പ്രൈം ടൈം ജഡ്ജിമാരുടെ ടി.ആര്‍.പി 'തട്ടിപ്പ് '
രാജ്യം കൊവിഡെന്ന മഹാമാരിയില്‍ വിറങ്ങലിച്ച് നില്‍ക്കുന്നു. സാമ്പത്തിക പ്രതിസന്ധിയാണെങ്കില്‍ അതിരൂക്ഷം. കാര്‍ഷിക നിയമത്തിനെതിരേ കര്‍ഷക പ്രക്ഷോഭം ഒരു ഭാഗത്ത്. ഹത്രാസിലെ ബലാത്സംഗത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന പ്രതിഷേധം വേറെ. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പോലും മാസങ്ങളായി ഡോക്ടര്‍മാര്‍ക്ക് ശമ്പളം കിട്ടുന്നില്ല. ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് യു.ജി.സി ഫെലോഷിപ്പ് തുക നല്‍കുന്നില്ല. എന്നാല്‍ ഇത്തരം വിഷയങ്ങളൊന്നും ചാനല്‍ വാര്‍ത്തകളില്‍ വേണ്ടരീതിയില്‍ ഇടംപിടിക്കുന്നില്ല. അവരുടെ പ്രൈം ടൈം ചര്‍ച്ചകളില്‍ നിറയുന്നത് ബോളിവുഡിലെ താരസുന്ദരിമാരുടെ മയക്കുമരുന്ന് കടത്ത് കേസും സുശാന്ത് സിങ്ങിന്റെ മരണത്തിലെ ദുരൂഹതയുമൊക്കെയാണ്.
സമൂഹത്തില്‍ നടക്കുന്ന ക്രമക്കേടുകളും കൊള്ളരുതായ്മകളും പുറത്തുകൊണ്ടുവരാന്‍ ഉത്തരവാദിത്വമുള്ളവരാണ് ഫോര്‍ത്ത് എസ്‌റ്റേറ്റ് എന്ന് അറിയപ്പെടുന്ന മാധ്യമങ്ങള്‍. എന്നാല്‍, ഇതേ മാധ്യമങ്ങള്‍ തന്നെ ജീര്‍ണത നേരിടുകയാണെങ്കിലോ? ടെലിവിഷന്‍ റേറ്റിങ് പോയിന്റുമായി (ടി.ആര്‍.പി) ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ അതിലേക്ക് വിരല്‍ചൂണ്ടുന്നതാണ്. റിപബ്ലിക് ടി.വി, ഫാക്ട് മറാത്തി, ബോക്‌സ് സിനിമ എന്നീ മൂന്ന് ചാനലുകള്‍ ടി.ആര്‍.പിയില്‍ കൃത്രിമം കാണിച്ചുവെന്ന വെളിപ്പെടുത്തല്‍ നടത്തിയത് മുംബൈ പൊലിസ് മേധാവിയാണ്. പ്രൈം ടൈം ജഡ്ജിയായി സ്റ്റുഡിയോയില്‍ അവതരിച്ച് രാജ്യം അറിയാന്‍ അഗ്രഹിക്കുന്ന ചോദ്യങ്ങളാണ് താന്‍ ചോദിക്കുന്നതെന്ന് അവകാശപ്പെടുന്ന റിപബ്ലിക് ടി.വി എം.ഡിയും എഡിറ്റര്‍ ഇന്‍ ചീഫുമായ അര്‍ണബ് ഗോസ്വാമിയെ മുംബൈ പൊലിസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുകയാണ്. ക്രമക്കേട് നടന്നതായി കണ്ടെത്തിയാല്‍ ചാനലുകളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്നും കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും പൊലിസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇക്കാര്യം കണ്ടുപിടിച്ചിട്ടും അങ്ങനെയൊക്കെ നടക്കുമോ എന്ന രീതിയിലായിരുന്നു ആരോപണ വിധേയരായ ചാനലുകളുടേത് അടക്കമുള്ള പ്രതികരണം.
പ്രതിസന്ധികള്‍ക്കിടയിലും
വളര്‍ച്ച നേരിടുന്ന വ്യവസായം
2018ല്‍ 885 ടെലിവിഷന്‍ ചാനലുകളായിരുന്നു ഇന്ത്യയിലുണ്ടായിരുന്നത്. ഇത് 2019ല്‍ 918 ആയി ഉയര്‍ന്നു. ഫിക്കിയും ഏണസ്റ്റ് ആന്‍ഡ് യങ്ങും ചേര്‍ന്ന് ഈ വര്‍ഷം നടത്തിയ പഠനത്തില്‍ ഇന്ത്യയിലെ ടെലിവിഷന്‍ വ്യവസായം 2019ല്‍ 6.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെന്ന് കണ്ടെത്തി. ടെലിവിഷന്‍ മേഖലയിലെ മൊത്ത നിക്ഷേപം 74,000 കോടിയായിരുന്നത് 78,800 കോടിയായാണ് ഉയര്‍ന്നത്. ടെലിവിഷന്‍ മേഖലയിലെ മൊത്ത പരസ്യ വരുമാനവും അഞ്ചു ശതമാനം വര്‍ധിച്ച് 32,000 കോടിയായി. പത്ത് ഭാഷാ ചാനലുകളാണ് മൊത്തം പരസ്യ വരുമാനത്തിന്റെ 46 ശതമാനം പങ്കിടുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ വിഹിതം പങ്കിടുന്നത് (10 ശതമാനം) ഹിന്ദി സിനിമാ ചാനലുകളാണ്. മലയാളത്തിലെ വിനോദ (ജി.ഇ.സി) ചാനലുകളുടെ വിഹിതം മൂന്ന് ശതമാനവും. ട്രായി നടപ്പാക്കിയ പുതിയ നിരക്ക് ഓര്‍ഡര്‍1 ( എന്‍.ടി.ഒ) പ്രാദേശിക ചാനലുകള്‍ക്ക് നേട്ടമുണ്ടാക്കിയപ്പോള്‍ ദേശീയ ചാനലുകള്‍ക്ക് നഷ്ടമാണ് വരുത്തിയത്. എന്‍.ടി.ഒ 1 നടപ്പാക്കിയത് മൂലം ദേശീയ ചാനലുകള്‍ക്ക് പരസ്യ വരുമാനത്തില്‍ ആറു ശതമാനത്തിന്റെ കുറവുണ്ടായി. അതേസമയം പ്രാദേശിക ചാനലുകളുടെ പരസ്യ വരുമാനം നാലു ശതമാനം വര്‍ധിച്ചു.
ടി.ആര്‍.പി ദുരൂഹത
പരസ്യ ദാതാക്കള്‍ പരസ്യം നല്‍കുന്നതിന് ആശ്രയിക്കുന്നത് പ്രധാനമായും ടി.ആര്‍.പി റേറ്റിങ്ങിനെയാണ്. ഏതു ചാനലാണ് ഏറ്റവും കൂടുതല്‍ കാണുന്നത്, പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കാണുന്ന പരിപാടി എന്താണ് എന്നതൊക്കെ മനസിലാക്കാന്‍ ഇത് സഹായിക്കും. ഇത് അനുസരിച്ചാണ് പരസ്യത്തിനുള്ള നിരക്ക് നിശ്ചയിക്കുന്നത്. ചുരുക്കത്തില്‍ പരസ്യ വരുമാനം തന്നെ ടി.ആര്‍.പിയില്‍ അധിഷ്ഠിതമാണ്. ഇതാണ് മാധ്യമങ്ങളെ ടി.ആര്‍.പി ഉയര്‍ത്താന്‍ വഴിവിട്ട മാര്‍ഗങ്ങളിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്നതും. നിലവില്‍ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍( ബാര്‍ക്ക്) ആണ് ചാനലുകളുടെ റേറ്റിങ് നടത്തുന്നത്. തെരഞ്ഞെടുത്ത വീടുകളിലെ ടെലിവിഷന്‍ സെറ്റുകളില്‍ ബാരോമീറ്റര്‍ അഥവാ പീപ്പിള്‍സ് മീറ്റര്‍ ഘടിപ്പിച്ചാണ് ബാര്‍ക്ക് റേറ്റിങ് നടത്തുന്നത്. ഇതാദ്യമായല്ല ടി.ആര്‍.പിയുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ ഉയരുന്നത്. ബാര്‍ക്കിന് മുമ്പ് നിലവിലുണ്ടായിരുന്നത് ടെലിവിഷന്‍ ഓഡിയന്‍സ് മെഷര്‍മെന്റ് (ടാം) എന്ന സംവിധാനമായിരുന്നു. ടാമിന്റെ പ്രവര്‍ത്തനത്തിനെതിരേ വ്യാപക പരാതികള്‍ ഉയര്‍ന്നു. അതോടെ 2008ല്‍ യു.പി.എ സര്‍ക്കാര്‍ സുതാര്യമായ പുതിയ സംവിധാനം കൊണ്ടുവരുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റിയെ (ട്രായി) ചുമതലപ്പെടുത്തി. ട്രായി നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് 2015ഓടെ പുതിയ സംവിധാനമായ ബാര്‍ക്ക് രൂപീകരിക്കുന്നത്. ചാനല്‍ ഉടമകളുടെ സംഘടനയായ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ഫെഡറേഷന് (ഐ.ബി.എഫ്) 60 ശതമാനം ഓഹരി പങ്കാളിത്തമുള്ളതാണ് ബാര്‍ക്ക്. ശേഷിക്കുന്ന 40 ശതമാനത്തില്‍ 20 ശതമാനം ഓഹരി പരസ്യ ദാതാക്കളുടെ സംഘടനയായ ഇന്ത്യന്‍ സൊസൈറ്റി ഓഫ് അഡ്വര്‍ടൈസേഴ്‌സിനും( ഐ.എസ്.എ) പരസ്യ ഏജന്‍സികളുടെ സംഘടനയായ അഡ്വര്‍ടൈസിങ് ഏജന്‍സീസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എ.എ.എ.ഐ)യ്ക്കുമാണ്. സുതാര്യത ഉറപ്പുവരുത്താനും ക്രമക്കേടുകള്‍ പൂര്‍ണമായും ഇല്ലാതാക്കാനും ലക്ഷ്യമിട്ടാണ് ചാനല്‍ ഉടമകളും പരസ്യ ദാതക്കളും, പരസ്യ ഏജന്‍സികളും അടങ്ങുന്ന ഓഹരി പങ്കാളിത്തം നല്‍കിയത്. അങ്ങനെയുള്ള സംവിധാനത്തില്‍ നടന്ന ക്രമക്കേടുകളുടെ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നതെന്നതാണ് വിചിത്രം.
വിചിത്രമാക്കുന്ന കണക്കുകള്‍
ബാര്‍ക്കിന്റെ ഔദ്യോഗിക സൈറ്റില്‍ പറയുന്ന സാമ്പിള്‍ സൈസ് 1,80,000 ആണ്. എന്നാല്‍, ബാര്‍ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 44,000 ബാരോമീറ്ററുകള്‍ മാത്രമാണ് സ്ഥാപിച്ചിട്ടുള്ളതെന്നതാണ് കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കണക്കുകള്‍. ദേശീയ ഉപഭോക്തൃ സൂചിക അടിസ്ഥാനപ്പെടുത്തി ജനങ്ങളെ 12 വിഭാഗങ്ങളായി തിരിച്ചാണ് സാമ്പിള്‍ എടുക്കുന്നത്. ഒരു മീറ്റര്‍ ശരാശരി 20,000 പ്രേക്ഷകരുടെ പ്രൊജക്ഷന്‍ നടത്തുമെന്നാണ് വെയ്പ്പ്. ഇതില്‍ കേവലം 1.1 ശതമാനം വീടുകളില്‍ മാത്രമാണ് ഇംഗ്ലീഷ് വാര്‍ത്താചാനലുകള്‍ വയ്ക്കുന്നത്. അതായത് 440 നും 450നും ഇടയില്‍ ബാരോമീറ്ററുകളില്‍ മാത്രമാണ് ദിവസം എട്ടു മിനിട്ട് ഇംഗ്ലീഷ് വാര്‍ത്താചാലനുകള്‍ വീക്ഷിക്കുന്നത്. ഇത്രയും ചെറിയ സാമ്പിളില്‍ നിന്നും 83.6 കോടിയോളം വരുന്ന ടെലിവിഷന്‍ ഉപയോക്താകളുടെ താല്‍പര്യങ്ങള്‍ എത്രത്തോളം കൃത്യമായി കണക്കാക്കാന്‍ കഴിയുമെന്ന ചോദ്യവും ഉയരുന്നുണ്ട്. ടി.എ.എം റേറ്റിങ് സംവിധാനത്തിന് കീഴില്‍ 8000 മീറ്ററുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇത് ബാര്‍ക്ക് ആയതോടെ 44,000 ആയി. 2022ഓടെ ബാരോമീറ്ററുകളുടെ എണ്ണം പത്ത് ലക്ഷമായി ഉയര്‍ത്തണമെന്ന് ട്രായി ഇതിനകം ബാര്‍ക്കിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഫ്രീ ടു എയര്‍ ചാനലുകള്‍ പ്രധാനമായും പരസ്യ വരുമാനത്തെയാണ് ആശ്രയിക്കുന്നത്. കോടികള്‍ കൊണ്ട് കളിക്കുന്ന ചാനലുകളെ സംബന്ധിച്ചിടത്തോളം കുറച്ച് ലക്ഷങ്ങള്‍ റേറ്റിങ്ങില്‍ കൃത്രിമം കാണിക്കുന്നതിന് ഉപയോഗിക്കുന്നത് വലിയ കാര്യമല്ല. അതിലൂടെ ഉണ്ടാക്കുന്ന സാമ്പത്തിക നേട്ടമാകട്ടെ ഭീമവും. ബാരോമീറ്ററുകള്‍ എവിടെയാണ് സ്ഥാപിച്ചതെന്ന കാര്യം അതീവ രഹസ്യമാണെന്നാണ് ബാര്‍ക്ക് അവകാശപ്പെടുന്നത്. എന്നാല്‍, ഓരോ പ്രദേശത്തും ബാരോമീറ്ററിലെ കണക്കുകള്‍ ക്രോഡീകരിക്കുന്നതിനായി റിസര്‍ച്ച് സംവിധാനത്തില്‍ റിലേഷന്‍ഷിപ്പ് മാനേജര്‍മാരുണ്ട്. ഇവരാണ് ക്രമക്കേടുകളുടെ പ്രഭവകേന്ദ്രം. ചാനലുകള്‍ റിലേഷന്‍ഷിപ്പ് മാനേജര്‍മാരെ സ്വാധീനിക്കുന്നു. ഇതിന് ശേഷം പത്തോ അമ്പതോ വീടുകളിലെ ഉടമകളെ സ്വാധീനിച്ച് തങ്ങളുടെ ചാനല്‍ കാണാന്‍ നിര്‍ബന്ധിപ്പിക്കും. മുംബൈ കേസില്‍ പൊലിസിന് മുമ്പില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത് ബരോമീറ്റര്‍ സ്ഥാപിക്കാന്‍ ബാര്‍ക്ക് പുറം കരാര്‍ നല്‍കിയ ഹന്‍സ റിസര്‍ച്ച് ഗ്രൂപ്പിലെ മുന്‍ജീവനക്കാരനാണ്.
കേരളത്തിലും കൃത്രിമം
കേരളത്തില്‍ 1600 ബാരോമീറ്ററുകള്‍ ഉണ്ടെന്നാണ് കണക്കുകള്‍. ഇവ ഉപയോഗിച്ചാണ് സംസ്ഥാനത്ത 83 ലക്ഷം കുടുംബങ്ങളുടെ ടെലിവിഷന്‍ അഭിരുചി ബാര്‍ക്ക് അളക്കുന്നത്. ദേശീയതലത്തില്‍ റിപ്പോര്‍ട്ട് ചെയ്തതിന് സമാനമായി കേരളത്തിലും മൂന്ന് ചാനലുകള്‍ ടി.ആര്‍.പി കൃത്രിമം കാണിച്ചെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ബാരോമീറ്ററുകള്‍ സ്ഥാപിച്ച വീടുകള്‍ കണ്ടെത്തി സ്വാധീനിച്ച് ഈ ചാനലുകള്‍ റേറ്റിങ് ഉയര്‍ത്തി എന്നതാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം. അര്‍ണബ് ഗോസ്വാമി പ്രസിഡന്റായി ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് ഫെഡറേഷന് കീഴില്‍ വരുന്ന ചാനലുകളാണിവ. സമീപകാലത്ത് ടി.ആര്‍.പി റേറ്റിങ്ങില്‍ ഈ ചാനലുകള്‍ വന്‍ മുന്നേറ്റം നടത്തിയിരുന്നു. ടി.ആര്‍.പിയിലെ കൃത്രിമം സംബന്ധിച്ച് കേരള ടി.വി ഫെഡറേഷന്‍ സംസ്ഥാന ഡി.ജി.പിക്ക് നേരത്തെ തന്നെ പരാതി നല്‍കിയിരുന്നു. എന്നാല്‍, ഇതിന്മേല്‍ ഒരു നടപടിയും ഉണ്ടായില്ല.
വീണ്ടെടുക്കണം വിശ്വാസ്യത
അടുത്ത മൂന്ന് മാസത്തേക്ക് ബാര്‍ക്ക് ന്യൂസ് ചാനലുകളുടെ റേറ്റിങ് നിര്‍ത്തിവച്ചിട്ടുണ്ട്. സുതാര്യത ഉറപ്പുവരുത്താനുള്ള ശക്തമായ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാനാണിതെന്നാണ് അവരുടെ അവകാശവാദം. നിലവിലുള്ള സംവിധാനം പഴുതുകള്‍ അടച്ചുള്ളതും കൂടുതല്‍ സുതാര്യമാകേണ്ടതുമുണ്ട് എന്ന സന്ദേശമാണ് മുംബൈ സംഭവം നല്‍കുന്നത്. കേന്ദ്രസര്‍ക്കാരിന് നിലവില്‍ ചാനലുകള്‍ക്ക് ഡയരക്ടറേറ്റ് ഓഫ് അഡ്വര്‍ടൈസിങ് ആന്‍ഡ് പബ്ലിസിറ്റി (ഡി.എ.വി.പി) വഴി ലഭിക്കുന്ന പരസ്യങ്ങളിലൊഴികെ കാര്യമായ ഇടപെടല്‍ നടത്താന്‍ കഴിയില്ല. ബാര്‍ക്ക് നടത്തുന്ന റേറ്റിങ്ങിലും സര്‍ക്കാരിനുള്ള ഇടപെടല്‍ പരിമിതമാണ്. പുതിയ വിവാദത്തെ മാധ്യമങ്ങളെ കൂടുതല്‍ വരുതിയിലാക്കാനുള്ള അവസരമാക്കി മാറ്റാനുള്ള നീക്കം മോദി സര്‍ക്കാര്‍ തുടങ്ങിയതായാണ് പുറത്തുവരുന്ന സൂചനകള്‍. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സംവിധാനത്തിലേക്ക് ടി.ആര്‍.പി റേറ്റിങ് മാറ്റപ്പെട്ടാല്‍ അത് രാഷ്ട്രീയ ഇടപെടലുകള്‍ക്ക് വഴിയൊരുക്കും. അതോടെ ഇതിനകം മോദിയുടെയും ബി.ജെ.പിയുടെയും സ്തുതി പാടകരായി മാറിയ ചാനലുകള്‍ക്ക് കൂടുതല്‍ വിനീത വിധേയരായി മാറേണ്ടിവരും.
കേന്ദ്രസര്‍ക്കാര്‍ ഇട്ടുനല്‍കുന്ന എച്ചില്‍ കഷണങ്ങള്‍ക്ക് പിന്നാലെ പോകുകയും സത്യസന്ധമായ വാര്‍ത്തകളെ വളച്ചൊടിച്ച് അസത്യം ജനങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന അര്‍ണബ് ഗോസ്വാമിമാര്‍ ജനാധിപത്യത്തിന്റെ നാലാം തൂണിലെ തീരാകളങ്കങ്ങളാണ്. സുതാര്യതയും സത്യസന്ധതയും മാധ്യമ പ്രവര്‍ത്തനത്തിന്റെ എല്ലാ മേഖലകളിലും കൊണ്ടുവന്നെങ്കില്‍ മാത്രമേ മാധ്യമ വിശ്വാസ്യത വീണ്ടെടുക്കാന്‍ കഴിയൂ. ദിശാബോധം നഷ്ടപ്പെടാത്ത ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകരും മാധ്യമ ഉടമസ്ഥരും ചേര്‍ന്ന് അതിന് വേണ്ടിയുള്ള പ്രവര്‍ത്തനം തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ടി.ആര്‍.പിയാല്‍ നയിക്കപ്പെടാത്ത, ഭരണകൂടത്തിന്റെ തിട്ടൂരങ്ങള്‍ക്ക് വഴങ്ങാത്ത, വാര്‍ത്ത വാര്‍ത്തയായി ജനങ്ങളില്‍ എത്തിക്കുന്ന മാധ്യമപ്രവര്‍ത്തനമാണ് കാലഘട്ടത്തിന്റെ ആവശ്യം.
(തിരുവനന്തപുരം ആസ്ഥാനമായ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ് ഡയരക്ടറാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."