മസ്ജിദുല്‍ അഖ്സയില്‍ പ്രവേശിക്കാന്‍ ചെന്ന ഫലസ്തീന് ബാലനെ വെടിവച്ചു കൊന്നു
മറ്റൊരു സംഭവത്തില്‍ രണ്ടു ഇസ്റാഈലികളെ കുത്തിയെന്നാരോപിച്ച് ഫലസ്തീനി യുവാവിനെ ഇസ്റാഈല്‍ സൈന്യം വെടിവച്ചുകൊന്നു
ജറൂസലം: മുസ്ലിംകളുടെ വിശുദ്ധ പള്ളിയായ മസ്ജിദുല്‍ അഖ്സയില്‍ ജുമുഅ നിസ്കാരം നിര്‍വഹിക്കാനായി അധിനിവിഷ്ട ജറൂസലമില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ഫലസ്തീനി ബാലനെ ഇസ്റാഈല്‍ പട്ടാളം വെടിവച്ചു കൊന്നു.
അധിനിവിഷ്ട വെസ്റ്റ്ബാങ്ക് നഗരമായ ഹെബ്രോണില്‍ നിന്നുള്ള 16കാരനായ അബ്ദുല്ലാ ഗൈസ് ആണ് കൊല്ലപ്പെട്ടത്.
കിഴക്കന്‍ ബത്ലഹേമിലെ ദാറുസലാഹ് ഗ്രാമത്തിനു സമീപം നിലയുറപ്പിച്ച പട്ടാളക്കാരാണ് ഗൈസിനെ വെടിവച്ചത്. നെഞ്ചത്ത് വെടിയുണ്ട തറച്ചാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
മറ്റൊരു യുവാവിനെ വെടിയേറ്റ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 21കാരനായ മുഅ്മിന് അബൂ താബിഷിനാണ് പരുക്കേറ്റത്. മറ്റൊരു സംഭവത്തില്‍ രണ്ടു ഇസ്റാഈലികളെ കുത്തിയെന്നാരോപിച്ച് ഫലസ്തീനി യുവാവിനെ ഇസ്റാഈല്‍ സൈന്യം വെടിവച്ചുകൊന്നു.
കഴിഞ്ഞ വെള്ളിയാഴ്ച കിഴക്കന്‍ ജറൂസലമിലാണ് സംഭവം നടന്നത്.പരുക്കേറ്റ ഒരു ഇസ്റാഈലിയുടെ നില അതീവ ഗുരുതരമാണെന്ന് ഇസ്റാഈലി പൊലിസ് പറഞ്ഞു. മറ്റേയാള്‍ക്കും സാരമായ മുറിവുണ്ട്. 19കാരനായ പലസ്തീനിയുടെ പേര് ഇസ്റാഈല്‍ പുറത്തുവിട്ടിട്ടില്ല.ആയിരക്കണക്കിനു മുസ്ലിംകള് വിശുദ്ധ ഗേഹമായ മസ്ജിദുല്‍ അഖ്സയ്ക്കു പുറത്ത് ഒത്തുകൂടിയപ്പോള്‍ ഇസ്റാഈല്‍ കൂടുതല്‍ സൈനികരെ ഇവിടെ വിന്യസിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."