ഒരു യാത്രികന്റെ നോമ്പോര്‍മ
ഡിഗ്രി പരീക്ഷ കഴിഞ്ഞ് എന്തുചെയ്യണമെന്നറിയാതെ അലഞ്ഞ് നടക്കുന്ന സമയം. അതിനിടെ അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി എന്‍ട്രന്‍സ് എക്‌സാം ക്ഷണിക്കുന്നത്. യു.പിയിലുള്ള അലിഗഢ് ക്യാമ്പസില്‍ പോയി തന്നെ എക്‌സാം എഴുതണം. ഞാനും എന്റെ സര്‍ സയ്യിദിലെ കൂട്ടുകാരായ ഷംസീറും അജ്മലും മുഫീദും അഷ്‌കറും ടിക്കറ്റ് ഒക്കെ ബുക്ക് ചെയ്തു ഉത്തരേന്ത്യയിലേക്ക് വണ്ടികയറി. ജൂണ്‍ മാസത്തിലെ തുടക്കം, കേരളത്തില്‍ നല്ല രീതിയില്‍ മഴ പെയ്യുന്ന സമയം. ട്രെയിന്‍ യാത്ര തുടങ്ങിയതിനുശേഷമാണ് റമദാന്‍ ആഗതമായത് അറിഞ്ഞത്. യാത്രക്കാരായതിനാല്‍ ഞങ്ങള്‍ക്ക് നോമ്പ് ഇല്ലായിരുന്നു. ഒരുപാട് സമയത്തെ യാത്രക്ക് ശേഷം ഞങ്ങള്‍ അലിഗഢില്‍ എത്തി. അലിഗഢ് ഹോസ്റ്റലില്‍ മലയാളി അസോസിയേഷനു കീഴില്‍ ഞങ്ങള്‍ക് റൂം കിട്ടി. നല്ല യാത്രാക്ഷീണം ഉണ്ടായിരുന്നു. നമ്മുടെ നാട്ടില്‍ മഴ തകര്‍ത്തു പെയ്യുന്ന സമയം അവിടുത്തെ ചൂട് 40 ഡിഗ്രിക്കു മുകളിലായിരുന്നു.
രാത്രി നടക്കാനിറങ്ങി. അലിഗഢ് യൂനിവേഴ്‌സിറ്റിയുടെ സമീപത്തെ ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചു. അത്താഴം കഴിക്കാന്‍ ഹോസ്റ്റലിനു സമീപം ഒരു ഹോട്ടല്‍ കണ്ടുവച്ചു. ഹോസ്റ്റലില്‍ പോയി കിടന്നുറങ്ങി അത്താഴമൊക്കെ കഴിച്ച് വീണ്ടും ഉറക്കം തന്നെ. അണ്‍സഹിക്കബിള്‍ എന്നു തന്നെ പറയാം കഠിന ചൂട്. പോരാത്തതിന് 17 മണിക്കൂറാണ് നോമ്പിന്റെ ദൈര്‍ഘ്യം. ഉച്ചവരെ കിടന്നുറങ്ങി. ഹോസ്റ്റലിന് പുറത്തുള്ള വാഷ് ടബ്ബില്‍ നിന്നും ഇടയ്ക്കിടയ്ക്ക് വെള്ളം നനച്ച് ആശ്വാസം കണ്ടെത്തി. ക്യാമ്പസിനുള്ളില്‍ കൂടി റിക്ഷാ വണ്ടി വിളിച്ചാണ് എക്‌സാം എഴുതാന്‍ പോയത്. ക്യാമ്പസിന് പുറത്ത് ഒരാള്‍ മാമ്പഴ ജ്യൂസും റൂഹ് അഫ്‌സ യും വില്‍ക്കുന്നു. നോമ്പ് തുറക്കാനും ക്ഷീണമകറ്റാനും റൂഹ് അഫ്‌സ തന്നെ ശരണം.
പ്രത്യേക ഊര്‍ജ്ജം തരുന്ന ഒരു പാനീയമാണ് റൂഹ് അഫ്‌സ. ആദ്യമായാണ് അത് കുടിക്കുന്നത്. അതിന്റെ ത്രില്ലില്‍ ഒരു കുപ്പി നാട്ടിലേക്ക് വരുമ്പോള്‍ വാങ്ങി. പക്ഷേ വീട്ടുകാര്‍ക്കിടയില്‍ വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല. അവര്‍ ഉണ്ടാക്കുന്ന ടേസ്റ്റ് വീട്ടുകാര്‍ ഉണ്ടാകുമ്പോള്‍ കിട്ടാത്തത് എന്റെ കുഴപ്പമാണോ??
അങ്ങനെ ഉത്തരേന്ത്യയിലെ ദൈര്‍ഘ്യമേറിയ ഒരു നോമ്പ് ഞങ്ങള്‍ അനുഷ്ഠിച്ചു. പിറ്റേന്ന് ഞങ്ങള്‍ നേരെ ഡല്‍ഹിയിലേക്ക് ബസ് കയറി. ബസില്‍ നിന്ന് തന്നെ വെള്ളവും ഫ്രൂട്ടിയും ഒക്കെ കുടിച്ചു നോമ്പ് തുറന്നു. ജാമിഅ മില്ലിയ്യയില്‍ പഠിക്കുന്ന സര്‍സയ്യിദിലെ സീനിയര്‍ സുഹൃത്ത് റോഷന്‍ വിളിച്ച് അങ്ങോട്ട് പോവാന്‍ പറഞ്ഞു. ആദ്യമായി മെട്രോ ട്രെയിനില്‍ കയറിയതിനാലും ഡല്‍ഹി മെട്രോ ആയതിനാലും ആശയക്കുഴപ്പത്തിലായി. അതുമൂലം ജാമിയ മില്ലിയ്യയിലേക്കുള്ള അവസാനം മെട്രോയും നഷ്ട്ടപ്പെട്ടു.
അവസാനം ഓട്ടോ വിളിച്ച് പോകേണ്ടിവന്നു. ജാമിയ മില്ലിയ ഹോസ്റ്റലില്‍ കയറി. രാത്രി ഭക്ഷണം കഴിക്കാനും മറ്റുമായി ഡല്‍ഹി തെരുവിലേക്കിറങ്ങി. ഡല്‍ഹി പട്ടണം രാത്രിയാണ് ലൈവ്. പ്രത്യേകിച്ചും റമദാനില്‍. സ്ട്രീറ്റിലൂടെ നടന്നു കാഴ്ചകള്‍ കണ്ടു. ഭക്ഷണം പാര്‍സല്‍ വാങ്ങി റൂമിലേക്ക് മടങ്ങി. ഡല്‍ഹിയെയും മനസിനെയും തണുപ്പിച്ച് കോരിത്തരിച്ച മഴപെയ്തു. അതിനാല്‍ തന്നെ അത്താഴമൊക്കെ നേരത്തെ കഴിച്ചു കിടന്നുറങ്ങി. അലിഗഢിനേക്കാള്‍ എത്രയോ ഭേദമാണ് തലസ്ഥാന നഗരി. ദൈര്‍ഘ്യമേറിയ നോമ്പിന് ആശ്വാസം നല്‍കിയ റൂഫ് അഫ്‌സ ഞങ്ങള്‍ ഡല്‍ഹി തെരുവോരങ്ങളില്‍ നിന്നും നുകര്‍ന്നു. ഒരുപാട് പുതിയ അനുഭവങ്ങള്‍ നല്‍കിയ ഈ യാത്രയും ഈ നോമ്പുകാലം ഒരിക്കലും മറക്കാന്‍ കഴിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."