HOME
DETAILS
MAL
വീഴ്ചയില്ല; പ്രതിരോധം അട്ടിമറിക്കാന്‍ ശ്രമിച്ചു: മുഖ്യമന്ത്രി
backup
October 20 2020 | 01:10 AM
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന് പാളിച്ച പറ്റിയെന്ന കേന്ദ്ര മന്ത്രി ഹര്‍ഷവര്‍ധന്റെ വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ വിശദമായ മറുപടി. ഓണക്കാലത്ത് നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെട്ടെന്നും ഇത് രോഗവ്യാപനത്തിന് കാരണമായെന്നുമുള്ള ആരോണപത്തിന് വാര്‍ത്താസമ്മേളനത്തില്‍ വിശദമായ കണക്കുകള്‍ നിരത്തിയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാനത്തിനു വീഴ്ച പറ്റിയില്ല. ഇവിടെ എങ്ങനെ കൊവിഡ് വ്യാപിച്ചെന്ന് എല്ലാവര്‍ക്കുമറിയാം. കൊവിഡിനെ തടയാന്‍ നാടും നാട്ടുകാരും ഒന്നിച്ചിറങ്ങി. ഈ ഘട്ടത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ ചിലര്‍ പരസ്യമായി രംഗത്തിറങ്ങി. അതിന്റെ പ്രത്യാഘാതമാണ് ഇവിടെ സംഭവിച്ചത്.
ശാസ്ത്രീയ സമീപനത്തിലാണ് കേരളം മഹാമാരിയെ നേരിട്ടത്. അതിന്റെ ഫലമാണ് സംസ്ഥാനത്തെ കുറഞ്ഞ മരണനിരക്ക്. കേരളം ഒരു ബഹുമതിയുടെയും പിന്നാലെ പോയിട്ടില്ല. കഠിന പരിശ്രമത്തിന്റെ ഫലമായാണ് പല അംഗീകാരങ്ങളും കേരളത്തെ തേടിയെത്തിയത്. ഇതില്‍ ചിലര്‍ അസ്വസ്ഥരാണ്. വസ്തുതകള്‍ മനസിലാക്കാതെയും മനസിലാക്കിയാല്‍ തന്നെ മറച്ചുവച്ചുമാണ് പലരും അപവാദ പ്രചാരണങ്ങള്‍ നടത്തുന്നത്.
ഒരു പ്രത്യേക ഘട്ടത്തില്‍ ഇവിടെ വ്യാപകമായി സമരങ്ങള്‍ സംഘടിപ്പിച്ചു. മാസ്‌ക് വലിച്ചെറിഞ്ഞും നിയന്ത്രണങ്ങള്‍ ലംഘിച്ചും സമരത്തിനിറങ്ങാന്‍ പരസ്യമായ ആഹ്വാനങ്ങളുണ്ടായി. മാസ്‌കില്ലാതെ കൂടിക്കുഴഞ്ഞും പൊലിസിനെ ആക്രമിച്ചും കൊവിഡ് പ്രതിരോധം ഒരു പ്രശ്‌നമല്ലെന്ന് വരുത്തിത്തീര്‍ത്തു. ഈ രംഗങ്ങള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. നാം ഒരു ഭാഗത്തു കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്തുമ്പോള്‍ മറ്റൊരു സന്ദേശമാണ് ഈ അനാവശ്യ അരാജക സമരങ്ങള്‍ നല്‍കിയത്. ഉത്തരവാദപ്പെട്ട നേതാക്കളും പൊതുപ്രവര്‍ത്തകരും ഇങ്ങനെ പെരുമാറുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റായ ബോധം സൃഷ്ടിക്കപ്പെടില്ലേ? പ്രതിപക്ഷ രാഷ്ട്രീയം സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം പ്രതികാര രാഷ്ട്രീയമായതിന്റെ ദുരന്തമായി അനുഭവപ്പെടുകയാണുണ്ടായത്. കൊവിഡ് പ്രതിരോധകാര്യത്തില്‍ അതാണ് യഥാര്‍ത്ഥ പ്രശ്‌നം.
നമ്മുടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മരണനിരക്ക് ഞെട്ടിപ്പിക്കുന്നതാണ്. കേരളത്തില്‍ തുടക്കം മുതല്‍ മരണനിരക്ക് കുറവായിരുന്നു. കൊവിഡ് വ്യാപനം ഉച്ചസ്ഥായിലെത്തുന്ന ഈ സമയത്തും മരണനിരക്ക് കുറവാണ്. ഇതിലെത്ര ജീവന്‍ രക്ഷിക്കാന്‍ സാധിച്ചെന്നതും അതിനായി എന്തൊക്കെ ചെയ്‌തെന്നതുമാണ് പ്രധാനം. പലരും ഇക്കാര്യത്തില്‍ അസ്വസ്ഥരാണ്. അത്തരക്കാരാണ് വസ്തുതകള്‍ മനസിലാക്കാതെ കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ മുന്നിട്ടിറങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."