തിന്റെ ബഹ്‌റൈന്‍ സന്ദര്‍ശനം ചരിത്രം കുറിക്കുന്നതാണെന്ന് ഇസ്‌റാഈല്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ലിയോര്‍ ഹയ്യാത്തിനെ ഉദ്ധരിച്ച് ബഹ്‌റൈന്‍ വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തു. വര്‍ഷങ്ങളായി കാത്തിരുന്ന ചരിത്ര ദൗത്യമാണ് ഇപ്പോള്‍ സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌റാഈല്‍ ചാര സംഘടനായ മൊസാദ് തലവന്റെ നേതൃത്വത്തില്‍ ബഹ്‌റൈന്‍, ഇസ്‌റാഈല്‍ സുരക്ഷാ തലവന്മാര്‍ തമ്മില്‍ നേരത്തെ ഇവിടെ കൂടിക്കാഴ്ച നടന്നിരുന്നു.
ഇതിനിടെ ഇസ്രാഈലിന്‍റെ പുതിയ സമാധാന ശ്രമങ്ങള്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ഖത്തര്‍ പ്രതികരിച്ചത്.
അധിനിവേശം നടത്തിയ പ്രദേശങ്ങളിലെ അനധികൃത ഇസ്രായേൽ കുടിയേറ്റം മേഖലയിലെ സമാധാന ശ്രമങ്ങൾക്കും ദ്വിരാഷ്ട്ര പരിഹാരത്തിനും കടുത്ത വിഘാതമായി തുടരുകയാണെന്ന് കഴിഞ്ഞ ദിവസം യു.എനിലെ ഖത്തർ സ്ഥിരം പ്രതിനിധി അംബാസഡർ ശൈഖ ഉൽയാ അഹ്മദ് ബിൻ സൈഫ് ആൽ ഥാനി വ്യക്തമാക്കി.
ഫലസ്ഥീനില്‍ സമാധാനം സ്ഥാപിക്കാതെയുള്ള ഇസ്രാഈലിന്‍റെ സമാധാന കരാറുകള്‍ പ്രഹസനമാണെന്നും ഇതിനോട് യോജിപ്പില്ലെന്നും ഖത്തര്‍ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."