മുഖ്യമന്ത്രിയുടെ പൊലിസ് മെഡല്‍ പ്രഖ്യാപിക്കാതെ ഒളിച്ചുകളി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് പ്രതിരോധമുള്‍പ്പെടെ രാപ്പകല്‍ ജോലി ചെയ്യുന്ന പൊലിസ് സേനയ്ക്ക് സര്‍ക്കാരിന്റെ അവഗണന.
കൊവിഡ് വാരിയര്‍ മെഡല്‍ പ്രഖ്യാപിച്ച ശേഷം സ്വന്തം ചെലവില്‍ മെഡല്‍ വാങ്ങണമെന്ന നിര്‍ദ്ദേശിച്ചതിനു പിന്നാലെ മുഖ്യമന്ത്രിയുടെ പൊലിസ് മെഡല്‍ പ്രഖ്യാപനവും വൈകുന്നു. ജോലിയില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ച സിവില്‍ പൊലിസ് ഓഫിസര്‍മാര്‍ മുതല്‍ എസ്.പിമാര്‍വരെയുള്ള ഉദ്യോഗസ്ഥര്‍ക്കാണ് മെഡല്‍ നല്‍കുന്നത്.
2019ലെ മെഡലിന് അര്‍ഹരായ 283 പേരുടെ പട്ടിക ചീഫ് സെക്രട്ടറിതല കമ്മിറ്റി സെപ്റ്റംബര്‍ 28ന് അംഗീകരിച്ച് ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫിസിനു നല്‍കി.
എന്നാല്‍ സേനയും പൊലിസ് സംഘടനകളും ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നു ഫയല്‍ മുഖ്യമന്ത്രിയുടെ അടുത്തെത്തിയില്ല. എല്ലാവര്‍ഷവും ഒക്ടോബര്‍ രണ്ടിന് മെഡലുകള്‍ പ്രഖ്യാപിച്ച് കേരള പിറവി ദിനത്തില്‍ വിതരണം ചെയ്യുമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. പക്ഷെ പ്രഖ്യാപനം ഉണ്ടായില്ല.
ഇതിനിടെ ജയില്‍ വകുപ്പ്, എക്‌സൈസ്, അഗ്‌നിശമനയ്ക്കുള്ള മെഡലുകള്‍ പ്രഖ്യാപിച്ചു. എന്നാല്‍ മെഡലിനര്‍ഹതപ്പെട്ടവരുടെ പട്ടിക മുഖ്യമന്ത്രിയുടെ പരിഗണനയിലാണന്നും വൈകാതെ ഉത്തരവിറങ്ങുമെന്നുമാത്രമാണ് ഇതേ കുറിച്ച് ദിവസങ്ങളായി ആഭ്യന്തരവകുപ്പ് നല്‍കുന്ന വിശദീകരണം.
സര്‍ക്കാരിന് അനഭിമതരായ ഉദ്യോഗസ്ഥരാരെങ്കിലും പട്ടികയില്‍ ഇടംപിടിച്ചതാണോ എന്ന് പരിശോധിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് തീരുമാനിച്ചിട്ടുണ്ടെന്നും അതിനാലാണ് പ്രഖ്യാപനം വൈകാന്‍ കാരണമെന്നുമാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."