50 കിലോ സ്വര്‍ണം കടത്തിയെന്ന് സെറീനയുടെ മൊഴി
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി പലപ്പോഴായി 50 കിലോ സ്വര്‍ണം കടത്തിയെന്ന് കേസില്‍ പ്രതിയായ സെറീനയുടെ മൊഴി. സ്വര്‍ണം കടത്തിയതിന് താന്‍ പലര്‍ക്കും പ്രതിഫലവും നല്‍കിയിട്ടുണ്ടെന്നും അവര്‍ മൊഴി നല്‍കി.
2018 നവംബറിലാണ് ബിജുവിനെ പരിചയപ്പെട്ടത്. ബിജുവാണ് കേസിലെ മറ്റൊരു പ്രതിയായ ജിത്തുവിനെ പരിചയപ്പെടുത്തിയത്. ദുബൈയില്‍നിന്നും ജിത്തു തന്റെ കൈവശം 24 കിലോ സ്വര്‍ണം നല്‍കി. അതേ അളവില്‍ സ്വര്‍ണം സുനില്‍കുമാറെന്ന തിരുവനന്തപുരം സ്വദേശിയെയും ഏല്‍പിച്ചു. താന്‍ ഡ്യൂട്ടി അടച്ചാണ് ആ സ്വര്‍ണം കൊണ്ടുവന്നത്. സുനില്‍കുമാറിന്റെ കൈവശമുണ്ടായിരുന്ന സ്വര്‍ണം പിടിക്കപ്പെട്ടാല്‍ സഹായിക്കാനാണ് തനിക്ക് നിര്‍ദേശം നല്‍കിയിരുന്നതെന്നും സെറീന വെളിപ്പെടുത്തി. ബിജുവും ഭാര്യയും വിദേശത്ത് വരാറുണ്ടായിരുന്നു. ഇവര്‍ സ്വര്‍ണവും പണവും കടത്തിയിട്ടുണ്ടന്നും മൊഴിയില്‍ പറയുന്നു. കള്ളക്കടത്ത് വാഹകാരായ നിരവധി പേരെ ബിജുവിനൊപ്പം താന്‍ കണ്ടിട്ടുണ്ടന്നും സെറീനയുടെ മൊഴിയിലുണ്ട്.
തിരുവനന്തപുരം വിമാനത്താവളം വഴി വിദേശ കറന്‍സിയും കടത്തിയതായി ബിജുവിന്റെ ഭാര്യ വിനീത രത്‌നകുമാരിയുടെ മൊഴിയിലും വ്യക്തമാക്കുന്നു. 20 കിലോഗ്രാം സ്വര്‍ണം വിനീത കടത്തിയിട്ടുണ്ട്.
സ്വര്‍ണം കടത്തിയ കേസ് അഡ്വ. ബിജുവിനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ പ്രൊഡക്ഷന്‍ വാറന്‍ഡ് പുറപ്പെടുവിച്ചു. കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിനു വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഡി.ആര്‍.ഐ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ഇയാളെ തിങ്കളാഴ്ച ഹാജരാക്കാന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരേയുള്ള പ്രത്യേക കോടതി മജിസ്‌ട്രേറ്റ് പ്രിയ ചന്ദ് ഉത്തരവിട്ടത്. ഹൈക്കോടതി ഉത്തരവു പ്രകാരമാണ് ബിജു അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ കീഴടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."