മലബാറിലെ പ്ലസ്ടു പ്രതിസന്ധി
മതിയായ പ്ലസ് വണ്‍ സീറ്റുകളില്ലാത്തതിനാല്‍ മലബാര്‍ മേഖലയിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. പ്ലസ് വണ്ണിനുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചപ്പോള്‍ മലപ്പുറത്തെ 81,970 അപേക്ഷകരില്‍ നിന്നു സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ ഏകജാലകം വഴി 33,362 പേര്‍ക്കാണു പ്രവേശനം ലഭിച്ചത്. നാല്‍പ്പത്തെട്ടായിരത്തോളം കുട്ടികള്‍ക്ക് എവിടെയും സീറ്റ് കിട്ടിയിട്ടില്ല.
എയ്ഡഡ് സ്‌കൂളുകളിലെ കമ്യൂണിറ്റി ക്വാട്ട, മാനേജ്‌മെന്റ് ക്വാട്ട എന്നിവയിലും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ലഭ്യമായ സീറ്റുകളിലും പ്രവേശനം പൂര്‍ത്തിയായാലും മുപ്പതിനായിരത്തിലധികം പേര്‍ക്ക് പ്ലസ് വണ്‍ സീറ്റ് കിട്ടില്ല. മലബാറിലെ എല്ലാ ജില്ലകളിലും ഇതേ സാഹചര്യം തന്നെയാണ്.
ആദ്യഘട്ട അലോട്ട്‌മെന്റിലെ കണക്കുകള്‍ കൂടി പരിശോധിച്ചാല്‍ ഇതു കുറേക്കൂടി വ്യക്തമാകും. ഒന്നാംഘട്ടത്തില്‍ മലപ്പുറം ജില്ലയില്‍ നിന്നു പ്രവേശനം കിട്ടിയത് 27,299 പേര്‍ക്കാണ്. കോഴിക്കോട്ട് 49,085 അപേക്ഷകരില്‍ 18,712 പേര്‍ക്കും കണ്ണൂരില്‍ 36,487 അപേക്ഷകരില്‍ 16,153 പേര്‍ക്കും പാലക്കാട്ട് 45,344ല്‍ 17,129 പേര്‍ക്കുമാണു പ്രവേശനം ലഭിച്ചത്. മലബാര്‍ ജില്ലകളില്‍ ആകെയുള്ള പ്ലസ് വണ്‍ സീറ്റുകളുടെ ഇരട്ടിയോളം അപേക്ഷകരുണ്ട്.
കേരളത്തിലെ മറ്റെല്ലാ പ്രദേശങ്ങളിലെയും പോലെ മലബാര്‍ മേഖലയിലും ഉപരിപഠന സൗകര്യമൊരുക്കേണ്ടത് അതത് കാലങ്ങളില്‍ ഭരണം നടത്തുന്ന സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണ്. ഇത് ഏതെങ്കിലും മുന്നണിയുടെയോ പാര്‍ട്ടിയുടെയോ ബാധ്യതയല്ല. ദൗര്‍ഭാഗ്യവശാല്‍ പലപ്പോഴും അങ്ങനെയാണു പ്രചരിപ്പിക്കപ്പെടാറുള്ളത്.
1956ല്‍ ഐക്യകേരളം രൂപീകരിക്കപ്പെട്ടതു മുതലുള്ള 63 വര്‍ഷവും മുന്നണികള്‍ മാറിമാറിയാണു വിദ്യാഭ്യാസവകുപ്പു ഭരിച്ചത്. സി.എച്ച് മുഹമ്മദ് കോയ, ചാക്കീരി അഹമ്മദ് കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, നാലകത്ത് സൂപ്പി, പി.കെ അബ്ദുറബ്ബ് എന്നിവരാണ് മുസ്‌ലിംലീഗിന്റെ പ്രതിനിധികളായി വിദ്യാഭ്യാസമന്ത്രിമാരായത്. തെരഞ്ഞെടുപ്പു കേസിനെത്തുടര്‍ന്നു സി.എച്ച് രാജിവച്ചപ്പോള്‍ അല്‍പ്പകാലം യു.എ ബീരാനും ഈ വകുപ്പു ഭരിച്ചിട്ടുണ്ട്. ഇതെല്ലാംകൂടി എടുത്താലും കേരളം രൂപീകരിക്കപ്പെട്ട ശേഷം ആകെ 27 വര്‍ഷമാണു മുസ്‌ലിം ലീഗ് മന്ത്രിമാര്‍ വിദ്യാഭ്യാസവകുപ്പു ഭരിച്ചത്.
ബാക്കി 36 വര്‍ഷവും വിദ്യാഭ്യാസമന്ത്രിമാരായതു മറ്റു പാര്‍ട്ടിക്കാരാണ്, കൂടുതലും ഇടതുപക്ഷക്കാര്‍. പിണറായി സര്‍ക്കാര്‍ കേരളം ഭരിക്കാന്‍ തുടങ്ങിയിട്ട് മൂന്നുവര്‍ഷം കഴിഞ്ഞല്ലോ. കണ്ണൂരുകാരനായ മുഖ്യമന്ത്രിക്കു മലബാറിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ ആരെങ്കിലും പറഞ്ഞു കൊടുക്കേണ്ടതുണ്ടോ. എന്നിട്ടും, മലബാറില്‍ എവിടെയെങ്കിലും ഈ മൂന്നുവര്‍ഷത്തിനിടയില്‍ പ്ലസ്ടു കോഴ്‌സോ കോളജോ അനുവദിച്ചോ. ഉന്നതവിദ്യാഭ്യാസ വകുപ്പു കൈകാര്യം ചെയ്യുന്ന മലപ്പുറത്തുകാരനായ മന്ത്രി ജലീല്‍ വല്ലതും ചെയ്‌തോ.
ഇനി രണ്ടുവര്‍ഷം കൂടിയാണല്ലോ ഈ സര്‍ക്കാരിനുള്ളത്. ഇതുവരെ ഒന്നും ചെയ്യാത്തവര്‍ ഇനിയെന്തു ചെയ്യാനാണ്. എല്ലാ തവണയും ഇടതുപക്ഷം ഭരിക്കുമ്പോള്‍ ഇതുതന്നെയാണവസ്ഥ. ഐക്യജനാധിപത്യ മുന്നണി ഭരിക്കാന്‍ തുടങ്ങുമ്പോള്‍ മലബാറിന്റെ പിന്നാക്കാവസ്ഥ പരിഗണിച്ചു പ്ലസ്ടു സീറ്റോ കോളജോ അനുവദിക്കാന്‍ തുടങ്ങുമ്പോള്‍ വിദ്യാഭ്യാസക്കച്ചവടം, വര്‍ഗീയവല്‍ക്കരണം എന്നൊക്കെ ആര്‍ത്തട്ടഹസിച്ചു മന്ത്രിമാരെ വഴിയില്‍ തടയാനെത്തും. സി.എച്ചിന്റെ കാലം മുതല്‍ തുടങ്ങിയതാണ് ഈ പരിപാടി. ഇ.ടി മുഹമ്മദ് ബഷീറും നാലകത്ത് സൂപ്പിയുമൊക്കെ മലബാറില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കാന്‍ ശ്രമിച്ചപ്പോള്‍ വര്‍ഗീയപ്രീണനമാരോപിച്ചു ഗവര്‍ണറെ കാണാന്‍ പോയത് വി.എസ് അച്യുതാനന്ദനാണ്.
ഇനി ഇക്കൊല്ലത്തെ കണക്കുകളിലേയ്ക്കു വരാം. മലപ്പുറത്ത് ഇത്തവണ എസ്.എസ്.എല്‍.സി വിജയിച്ചത് 78,335 കുട്ടികളാണ്. ഇവിടെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് മേഖലകളിലായി ആകെയുള്ളത് 52,775 പ്ലസ് വണ്‍ സീറ്റുകള്‍. 25,560 വിദ്യാര്‍ഥികള്‍ക്കു സീറ്റില്ലെന്നര്‍ഥം. ഇതിനുപുറമെ ഇവിടത്തെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകളില്‍നിന്നുള്ളവരും വിദേശത്ത് എസ്.എസ്.എല്‍.സി പരീക്ഷയെഴുതി വിജയിച്ചവരുമായ അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ വേറെയുമുണ്ട്. അപ്പോള്‍ മലപ്പുറത്തു മാത്രം പ്ലസ് വണ്ണിനു സീറ്റ് കിട്ടാത്ത മുപ്പതിനായിരത്തോളം വിദ്യാര്‍ഥികളുണ്ടാകും.
കോഴിക്കോട് ജില്ലയില്‍ 44,074 കുട്ടികളാണ് എസ്.എല്‍.സി വിജയിച്ചത്. ആകെ ലഭ്യമായ സീറ്റുകള്‍ 34,522. 9552 സീറ്റിന്റെ കുറവ്. സി.ബി.എസ്.ഇക്കാരെ കൂട്ടുമ്പോള്‍ 12,000 വരും. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയായ കണ്ണൂരില്‍ 33,908 പേര്‍ വിജയിച്ചു. പ്ലസ് വണ്‍ സീറ്റുകള്‍ ആകെ 27,967. 5941 സീറ്റിന്റെ കുറവ്. കേന്ദ്ര സിലബസുകാരെ കൂട്ടുമ്പോള്‍ കുറവ് 7000. വി.എസ് അച്യുതാനന്ദന്‍ എം.എല്‍.എയായ മലമ്പുഴ ഉള്‍പ്പെടുന്ന പാലക്കാട്ട് 39,815 പേര്‍ വിജയിച്ചപ്പോള്‍ ആകെയുള്ള പ്ലസ് വണ്‍ സീറ്റ് 28,206. 11.609 സീറ്റിന്റെ കുറവ്.
ഇനി സേ പരീക്ഷ വിജയിച്ച് വരുന്നവരുടെ എണ്ണം കൂടി കൂട്ടണം. ഇതെല്ലാം കൂടി ചേരുമ്പോള്‍ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നീ മലബാര്‍ ജില്ലകളില്‍ നിന്ന് എസ്.എസ്.എല്‍.സി വിജയിച്ചവരുടെ എണ്ണം രണ്ടുലക്ഷം വരും. ഇവര്‍ക്കു പഠിക്കാന്‍ ലഭ്യമായ പ്ലസ് വണ്‍ സീറ്റുകള്‍ 1,43,470. അണ്‍എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകള്‍ ഉള്‍പ്പെടെയാണിത്. അരലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ക്കു പഠിക്കാന്‍ സീറ്റില്ല.
ഇവര്‍ക്കു പഠിക്കാന്‍ സീറ്റെവിടെയെന്നു ചോദിക്കുമ്പോള്‍ അതൊക്കെ ഇ.ടിയും സൂപ്പിയും അബ്ദുറബ്ബും നേരത്തേ അനുവദിക്കാത്തതെന്തേ എന്നാണ് ഇപ്പോഴത്തെ ഭരണക്കാരുടെ മറുചോദ്യം. അരിയെത്ര എന്നു ചോദിക്കുമ്പോള്‍ പയറഞ്ഞാഴിയെന്നു പറയുന്ന പോലെ! ആശയക്കുഴപ്പമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് എപ്പോഴും ഈ ചോദ്യമെടുത്തെറിയുന്നത്. എങ്കിലും സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ അതിനു കൃത്യമായ മറുപടിയുണ്ട്.
1998 മുതലാണു പ്രീഡിഗ്രി കോളജുകളില്‍ നിന്നു വേര്‍പെടുത്തി സ്‌കൂള്‍വിദ്യാഭ്യാസത്തിന്റെ ഭാഗമായ പ്ലസ് ടു കോഴ്‌സാക്കി മാറ്റിയത്. 1998ലും 2000ത്തിലും കേരളത്തില്‍ വ്യാപകമായി പ്ലസ് ടു കോഴ്‌സുകള്‍ അനുവദിച്ചപ്പോള്‍ അന്നത്തെ നായനാര്‍ സര്‍ക്കാര്‍ പിന്നാക്ക ജില്ലകളോടും പിന്നാക്ക സമുദായങ്ങളോടും വലിയ വിവേചനം കാണിച്ചു. ഈ രണ്ടു വര്‍ഷങ്ങളിലായി എയ്ഡഡ് മേഖലയില്‍ 397 പ്ലസ് ടു സ്‌കൂളുകള്‍ അനുവദിച്ചപ്പോള്‍ ക്രിസ്ത്യന്‍ സമുദായത്തിന് 183, നായര്‍ സമുദായ മാനേജ്‌മെന്റുകള്‍ക്ക് 92, ഈഴവ മാനേജ്‌മെന്റുകള്‍ക്ക് 71, മുസ്‌ലിം മാനേജ്‌മെന്റുകള്‍ക്ക് 51 എന്നിങ്ങനെയാണു ലഭിച്ചത്.
ക്രിസ്ത്യന്‍, ഈഴവ, നായര്‍ മാനേജ്‌മെന്റുകള്‍ക്ക് അന്ന് അനുവദിച്ച സ്‌കൂളുകള്‍ അധികവും തെക്കന്‍ ജില്ലകളിലായിരുന്നു. മലബാറിന് ആകെ ലഭിച്ചത് 50ല്‍ താഴെ സ്‌കൂളുകള്‍. ജനസംഖ്യാനുപാതികമായി നോക്കുമ്പോള്‍ അന്നു തെക്കന്‍ ജില്ലകളില്‍ അനുവദിച്ചതിന്റെ ഇരട്ടിയിലേറെ പ്ലസ്ടു സ്‌കൂളുകള്‍ മലബാറില്‍ അനുവദിക്കേണ്ടതായിരുന്നു. മലബാറുകാരനായ മുഖ്യമന്ത്രി ഇ.കെ നായനാര്‍ക്കുപോലും അതു ചെയ്യാന്‍ കഴിഞ്ഞില്ല. മുസ്‌ലിം ലീഗിന്റെ വിദ്യാഭ്യാസ മന്ത്രിമാര്‍ എന്തു ചെയ്തുവെന്നു ചോദിക്കുന്ന ഇടതുപക്ഷക്കാര്‍ക്ക് ഇതും ഓര്‍മയുണ്ടാകണം.
തുടര്‍ന്ന്, 2001ല്‍ എ.കെ ആന്റണി മന്ത്രിസഭയില്‍ വിദ്യാഭ്യാസമന്ത്രിയായ നാലകത്ത് സൂപ്പിയുടെ നേതൃത്വത്തില്‍ ഈ അസംതുലിതാവസ്ഥ പരിഹരിക്കാനുള്ള ശ്രമമുണ്ടായി. ഇക്കാലത്ത് മലപ്പുറം ജില്ലയില്‍ മാത്രം 49 ഗവണ്‍മെന്റ് ഹൈസ്‌കൂളുകളെ ഹയര്‍ സെക്കന്‍ഡറികളാക്കി ഉയര്‍ത്തി. ഇതിനെതിരേയും വര്‍ഗീയപ്രീണനാരോപണങ്ങളും സമരങ്ങളുമൊക്കെയുണ്ടായി. മലപ്പുറം ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ വിജയഭേരി പദ്ധതിയിലൂടെ എസ്.എസ്.എല്‍.സി വിജയശതമാനം ഓരോ വര്‍ഷവും കൂടി വരികയും കൂടുതല്‍ കൂടുതല്‍ പ്ലസ് ടു സീറ്റുകള്‍ ആവശ്യമായി വരികയും ചെയ്തു. 2006 മുതല്‍ 2011 വരെ കേരളം ഭരിച്ച ഇടതുപക്ഷ സര്‍ക്കാര്‍ ഇതിനുവേണ്ടി ഒന്നും ചെയ്തില്ല.
2011ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വിദ്യാഭ്യാസമന്ത്രിയായ പി.കെ അബ്ദുറബ്ബിനായിരുന്നു ഇതു പരിഹരിക്കാനുള്ള നിയോഗം ലഭിച്ചത്. 2011ല്‍ 552 പ്ലസ് ടു ബാച്ചുകളാണ് അബ്ദുറബ്ബ് അനുവദിച്ചത്. 33,120 സീറ്റുകളാണ് ഇതിലൂടെ അധികമായി ലഭിച്ചത്. 2014ല്‍ പുതിയ 97 പ്ലസ് ടു സ്‌കൂളുകള്‍ ഉള്‍പ്പെടെ 850 പ്ലസ് ടു ബാച്ചുകള്‍ അനുവദിക്കപ്പെട്ടു. 51,000 സീറ്റുകള്‍ കൂടി അധികമായി ലഭ്യമായി. 2011 ലും 2014 ലുമായി പി.കെ അബ്ദുറബ്ബ് വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്ത് ആകെ 84,000 പുതിയ പ്ലസ് ടു സീറ്റുകള്‍ അനുവദിക്കപ്പെട്ടു. കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്ലസ് ടു സീറ്റുകള്‍ അനുവദിച്ച വിദ്യാഭ്യാസമന്ത്രിയാണു പി.കെ അബ്ദുറബ്ബ്. മലബാര്‍ ജില്ലകളിലെ പ്ലസ്ടു സീറ്റുകളുടെ കുറവു പരിഹരിക്കാനായിരുന്നു ഇവയിലേറെയും അനുവദിച്ചത്. ഈ വര്‍ഷം പ്ലസ് വണ്ണിനു പഠിക്കാനുള്ള സീറ്റുകള്‍ വേണമെന്നാണു മലബാറിലെ വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും ഇങ്ങനെയൊരു സാഹചര്യമില്ല. പലയിടത്തും സീറ്റുകള്‍ അധികമാണ്. പത്തനംതിട്ടയില്‍ ഈ വര്‍ഷം എസ്.എസ്.എല്‍.സി വിജയിച്ചത് 10,780 പേരാണ്. അവിടെ 14,931 പ്ലസ് വണ്‍ സീറ്റുണ്ട്. 4151 സീറ്റുകള്‍ ബാക്കിയാണ്. കോട്ടയത്ത് 20141 പേര്‍ ജയിച്ചു. ഇവിടെ പ്ലസ് വണ്ണിന് 22,136 സീറ്റുണ്ട്. 1995 സീറ്റ് അധികമാണ്. എറണാകുളത്ത് 32,082 പേര്‍ വിജയിച്ചപ്പോള്‍ പ്ലസ് വണ്ണിന് 32,598 സീറ്റുണ്ട്. ആലപ്പുഴയില്‍ 22,552 വിജയികളെ കാത്ത് 22,839 സീറ്റുണ്ട്.
ഈ നാല് ജില്ലകളിലും പ്ലസ് വണ്ണിനു സീറ്റുകള്‍ ഒഴിഞ്ഞുകിടക്കും. മലബാറിലെ നാലു ജില്ലകളില്‍ അരലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ പ്ലസ് വണ്ണിനു സീറ്റില്ലാതെ അലയുമ്പോള്‍ തെക്കന്‍ ജില്ലകളില്‍ പഠിക്കാന്‍ കുട്ടികളില്ലാത്ത പ്ലസ് വണ്‍ ക്ലാസുകള്‍! മുഖ്യമന്ത്രി കണ്ണൂരുകാരനും ഉന്നതവിദ്യാഭ്യാസ മന്ത്രി മലപ്പുറത്തുകാരനും പൊതുവിദ്യാഭ്യാസ മന്ത്രി മലപ്പുറത്തിന്റെ തൊട്ടടുത്ത തൃശൂരുകാരനുമാണ് എന്നു കൂടി ഓര്‍മിപ്പിക്കട്ടെ.
(മുന്‍ വിദ്യാഭ്യാസ മന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ലേഖകന്‍ ഇപ്പോള്‍ മലപ്പുറം ജില്ലാപഞ്ചായത്ത് മെമ്പറും വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗവുമാണ്.)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."