ദി എന്‍ജിനീയര്‍
എന്‍ജിനീയറിങിന്റെ പുരോഗതി ആധുനിക ലോകത്തിന്റെ പുരോഗതിയെ തന്നെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഇന്ത്യന്‍ എന്‍ജിനീയറിങ്ങിന്റെ കുലഗുരുവും ഇന്ത്യന്‍ ആസൂത്രണത്തിന്റെ പിതാവുമായ വിശ്വേശ്വരയ്യയുടെ ജന്മ ദിനമാണ് ദേശീയ എന്‍ജിനീയേഴ്‌സ് ദിനമായി'ആചരിക്കുന്നത്. ദക്ഷിണേന്ത്യയിലെ പല വന്‍കിട ജലസേചന-ജലവിതരണ പദ്ധതികള്‍ക്ക് ഊടുംപാവും നല്‍കിയ ഇദ്ദേഹത്തിന്റെ പരിശ്രമംകൊണ്ട് ഉരുക്കും മോട്ടോര്‍ വാഹന നിര്‍മാണവും മുതല്‍ സീരികള്‍ച്ചറും കുടില്‍ വ്യവസായങ്ങളും വരെ വികാസം നേടുകയുണ്ടായി.
വ്യാവസായിക വിപ്ലവാനന്തരം
പ്രധാനമായും കെട്ടിടങ്ങള്‍, പാലങ്ങള്‍, വാഹനങ്ങള്‍, അണക്കെട്ടുകള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയവയുടെ രചനയും നിര്‍മാണ സംരക്ഷണവും തുടങ്ങിയ കാര്യങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണ് എന്‍ജിനീയറിങ്. ഈ മേഖലയുടെ തത്വങ്ങള്‍ പുരാതന കാലത്തു തന്നെ ജനങ്ങള്‍ ഉപയോഗപ്പെടുത്തിയിരിക്കാമെങ്കിലും ദ്രുതഗതിയിലുള്ള വളര്‍ച്ചയും വികാസവും ആരംഭിച്ചത് വ്യാവസായിക വിപ്ലവത്തിന്റെ ആവിര്‍ഭാവത്തോടെയത്രെ. ഇരുപതാം ശതകത്തില്‍ എന്‍ജിനീയറിങ് ശാസ്ത്രശാഖയിലുണ്ടായ പുരോഗതി അഭൂതപൂര്‍വമായിരുന്നു. ഇലക്‌ട്രോണിക്‌സ്-കംപ്യൂട്ടര്‍ രംഗത്തുണ്ടായ പുരോഗതി എടുത്തുപറയേണ്ട ഒന്നു തന്നെയാണ്.
ആദ്യകാല ശാഖകള്‍
എന്‍ജിനീയറിംഗിന്റെ ആദ്യകാലങ്ങളില്‍ സിവില്‍ എന്‍ജിനീയറിങ് മിലിട്ടറി എന്‍ജിനീയറിങ് എന്നിങ്ങനെ രണ്ടു ശാഖകളേ ഉണ്ടായിരുന്നുള്ളൂ. യുദ്ധോപകരണങ്ങളുടെ നിര്‍മാണം, അതുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവയായിരുന്നു മിലിട്ടറി എന്‍ജിനീയറിങിന്റെ പരിധിയില്‍പ്പെട്ടിരുന്നത്. കെട്ടിടങ്ങള്‍, പാലങ്ങള്‍, പാതകള്‍, റെയില്‍, റോഡുകള്‍, അണക്കെട്ടുകള്‍ തുടങ്ങിയവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളായിരുന്നു സിവില്‍ എന്‍ജിനീയറിങിന്റെ പരിധിയിലുണ്ടായിരുന്നത്. യാന്ത്രിക എന്‍ജിനീയറിങ് (മെക്കാനിക്കല്‍ എന്‍ജിനീയറിങ്) എന്ന ശാസ്ത്രശാഖയുടെ ആവിര്‍ഭാവത്തിനു കാരണമായത് ഇത്തരം ഉപകരണങ്ങളുടെ വര്‍ധിച്ച ഉപയോഗമായിരുന്നു. വൈദ്യുതോപകരങ്ങളുടെ ഉപയോഗവും ഉല്‍പാദനവുമായിരുന്നു വൈദ്യുത എന്‍ജിനീയറിങിന്റെ പിറവിയിലേക്ക് നയിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധം വരെ ഈ മൂന്നു ശാഖകളേ ഉണ്ടായിരുന്നുള്ളൂ.
എത്രയെത്ര വിഭാഗങ്ങള്‍
ഇന്ന് ഈ ശാഖ വന്‍ പുരോഗതിയാണ് നേടിയിരിക്കുന്നത്. 'ആവശ്യങ്ങളാണ് ഉല്‍പാദനങ്ങളുടെ മാതാവ്' എന്ന പ്രമാണം അക്ഷരാര്‍ഥത്തില്‍ ശരിയാണെന്ന് നാം അതിശയിച്ചു പോകുന്ന വളര്‍ച്ച എന്‍ജിനീയറിംഗ് മേഖലയ്ക്കു കൈവന്നിട്ടുണ്ട്. രാസവസ്തുക്കളുടെ ഉല്‍പാദനത്തെയും യന്ത്രസാമഗ്രികളെയും പറ്റിയുള്ള ശാഖയാണ് 'കെമിക്കല്‍ എന്‍ജിനീയറിങ്'. വിമാനങ്ങളുടെ നിര്‍മാണവും പ്രവര്‍ത്തനങ്ങളും സംബന്ധിച്ച ശാഖയെ വിളിക്കുന്നത് 'എയറോനോട്ടിക്കല്‍ എന്‍ജിനിയറിങ്' എന്നാണ്. 'വ്യാവസായിക എന്‍ജിനീയറിങി'ല്‍ ചര്‍ച്ച ചെയ്യുന്നത് വ്യാവസായ ശാലകളില്‍ ഉല്‍പാദനക്ഷമത എങ്ങനെ വര്‍ധിപ്പിക്കാം എന്നതാണ്. ആരംഭത്തിലുണ്ടായ'വൈദ്യുത എന്‍ജിനീയറിങി'ന്റെ സൃഷ്ടികളായിരുന്നു ഇലക്‌ട്രോണിക് എന്‍ജിനീയറിങും കംപ്യൂട്ടര്‍ എന്‍ിനീയറിങും. ആണവോര്‍ജത്തിന്റെ ഉപയോഗത്തെ സംബന്ധിച്ച പഠനങ്ങള്‍'ന്യൂക്ലിയര്‍ എന്‍ജിനീയറിങി'ല്‍ നടക്കുമ്പോള്‍, പരിസ്ഥിതി മലിനീകരണ നിവാരണ മാര്‍ഗങ്ങളെപ്പറ്റിയുള്ള വര്‍ത്തമാനം'പരിസ്ഥിതി എന്‍ജിനീയറിങിന്റെ' പരിധിയിലാണ് വരുന്നത്.
മറ്റു ചില ശാഖകള്‍
എന്‍ജിനീയറിങിന്റെ വളര്‍ച്ച പിന്നെയും മുന്നേറിയപ്പോള്‍ ഓരോരോ ശാഖകള്‍ ഈ മേഖലയില്‍ ഉണ്ടായിക്കൊണ്ടേയിരുന്നു. ചില ശാഖകള്‍ നോക്കൂ.
കാര്‍ഷിക എന്‍ജിനീയറിങ്
ആഹാരം, വസ്ത്രം തുടങ്ങിയവയുടെ ഉല്‍പാദനവുമായി ബന്ധപ്പെട്ടിരിക്കുന്ന ശാഖയാണിത്.
ഗതാഗത എന്‍ജിനീയറിങ്
മനുഷ്യരുടെയും ചരക്കുകളുടെയും സഞ്ചാരം സംബന്ധിച്ച ശാഖയാണിത്. റോഡ്, ജലം, റെയില്‍, ഭൂഗര്‍ഭം, വ്യോമയാനം, പൈപ്പ് എന്നിവ.
പവര്‍പ്ലാന്റ് എന്‍ജിനീയറിങ്
ജലോര്‍ജത്തെയോ, താപോര്‍ജത്തെയോ വൈദ്യുതോര്‍ജമാക്കി മാറ്റുന്ന യന്ത്ര സംവിധാനം.
ഭൂവിജ്ഞാന എന്‍ജിനീയറിങ്-
സിവില്‍ എന്‍ജിനീയറിങ് നിര്‍മാണ സംരംഭങ്ങളില്‍ ഭൂവിജ്ഞാന വസ്തുക്കളെ സംബന്ധിച്ച പഠനം.
മറൈന്‍ എന്‍ജിനീയറിങ്
കപ്പലുകള്‍, ബോട്ടുകള്‍ തുടങ്ങിയ ജലയാനങ്ങളുടെ ചലനത്തിനാവശ്യമായ യന്ത്രങ്ങളുടെയും പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തിന്റെയും രൂപകല്‍പ്പന, നിര്‍മാണം, നടത്തിപ്പ്, സംരക്ഷണം തുടങ്ങിയവയാണ് വിഷയം.
വൈദ്യുത എന്‍ജിനീയറിങ്
വൈദ്യുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളുകയും പ്രാവര്‍ത്തികമാക്കുകയും അവയെ നവീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ശാസ്ത്രശാഖ.
സ്റ്റ്രക്ച്ചറല്‍ എന്‍ജിനീയറിങ്
റെയില്‍പാത നിര്‍മാണം, തീവണ്ടി എന്‍ജിനുകള്‍, വാഗണുകള്‍, കോച്ചുകള്‍ എന്നിവയുടെ നിര്‍മാണം.
വ്യവസായ എന്‍ജിനീയറിങ്
യന്ത്രസാമഗ്രികള്‍ ഉപയോഗിച്ചു നടത്തുന്ന ഉല്‍പാദന പ്രക്രിയയാണിത്.
എന്‍ജിനീയറിങ് വരപ്പ് -എന്‍ജിനീയര്‍മാര്‍ക്കും സാങ്കേതിക വിഭാഗക്കാര്‍ക്കും ഉപയോഗിക്കാനായി ചിത്രരൂപേണ ആശയം രേഖപ്പെടുത്തുന്ന സമ്പ്രദായമാണിത്.
എന്‍ജിനിയേഴ്‌സ് ഇന്ത്യാ ലിമിറ്റഡ്
ന്യൂഡല്‍ഹി ആസ്ഥാനമായി,1965ല്‍ പ്രവര്‍ത്തനമാരംഭിച്ച പൊതുമേഖലാ സ്ഥാപനമാണ് 'എന്‍ജിനിയേഴ്‌സ് ഇന്ത്യാ ലമിറ്റഡ്'. പെട്രോളിയം ഉല്‍പന്നങ്ങള്‍, പെട്രോകെമിക്കലുകള്‍, ഔഷധങ്ങള്‍, സിമന്റ്, രാസവളങ്ങള്‍, എന്‍ജിനീയറിങ് എന്നീ മേഖലകളില്‍ ഉപദേശങ്ങള്‍ നല്‍കുകയും സാങ്കേതിക-സാമ്പത്തിക പഠനങ്ങള്‍ നടത്തുകയും ചെയ്യുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം.
വിജയത്തിന്റെ വിളിപ്പേര് വിശ്വേശ്വരയ്യ
പ്രതിഭാധനനായ വിശ്വേശ്വരയ്യ മോക്ഷഗുണ്ടം എന്നറിയപ്പെടുന്നു. കര്‍ണാടകയിലെ കോലാര്‍ ജില്ലയിലെ ദസ്സതപള്ളി(മുസ്സതപല്ലി)യില്‍ 1861 സെപ്റ്റംബര്‍ 15-ന് ജനിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പഠനകാലത്ത് പ്രയാസമുണ്ടാക്കിയെങ്കിലും നിരാശനാകാതെ പഠനം തുടര്‍ന്ന് (ബാംഗ്ലൂര്‍, പൂനെ എന്നിവിടങ്ങളില്‍)1883-ല്‍ എന്‍ജിനീയറിങ് ബിരുദം നേടി. ബോംബെ ഗവണ്‍മെന്റിനു കീഴില്‍ അസിസ്റ്റന്റ് എന്‍ജിനീയറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. വൈകാതെ സൂപ്രണ്ടിംഗ് എന്‍ജിനീയറായി.
പ്രവര്‍ത്തന മേഖലകള്‍
സുക്കൂറിലെ ജലസേചന പദ്ധതി ആസൂത്രണം ചെയ്ത് പല പുതിയ പരീക്ഷണങ്ങളും ഇദ്ദേഹം നടത്തി.1904ല്‍ ലണ്ടനിലെ സിവില്‍ എന്‍ജിനീയേഴ്‌സിലെ അംഗമായി.'ആത്തിനിലെ'ശുദ്ധജലവിതരണ പദ്ധതികള്‍ തയാറാക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് നിയോഗിച്ചു. 1969-ല്‍ ഹൈദരാബാദിലെ നൈസാം ഗവണ്‍മെന്റിന്റെ സാങ്കേതിക ഉപദേഷ്ടാവായി. ഈ നഗരം ആധുനികവല്‍കരിക്കാന്‍ മുന്‍കൈയെടുത്തു.
താമസിയാതെ മൈസൂരിലെ പ്രധാന എന്‍ജിനീയറും ഗവണ്‍മെന്റ് സെക്രട്ടറിയുമായി നിയോഗിക്കപ്പെട്ടു.1912-ല്‍ മൈസൂര്‍ ദിവാനുമായി.1915-ല്‍ അവിടെ ഒരു സര്‍വകലാശാലയും സ്ഥാപിച്ചു.1918-ല്‍ ദിവാന്‍ സ്ഥാനം രാജിവച്ചു. 1935ല്‍ ബ്രിട്ടീഷ് രാജാവ് 'സര്‍'സ്ഥാനം നല്‍കി. 1955-ല്‍ രാജ്യം'ഭാരതരത്‌നം നല്‍കിയും ആദരിച്ചു. 1954 ഏപ്രില്‍ 14ന് അന്തരിച്ചു.
'വൃന്ദാവന്‍ ഗാര്‍ഡന്‍'
അണക്കെട്ടിന്റെ ശില്‍പ്പി
കാര്യക്ഷമതയും അര്‍പ്പണബോധവുമുണ്ടായിരുന്ന വിശ്വേശരയ്യ 1923-ല്‍ ഭദ്രാവതി ഉരുക്കു നിര്‍മാണശാലയുടെ ചുമതല ഏറ്റെടുത്ത് പുരോഗതിയുടെ പാതയിലേക്കാക്കി മാറ്റി. മൈസൂരില്‍ കാവേരി നദിക്കു കുറുകെ സ്ഥാപിച്ച കൃഷ്ണരാജസാഗര്‍ അണക്കെട്ട് ഇദ്ദേഹത്തിന്റെ പ്രയത്‌നമായിരുന്നു. 50000 ഹെക്ടര്‍ കൃഷിഭൂമിക്ക് ഈ ജലസേചന പദ്ധതി സഹായം നല്‍കിപ്പോരുന്നു. പ്രശസ്തമായ'വൃന്ദാവന്‍ ഗാര്‍ഡന്‍'എന്ന വിനോദ സഞ്ചാരകേന്ദ്രം ഈ അണക്കെട്ടിനോടു ചേര്‍ന്നാണുള്ളത്. കൂടാതെ കര്‍ണാടകയില്‍ നിരവധി വ്യവസായ സ്ഥാപനങ്ങളും റെയില്‍പാതകളും ഇദ്ദേഹത്തിന്റെ ശ്രമഫലമായുണ്ടായതാണ്.
എഴുത്തിലും കൈയൊപ്പ്
എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് പഠനസഹായിയായ ഏതാനും ഗ്രന്ഥങ്ങളും ഒരു ആത്മകഥയും വിശ്വേശ്വരയ്യയുടേതായിട്ടുണ്ട്. 1920-ല്‍ പുറത്തിറങ്ങിയ'റീ കണ്‍സ്ട്രക്റ്റിംഗ് ഇന്ത്യ', 1934ല്‍ വെളിച്ചം കണ്ട'പ്ലാന്‍ഡ് ഇക്കോണമി ഓഫ് ഇന്ത്യ'1951ല്‍ പ്രസിദ്ധീകരിച്ച(ആത്മകഥ) മെമെയേഴ്‌സ് ഓഫ് മൈ വര്‍ക്കിംഗ് ലൈഫ് എന്നിവയാണ് ഗ്രന്ഥങ്ങള്‍. ഇന്ത്യന്‍ എന്‍ജിനീയറിംങിന്റെ കുലപതിയായി ആധുനിക കര്‍ണാടക (മൈസൂര്‍)ത്തിന്റെ ശില്‍പിയായും ഇന്നും വിശ്വേശ്വരയ്യ ആദരിക്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."