പുതിയ അധ്യയന വര്‍ഷത്തില്‍ എല്ലാ സ്‌കൂളുകളിലും പച്ചക്കറി കൃഷി
പാലക്കാട്: പുതിയ അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും പച്ചക്കറി കൃഷി ആരംഭിക്കും. സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലുള്ള 12,332 വിദ്യാലയങ്ങള്‍ക്ക് കൃഷിക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് 5,000 രൂപ വീതം നല്‍കും.
ഭൂമി ലഭ്യമല്ലാത്ത സ്‌കൂളുകളില്‍ ഗ്രോബാഗ്, ടെറസ് കൃഷി തുടങ്ങിയ മാതൃകകള്‍ തിരഞ്ഞെടുക്കാം. സ്‌കൂളുകളില്‍ ഉണ്ടാക്കുന്ന പച്ചക്കറികള്‍ ഉപയോഗപ്പെടുത്തി ഉച്ചക്കഞ്ഞിക്കുള്ള വിഭവങ്ങളായി ഉപയോഗിക്കാം. അതിനുവേണ്ടി താല്‍പര്യമുള്ള കുട്ടികളെ തിരഞ്ഞെടുത്ത് കര്‍ഷകരെയും, കൃഷി വിദഗ്ധരെയും ഉള്‍പ്പെടുത്തി ക്ലാസുകള്‍ സംഘടിപ്പിക്കണം. പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് കുടിക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളമേ നല്‍കാവൂവെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചു. കൂടാതെ സ്‌കൂളുകളിലെ ജലസ്രോതസുകളിലെ വെള്ളവും ഉച്ചഭക്ഷണവും ലാബുകളില്‍ പരിശോധനയ്ക്ക് വിധേയമാക്കണം. കഴിഞ്ഞ വര്‍ഷം 8,000 സ്‌കൂളുകളില്‍ ഇത്തരം പരിശോധന നടത്തിയിരുന്നു. എന്നാല്‍ പ്രളയത്തെ തുടര്‍ന്ന് മുഴുവന്‍ പരിശോധനകളും പൂര്‍ത്തിയാക്കാനായില്ല. ഇത്തവണ ചോറ് ഒഴികെയുള്ള സ്‌കൂള്‍ ഭക്ഷണവിഭവങ്ങള്‍ (കറികളടക്കം) ലാബുകളില്‍ പരിശോധിക്കും.
ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലെ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണത്തില്‍ കലോറിമൂല്യം, പ്രോട്ടീന്‍ എന്നിവ ഉറപ്പാക്കുന്നതിനുള്ള വിഭവങ്ങള്‍ നിര്‍ബന്ധമാക്കി. പച്ചക്കറി, പയറുവര്‍ഗങ്ങള്‍ എന്നിവയുടെ രണ്ട് കറി ചോറിനൊപ്പം നല്‍കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പി.ടി.എയുടെയും സഹകരണത്തോടെ ചില വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പ്രഭാത, സായാഹ്ന ഭക്ഷണ പദ്ധതികള്‍ ഇത്തവണ 50 ശതമാനം സ്‌കൂളുകളിലെങ്കിലും നടപ്പാക്കാന്‍ പ്രധാനാധ്യാപകര്‍ മുന്‍കൈയെടുക്കണം. പി.ടി.എ പ്രസിഡന്റ് ചെയര്‍മാനും പ്രധാനാധ്യാപകന്‍ കണ്‍വീനറുമായി ഉച്ചഭക്ഷണ കമ്മിറ്റി രൂപീകരിക്കണം.
വാര്‍ഡുമെമ്പര്‍, മദര്‍ പി.ടി.എ പ്രസിഡന്റ്, 2 വിദ്യാര്‍ഥികള്‍, 2 അധ്യാപകര്‍, പാചക തൊഴിലാളി ഉള്‍പ്പെടെ ആകെ 10 അംഗങ്ങളുണ്ടായിരിക്കും.
പ്രദേശത്തെ സര്‍ക്കാര്‍ പി.എച്ച്.സി ഡോക്ടറും കൃഷി ഓഫിസറും ക്ഷണിതാവായിരിക്കും പുതിയ അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ 3,031 സ്‌കൂളുകളിലെ പാചകപ്പുരകള്‍ ആധുനികവല്‍ക്കരിക്കാന്‍ 210 കോടി രൂപ അനുവദിച്ചു.
ഓരോ സ്‌കൂളിനും 5 ലക്ഷം മുതല്‍ 8.30 ലക്ഷംരൂപ വരെ ലഭ്യമാകും. അടുത്ത മാര്‍ച്ച് 31നകം നിര്‍മാണം പൂര്‍ത്തിയാക്കണം. കൂടാതെ 1,285 പാചകപ്പുരകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 10,000 രൂപ വീതവും അനുവദിച്ചിട്ടുണ്ട്. സ്‌കൂളുകളിലെ ഉച്ചഭക്ഷണ അടുക്കളകളില്‍ മുഴുവന്‍ പാചകവാതക കണക്ഷനുകളും ലഭ്യമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."