മഹാത്മാഗാന്ധിയല്ല, രാഷ്ട്രപിതാവ് വേദവ്യാസനെന്ന് പേജാവര്‍ മഠാധിപതി
ഉഡുപ്പി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയല്ലെന്നും വേദവ്യാസ മഹര്‍ഷിയാണെന്നാണ് തന്റെ അഭിപ്രായമെന്നും പേജാവര്‍ മഠാധിപതി വിശ്വതീര്‍ഥ. കഴിഞ്ഞ ദിവസം മഠത്തില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് സ്വാമി വിശ്വതീര്‍ഥ വിവാദപ്രസ്താവന നടത്തിയത്. മഹാത്മാഗാന്ധി ദേശാഭിമാനിയാണ്. അദ്ദേഹം വളരെയേറെ ആദരിക്കപ്പെടേണ്ട വ്യക്തിയും രാജ്യത്തിന്റെ മകനുമാണ്. എന്നാല്‍ വേദവ്യാസ മഹര്‍ഷി രാജ്യത്തിന്റെ പിതാവാണ്. വേദവ്യാസനില്‍ നിന്നാണ് ഭാരതത്തിന്റെ സംസ്കാരവും പാരമ്പര്യവും ഉണ്ടായതെന്നും പേജാവര്‍ മഠാധിപതി പറഞ്ഞു.
നാഥുറാം വിനായക് ഗോഡ്സെ നല്ല വ്യക്തിയായിരുന്നുവെങ്കിലും മഹത്മാഗാന്ധിയെ വധിച്ചതോടെ രാജ്യത്തിന് വന്‍ അപമാനമാണ് ഉണ്ടാക്കി വച്ചത്. അത് കൊണ്ട് ഗോഡ്സെ ദേശാഭിമാനിയല്ല. ഗോഡ്സെയെ ദേശാഭിമാനി എന്ന് വിളിക്കുന്നത് തെറ്റാണെന്നും സ്വാമി വ്യക്തമാക്കി.
ഇക്കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വര്‍ഗീയ പാര്‍ട്ടികളാണെന്നു ബി.ജെ.പി വന്‍ പ്രചാരണം അഴിച്ചു വിട്ടു. ഇത്തരം പ്രചാരണം ഹിന്ദുത്വ വോട്ടുകള്‍ ഏകീകരിക്കുന്നതിന് ഇടയാക്കി. ഇതിനെ മറികടക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. ബി.ജെ.പിയുടെ ഇപ്പോഴത്തെ മുന്നേറ്റത്തിന് കാരണം ഹിന്ദുത്വ കാര്‍ഡാണ്. അല്ലായിരുന്നെങ്കില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഇപ്പോള്‍ ലഭിച്ചതിനെക്കാളും കൂടുതല്‍ സീറ്റുകളില്‍ വിജയം നേടാമായിരുന്നു.
രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തന്നെ സംബന്ധിച്ചിടത്തോളം തുല്യരാണെന്നും സ്വാമി വിശ്വതീര്‍ഥ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."