ഹത്രാസ് കൂട്ടബലാത്സംഗക്കൊല; പ്രതികളിലൊരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് സി.ബി.ഐ
ലഖ്‌നൗ: ഹത്രാസ് കൂട്ടബലാത്സംഗക്കേസിലെ നാലു പ്രതികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് സി.ബി.ഐ. പ്രതിയുടെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായതെന്നും ഇത് നേരത്തെ കണ്ടെത്താന്‍ കഴിയാതിരുന്നത് യു.പി പൊലിസിന്റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയാണെന്നും സി.ബി.ഐ പറഞ്ഞു.
സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം പ്രതി ജനിച്ചത് 2002 ഡിസംബര്‍ രണ്ടാംതിയതിയാണ്. നിലവില്‍ കേസിലെ നാലു പ്രതികളും അലിഗഢ് ജയിലിലാണ്. തിങ്കളാഴ്ച നാലുപേരെയും 8 മണിക്കൂറോളം സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. പ്രതിയുടെ വീട്ടിലെത്തിയ സി.ബി.ഐ സംഘം സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് കൊണ്ടുപോയതായി മാതാവ് അറിയിച്ചു.
പെണ്‍കുട്ടിയെ ചികിത്സിച്ച ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജിലെ ഡോക്ടറേയും സി.ബി.ഐ ചോദ്യം ചെയ്തു. ഇരയുടെ കുടുംബത്തെയും സംഘം മണിക്കൂറുകളോളം ചോദ്യം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.
ഈ മാസം പതിനൊന്നിനാണ് കേസന്വേഷണം സി.ബി.ഐയ്ക്ക് വിട്ടത്. സംഭവത്തില്‍ യു.പി സര്‍ക്കാരിന്റെയും പൊലിസിന്റെയും നടപടിയില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു കേസ് സി.ബി.ഐയ്ക്ക് വിട്ടത്.
സെപ്തംബര്‍ 14 നായിരുന്നു മാതാവിനൊപ്പം കൃഷിയിടത്തിലേക്ക് പോയ ദലിത് പെണ്‍കുട്ടിയെ അക്രമികള്‍ തട്ടിക്കൊണ്ടുപോയി ക്രൂരബലാത്സംഗത്തിനിരയാക്കി, നാവു മുറിച്ച് ഉപേക്ഷിച്ചത്. ഗുരുതരമായി പരുക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി സെപ്റ്റംബര്‍ 29ന് മരിക്കുകയായിരുന്നു.
യു.പി പൊലിസ് പെണ്‍കുട്ടിയുടെ മൃതദേഹം മാതാപിതാക്കളുടെ സമ്മതം കൂടാതെ അര്‍ധരാത്രി സംസ്‌കരിച്ചതും പെണ്‍കുട്ടിയുടെ കുടുംബത്തെ വീട്ടുതടങ്കിലാക്കിയതും വന്‍ വിവാദത്തിനിടയാക്കിയിരുന്നു. ഠാക്കൂര്‍ വിഭാഗത്തില്‍പ്പെടുന്ന നാല് പേര്‍ ചേര്‍ന്നാണ് ദലിത് പെണ്‍കുട്ടിയെ ക്രൂരബലാത്സംഗത്തിന് ഇരയാക്കിയത്. ബലാത്സംഗം നടന്നിട്ടില്ലെന്നായിരുന്നു ആദ്യഘട്ടത്തില്‍ പൊലിസ് വാദം. കേസില്‍ സവര്‍ണ ജാതിക്കാരായ പ്രതികളെ സംരക്ഷിക്കാനായിരുന്നു പൊലിസ് ശ്രമം.
അതേസമയം ഹത്രാസ് കേസില്‍ സി.ബി.ഐ അന്വേഷണമല്ല വേണ്ടതെന്നും പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചാല്‍ മാത്രമേ പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കുകയുള്ളൂ എന്ന് ദലിത് ആക്റ്റിവിസ്റ്റുകള്‍ വ്യക്തമാക്കുന്നു.
യു.പി പൊലിസിന്റെ വാദം തള്ളിയ ഡോക്ടറെ
അലിഗഡ് മെഡിക്കല്‍ കോളജില്‍ നിന്നു പുറത്താക്കി
ന്യൂഡല്‍ഹി: യു.പിയിലെ ഹത്രാസില്‍ ദലിത് പെണ്‍കുട്ടി ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ യു.പി പൊലിസിന്റെ വാദത്തിനെതിരേ രംഗത്തെത്തിയ ഡോക്ടറെ അലിഗഡിലെ ജവഹര്‍ലാല്‍നെഹ്‌റു മെഡിക്കല്‍ കോളജില്‍ നിന്നു പുറത്താക്കി. ആശുപത്രിയിലെ താല്‍ക്കാലിക ചീഫ് മെഡിക്കല്‍ ഓഫിസര്‍(സി.എം.ഒ) ഡോ. അസീം മാലികിനെയാണ് പുറത്താക്കിയത്.
പെണ്‍കുട്ടി ബലാത്സംഗത്തിനിരയായില്ലെന്ന യു.പി പൊലിസിന്റെ വാദം നിലനില്‍ക്കുന്നതല്ലെന്ന് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഫോറന്‍സിക് പരിശോധനയില്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ പുരുഷ ബീജത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും ബലാത്സംഗത്തിന് ഇരയായതായി തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നുമായിരുന്നു യു.പി എ.ഡി.ജി.പി പ്രശാന്ത് കുമാറിന്റെ വാദം. എന്നാല്‍ പീഡനം നടന്ന് 11 ദിവസത്തിന് ശേഷമാണ് സാംപിള്‍ പരിശോധനയ്‌ക്കെടുത്തതെന്നും അതുകൊണ്ടു തന്നെ എ.ഡി.ജി.പിയുടെ വാദത്തിന് പ്രസക്തിയില്ലെന്നും ഡോ. അസീം പരസ്യമായി പ്രതികരിച്ചിരുന്നു.
ഫോറന്‍സിക് സാംപിളുകള്‍ സംഭവം നടന്ന് 96 മണിക്കൂറിനകം ശേഖരിക്കണമെന്ന് കര്‍ശന നിര്‍ദേശമുണ്ടെന്നും അത്തരത്തിലുള്ള റിപ്പോര്‍ട്ടുകളെ കൃത്യമാവുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.മാധ്യമങ്ങളില്‍ പരസ്യമായി പ്രതികരിച്ചതിന് പിന്നാലെ ഡോ. അസീമിനെതിരായ പ്രതികാര നടപടികള്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെ താല്‍ക്കാലിക സി.എം.ഒ ആയി നിയമിക്കണമെന്ന നിര്‍ദേശം അംഗീകരിക്കപ്പെട്ടില്ല എന്ന് കാണിച്ച് ഡോ. അസീമിന് കഴിഞ്ഞ 16ന് നോട്ടിസ് നല്‍കിയിരുന്നു. അതിന് പിന്നാലെ ഇന്നലെ സര്‍വിസില്‍നിന്നു നീക്കിക്കൊണ്ടുള്ള ഉത്തരവ് നല്‍കുകയായിരുന്നു.കൂട്ടബലാത്സംഗത്തനിരയായ പെണ്‍കുട്ടിയെ യു.പിയിലെ ആശുപത്രിയില്‍ നിന്ന് 22ന് ആണ് അതീവ ഗുരുതരാവസ്ഥയില്‍ അലിഗഡിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അലിഗഡിലെ പൂര്‍വ വിദ്യാര്‍ഥി കൂടിയായ അസീം കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ഇവിടെ ജോലിചെയ്തു വരികയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."